സുപ്രീംകോടതി വിധിക്ക് പിന്നാലെ 2020 ഓഗസ്റ്റ് 5-നാണ് അയോദ്ധ്യയിൽ രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങിയത്. 70 ഏക്കറിലായി നിര്‍മ്മിക്കുന്ന ക്ഷേത്രത്തിനു വേണ്ടി ഇക്കഴിഞ്ഞ മാര്‍ച്ച് 18 -ന് നടന്ന ഭൂമി ഇടപാടിൽ 16 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം.
അയോധ്യ: രാമക്ഷേത്ര നിര്‍മ്മാണത്തിനായി അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റ് നടത്തിയ ഭൂമി ഇടപാടിൽ കോടികളുടെ അഴിമതിയെന്ന് ആരോപണം. ഭൂമി കച്ചവടക്കാര്‍ 2 കോടി രൂപക്ക് രജിസ്റ്റര്‍ ചെയ്ത ഭൂമി അതേദിവസം പത്ത് മിനിറ്റിനുള്ളിൽ പതിനെട്ടര കോടി രൂപക്ക് ക്ഷേത്രം ട്രസ്റ്റ് വാങ്ങിയതിന്‍റെ രേഖകൾ പ്രതിപക്ഷം പുറത്തുവിട്ടു. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം എന്ന് ബിജെപിയും ക്ഷേത്രം ട്രസ്റ്റും പ്രതികരിച്ചു.
സുപ്രീംകോടതി വിധിക്ക് പിന്നാലെ 2020 ഓഗസ്റ്റ് 5-നാണ് അയോദ്ധ്യയിൽ രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങിയത്. 70 ഏക്കറിലായി നിര്‍മ്മിക്കുന്ന ക്ഷേത്രത്തിനു വേണ്ടി ഇക്കഴിഞ്ഞ മാര്‍ച്ച് 18 -ന് നടന്ന ഭൂമി ഇടപാടിൽ 16 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം.
രണ്ട് കോടി രൂപക്ക് രണ്ട് സ്വകാര്യ വ്യക്തികൾ രജിസ്റ്റര്‍ ചെയ്ത 12,080 സ്വകയര്‍ മീറ്റര്‍ ഭൂമി അഞ്ച് മിനിറ്റിനുള്ളിൽ പതിനെട്ടര കോടി രൂപക്ക് അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റ് വാങ്ങിയെന്നാണ് രേഖകൾ. മാര്‍ച്ച് 18-ന് വൈകിട്ട് 7.10-ന് ആദ്യത്തെ ഇടപാടും 7.15-നകം രണ്ടാമത്തെ ഇടപാടും നടന്നു. ആദ്യ ഇടപാടിനായി മുദ്രപത്രം വാങ്ങിയത് വൈകീട്ട് 5.11-ന്. രണ്ടാമത്തെ ഇടപാടിനുള്ള മുദ്രപത്രം വാങ്ങിയത് 5.22-നും. ആദ്യത്തെ ഇടപാടിലെ സാക്ഷികളിൽ ഒരാൾ ക്ഷേത്ര ട്രസ്റ്റിലെ അംഗവും മറ്റെരാൾ അയോദ്ധ്യയിലെ മേയറുമാണ്.
ഭൂമി കച്ചവടക്കാരെ ഇടനിലക്കാരാക്കി വലിയ കൊള്ളയാണ് നടന്നതെന്ന് ഇതിന്‍റെ രേഖകൾ പുറത്തുവിട്ടുകൊണ്ട് സമാജ് വാദി പാർട്ടി നേതാവ് പവൻ പാണ്ഡെയും, ആം ആദ്മി പാര്‍ടി നേതാവ് സഞ്ജയ് സിംഗും ആരോപിച്ചു. അഴിമതി നടത്തി, കോടിക്കണക്കിന് വിശ്വാസികളെയാണ് പറ്റിച്ചതെന്ന ആരോപണം പ്രിയങ്ക ഗാന്ധിയും ഉയര്‍ത്തി. പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്രക്കാണ് രാമക്ഷേത്ര നിര്‍മ്മാണത്തിന്‍റെ മേൽനോട്ട ചുമതല. ആരോപണങ്ങൾ ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി ചമ്പത്ത് റായ് നിഷേധിച്ചു. ക്ഷേത്ര നിര്‍മ്മാണത്തിൽ യാതൊരു ക്രമക്കേടും ഇല്ലെന്നും ക്ഷേത്ര നിര്‍മ്മാണത്തിനായി മാര്‍ച്ച് 31 വരെ വിശ്വാസികളിൽ നിന്നുൾപ്പടെ പിരിച്ചുകിട്ടിയ 3200 കോടി രൂപ ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും ചമ്പത്ത് റായി വിശദീകരിച്ചു.