ഒഡീഷ: ലോകം മുഴുവൻ ഭീതി പടർത്തി കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ക്വാറന്റൈൻ സെന്റർ വിവാഹ വേദിയാക്കി മാറ്റി യുവതിയും യുവാവും. ഈ വർഷം ജനുവരിയിൽ ഇരുവരും അവരുടെ വീടുകളിൽ നിന്ന് പ്രണയിച്ച് ഒളിച്ചോടിയവരാണ്. ഒഡീഷയിലെ പുരി ജില്ലയിലെ സാ​ഗഡ ​ഗ്രാമത്തിൽ നിന്നുള്ള പത്തൊൻപത് വയസ്സുള്ള സൗരഭ്  ദാസ് ആണ് തന്റെ കാമുകിയായ പിങ്കി റാണിയെ ക്വാറന്റൈൻ കേന്ദ്രത്തിൽ വച്ച് വിവാഹം കഴിച്ചത്. ഇരുവരും 14 ദിവസത്തെ ക്വാറന്റൈൻ കാലം പൂർത്തിയാക്കിയിരുന്നു.

അഹമ്മദാബാദിലേക്കാണ് പിങ്കിയും സൗരഭും ഒളിച്ചോടിയത്. അവിടെ ഇവർ ദമ്പതികളായി താമസിക്കുകയായിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് സൗരഭ് ജോലി ചെയ്തിരുന്ന ഫാക്ടറി അടച്ചു പൂട്ടിയപ്പോൾ തിരികെ വരാൻ നിർബന്ധിതരായി. വളരെയധികം ബുദ്ധിമുട്ടിയാണ് ഇവർ നാട്ടിൽ തിരിച്ചെത്തിയത്. സാ​ഗ‍ഡ ​ഗ്രാമത്തിൽ വന്ന ഉടൻ തന്നെ ക്വാറന്റൈനിൽ പ്രവേശിക്കുകയും ചെയ്തു. ''മെയ് 10ന് ക്വാറന്റൈൻ കേന്ദ്രത്തിലെത്തിയ ഇവരെ വിശദ പരിശോധനകൾക്ക് വിധേയരാക്കിയിരുന്നു. ഒരു പ്ലാസ്റ്റിക് ഫാക്ടറിയിലാണ് സൗരഭ് ജോലി ചെയ്തിരുന്നത്. ഇരുവരും കൊവിഡ് 19 ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. എന്നാൽ പരിശോധനാ ഫലം നെ​ഗറ്റീവാണ്. പെൺകുട്ടി ​ഗർഭിണിയാണ്. അതുകൊണ്ടാണ് വിവാ​ഹം നടത്തിയത്. 14 ദിവസത്തെ ക്വാറന്റൈൻ‌ പൂർത്തിയാക്കിയതിന് ശേഷമാണ് ഇവരുടെ വിവാഹം.'' ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ മനോജ് ബെഹ്റ പഞ്ഞു.

ബന്ധുക്കളോ മാതാപിതാക്കളോ ഇവരുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഉണ്ടായിരുന്നില്ല. ക്വാറന്റൈൻ കേന്ദ്രത്തിന്റെ ചുമതലയുള്ള രണ്ട് അധ്യാപകരാണ് വധൂവരൻമാരുടെ മാതാപിതാക്കളുടെ സ്ഥാനത്ത് നിന്നത്. പ്രാദേശിക ​ഗ്രാമമുഖ്യൻ, വാർഡ് മെമ്പർ, ആശാ വർക്കർ, അം​ഗനവാടി വർക്കർ എന്നിവരാണ് വിവാഹത്തിനുണ്ടായിരുന്നത്. ഒഡീഷയിൽ 76 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രോ​ഗികളുടെ എണ്ണം 1593 ആയി.