മുംബൈ: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതോടെ ആളുകളെല്ലാം മുഴുവൻ സമയവും വീടുകളിൽ തന്നെ കഴിയുകയാണ്. ഈ സമയങ്ങളിൽ പലതരത്തിലുള്ള വിനോദങ്ങളിലും മറ്റ് പ്രവൃത്തികളിലും ഏർപ്പെടുകയാണ് ജനങ്ങൾ. അത്തരത്തിലുള്ള നിരവധി വാർത്തകൾ പുറത്തുവന്നിട്ടുമുണ്ട്. എന്നാൽ, ഇവയിൽ നിന്നെല്ലാം വ്യത്യസ്ഥമായി തങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ ദമ്പതികൾ.

മഹാരാഷ്ട്രയിലെ കാര്‍ക്കെഡ ഗ്രാമത്തില്‍ നിന്നാണ് കഠിനാധ്വാനത്തിന്റെയും ഒത്തുചേരലിന്റെയും കഥ പുറത്തുവരുന്നത്. ഗജാനന്‍ പക്‌മോഡും ഭാര്യ പുഷ്പയും ചേർന്ന് ഇരുപത്തൊന്ന് ദിവസം കൊണ്ട് കുഴിച്ചെടുത്ത് 25 അടി ആഴത്തിലുള്ള കിണറാണ്. 

കൊവിഡിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതോടെ പുറത്തോട്ട് ഇറങ്ങാൻ സാധിക്കാതായി. കിണർ നിർമ്മാണം നീണ്ടുപോകുമല്ലോ എന്ന ചിന്തയാണ് രണ്ടും കല്‍പ്പിച്ച് ഇറങ്ങാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് ഗജാനന്‍ പറയുന്നു. ഭാര്യയോട് ഇക്കാര്യം പറഞ്ഞപ്പോൾ പൂർണ പിന്തുണ ആയിരുന്നുവെന്നും 21 ദിവസം കൊണ്ട് കിണര്‍ കുഴിക്കല്‍ പൂര്‍ത്തിയാക്കാൻ കഴിഞ്ഞുവെന്നും ഗജാനന്‍ കൂട്ടിച്ചേർത്തു.

ഭാര്യയുടെ പൂജയോടെയാണ് കിണർ കുഴിക്കൽ തുടങ്ങിയതെന്നും അദ്ദേഹം പറയുന്നു. ആദ്യമൊക്കെ അയല്‍വാസികള്‍ തങ്ങളെ പരിഹസിച്ചതായും ഗജാനന്‍ വാർത്താ ഏജൻസിയായ എഎൻഐയോട് പറയുന്നു. വീടിനോട് ചേര്‍ന്നാണ് കിണര്‍ കുഴിച്ചത്. ഇരുത്തൊന്ന് ദിവസത്തെ കഠിനാധ്വാനത്തിനൊടുവിൽ കിണറിൽ വെള്ളം കണ്ടുവെന്നും ഗജാനന്‍ പറയുന്നു. എന്തായാലും കൂട്ടായുള്ള ദമ്പതികളുടെ പരിശ്രമത്തിന്റെ കഥ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റിക്കഴിഞ്ഞു.