പട്ടികയിൽ 74-ാം സ്ഥാനം നേടിയ ഡൽഹി ഏറ്റവും ഉയർന്ന റാങ്കുള്ള ഇന്ത്യൻ നഗരങ്ങളിൽ ഒന്നായി മാറി. 6 പ്രധാന വിഭാ​ഗങ്ങളിലെ 55 മാനദണ്ഡങ്ങൾ പ്രകാരമാണ് ന​ഗരങ്ങളുടെ പട്ടിക പുറത്തിറക്കിയിരിക്കുന്നത്. 

ദില്ലി : ലോകത്തിലെ ഏറ്റവും ആകർഷകമായ നഗരങ്ങളുടെ പട്ടിക പുറത്തുവിട്ട് ഡാറ്റാ അനലിറ്റിക്‌സ് കമ്പനിയായ യൂറോമോണിറ്റർ ഇൻ്റർനാഷണൽ. പുറത്തു വന്ന ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം തുടർച്ചയായ നാലാം വർഷവും ലോകത്തിലെ ഏറ്റവും ആകർഷകമായ നഗരമായി പാരിസ് തിരഞ്ഞെടുക്കപ്പെട്ടു. സാമ്പത്തിക- വാണിജ്യ പ്രകടന ഇൻഡെക്സ് (economic and business performance), ടൂറിസം പെർഫോമൻസ്, ടൂറിസം ഇൻഫ്രാസ്ട്രക്ചർ, നയങ്ങൾ, ന​ഗരങ്ങളുടെ ആകർഷണീയത തുടങ്ങിയ 6 വിഭാ​ഗങ്ങളിൽ 55 മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

പട്ടികയിൽ 74-ാം സ്ഥാനം നേടിയ ഡൽഹി ഏറ്റവും ഉയർന്ന റാങ്കുള്ള ഇന്ത്യൻ നഗരങ്ങളിൽ ഒന്നായി മാറി. റിപ്പോർട്ടിൽ മാഡ്രിഡ് രണ്ടാം സ്ഥാനത്തും ടോക്കിയോ മൂന്നാം സ്ഥാനത്തും റോം നാലാം സ്ഥാനത്തും മിലൻ ആദ്യ അഞ്ചിലും ഇടംപിടിച്ചു. ന്യൂയോർക്ക്, ആംസ്റ്റർഡാം, സിഡ്‌നി, സിംഗപ്പൂർ, ബാഴ്‌സലോണ എന്നിവയാണ് ആദ്യ പത്തിലുള്ള മറ്റ് ലോക ന​ഗരങ്ങൾ. 

രാജ്യാന്തര ആ​ഗമനങ്ങളുടെ കണക്കിൽ 2024-ൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച നഗരമായി ബാങ്കോക്ക് മാറി. 2024-ൽ 32 ദശലക്ഷം ആളുകളാണ് ബാങ്കോക്കിലേക്ക് എത്തിയത്. തൊട്ടുപിന്നിൽ ഇസ്താംബുൾ (23 ദശലക്ഷം), ലണ്ടൻ (21.7 ദശലക്ഷം), ഹോങ്കോംഗ് (20.5 ദശലക്ഷം), മക്ക (19.3 ദശലക്ഷം) എന്നീ ന​ഗരങ്ങളുമുണ്ട്. 

പട്ടികയിൽ നൂറാം സ്ഥാനത്ത് കെയ്റോയും, 99-ാം സ്ഥാനത്ത് സുഹായും, 98-ാം സ്ഥാനത്തായി ജറുസലേമുമാണ് ഉള്ളത്. കൊവിഡാനന്തര കാലത്തെ ആ​ഗോള ടൂറിസം വളർച്ചയിൽ 19% കുതിച്ചു ചാട്ടമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 

വീണ്ടും മിഴി പൂട്ടി 'അന്റോണിയോ ഗുട്ടെറസ്', കമ്മ്യൂണിസ്റ്റ് രാജ്യം ഇരുട്ടിലാവുന്നത് പതിവ് കാഴ്ച

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം