''അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള പ്രക്രിയ നിങ്ങളുടെ പക്കലുണ്ട്. അദ്നാന്‍ സാമിക്ക് പൗരത്വം നല്‍കാമെങ്കില്‍ അതേ പ്രക്രിയയിലൂടെ എന്തുകൊണ്ട് നിങ്ങള്‍ക്ക് ഹിന്ദു അഭയാര്‍ത്ഥികള്‍ക്കും പൗരത്വം നല്‍കിക്കൂടാ?...''

മുംബൈ: ആയിരക്കണക്കിന് പ്രതിഷേധകര്‍ ഒന്നിച്ചുകൂടിയ മുംബൈയിലെ തെരുവില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ ശബ്ദിക്കാന്‍ ബോളിവുഡ‍് നടി സ്വര ഭാസ്കറും. രാജ്യത്ത് ഇത്തരമൊരു നിയമത്തിന്‍റെ ആവശ്യമെന്താണെന്നാണ് സ്വര ഭാസ്കര്‍ ഉന്നയിച്ച ചോദ്യം. 

''പൗരത്വഭേദഗതിനിയമമോ എന്‍ആര്‍സിയോ ഇന്ത്യക്ക് ആവശ്യമില്ല. അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള നടപടി നിങ്ങളുടെ പക്കലുണ്ട്. അദ്നാന്‍ സാമിക്ക് പൗരത്വം നല്‍കാമെങ്കില്‍ അതേ പ്രക്രിയയിലൂടെ എന്തുകൊണ്ട് നിങ്ങള്‍ക്ക് ഹിന്ദു അഭയാര്‍ത്ഥികള്‍ക്കും പൗരത്വം നല്‍കിക്കൂടാ? എന്തിന് നിങ്ങള്‍ ഭരണഘടനയില്‍ മാറ്റം വരുത്തുന്നു ?'' - സ്വര ഭാസ്കര്‍ ചോദിച്ചു. 

വിവിധ സമുദായത്തിലുള്ള മനുഷ്യരില്‍ ഭയം വളര്‍ത്താന്‍ മാത്രമാണ് ഈ നിയമംകൊണ്ട് സാധിച്ചിട്ടുള്ളതെന്ന് പൗരത്വഭേദഗതി നിയമത്തെ അപലപിച്ച് അവര്‍ പറഞ്ഞു. ''മുസ്ലീം സമുദായം മാത്രമല്ല അടിസ്ഥാനജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട സമൂഹവും ഈ രാജ്യത്തെ മറ്റ് ജനങ്ങളും കൂടിയാണ് ഈ പ്രശ്നം അഭിമുഖീകരിക്കേണ്ടി വരിക''.

''എതിര്‍ക്കുന്നതും അപമാനിക്കുന്നതും രണ്ടാണ്. ഇതാണ് പ്രത്യയശാസ്‌ത്രപരമായ പ്രതിപക്ഷം, ഗാന്ധിജി ചെയ്തതും ഇതാണ്. നമ്മള്‍ ഉര്‍ത്തുന്ന മുദ്രാവാക്യങ്ങളും പ്രത്യയശാസ്‌ത്രപരമായ പ്രതിപക്ഷത്തിന്‍റേതാണ്. ഇത് ജനാധിപത്യപരമായ പ്രതിപക്ഷത്തിന്‍റെ ഭാഗമാണ്. ഇത്തരമൊരു പ്രതിഷേധത്തില്‍ യാതൊരുവിധ തെറ്റുമില്ല''.

''ഈ പ്രതിഷേധങ്ങള്‍ ജനാധിപത്യത്തിനെതിരല്ല. എന്നാല്‍ ഇത് ജനാധിപത്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. ഈ പ്രതിഷേധങ്ങള്‍ ഹിന്ദു, മുസ്ലീം. മറ്റ് മതസ്ഥര്‍ െന്നിവര്‍ക്കിടയിലെ ഐക്യത്തിനുകൂടി വേണ്ടിയാണ്. ഏതെങ്കിലുമൊരു നിറം ഈ പ്രതിഷേധത്തിന് നല്‍കാന്‍ ശ്രമിക്കരുത്''. സ്വര ഭാസ്കര്‍ റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞു.