Asianet News MalayalamAsianet News Malayalam

11 വർഷമായി മകൻ കിടപ്പിലാണ്, ട്യൂബ് എടുത്തുമാറ്റിയാൽ കഷ്ടപ്പാടിൽ നിന്ന് 'മോചനം' കിട്ടും; ഹർജിയുമായി ദമ്പതികൾ

റൈൽസ് ട്യൂബ് നീക്കം ചെയ്യുന്നത് ദയാവധത്തിൻ്റെ ഭാഗമല്ലെന്നും ട്യൂബ് നീക്കം ചെയ്താൽ രോഗി പട്ടിണി കിടന്ന് മരിക്കുമെന്നും മറ്റേതെങ്കിലും സ്ഥാപനത്തിന് വ്യക്തിയെ പരിപാലിക്കാൻ കഴിയുമോ എന്ന് കണ്ടെത്താനും സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.

couple seek euthanasia for son in supreme court
Author
First Published Aug 21, 2024, 6:35 PM IST | Last Updated Aug 21, 2024, 6:36 PM IST

ദില്ലി: വർഷങ്ങളായി ചികിത്സയിൽ കഴിയുന്ന മകന്റെ ചികിത്സാ ചെലവ് താങ്ങാനാകില്ലെന്നും ജീവൻ നിലനിർത്തുന്ന റൈൽസ് ട്യൂബ് എടുത്തുമാറ്റാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് 30കാരന്റെ മാതാപിതാക്കൾ സുപ്രീം കോടതിയെ സമീപിച്ചു. തങ്ങളുടെ ഏകമകൻ 11 വർഷമായി കിടപ്പിലാണ്. സുഖം പ്രാപിക്കാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടർ അറിയിച്ചു. താങ്ങാനാകാത്ത ചികിത്സാ ചെലവ് കണക്കിലെടുത്തും മകൻ അനുഭവിക്കുന്ന ദുരിതവും കണക്കിലെടുത്തും ട്യൂബ് മാറ്റണമെന്നാണ് ആവശ്യം. മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും മാതാപിതാക്കൾ അഭ്യർഥിച്ചു. റൈൽസ് ട്യൂബിലൂടെയാണ് മകന് ഭക്ഷണവും മരുന്നും നൽകുന്നത്. ഇത് എടുത്തുമാറ്റുന്നതിലൂടെ കഷ്ടപ്പാടുകളിൽ നിന്നും ഏകാന്തതയിൽ നിന്നും മോചനം നേടാമെന്നും ഹർജിയിൽ പറയുന്നു.

റൈൽസ് ട്യൂബ് നീക്കം ചെയ്യുന്നത് ദയാവധത്തിൻ്റെ ഭാഗമല്ലെന്നും ട്യൂബ് നീക്കം ചെയ്താൽ രോഗി പട്ടിണി കിടന്ന് മരിക്കുമെന്നും മറ്റേതെങ്കിലും സ്ഥാപനത്തിന് വ്യക്തിയെ പരിപാലിക്കാൻ കഴിയുമോ എന്ന് കണ്ടെത്താനും സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. അശോക് റാണ-നിർമലാ ദേവി ദമ്പതികളുടെ മകനായ യുവാവ് ബിരുദത്തിന് മൊഹാലിയിൽ പഠിക്കുമ്പോഴാണ് നാലാം നിലയിൽ നിന്ന് വീണത്. തലക്ക് ​ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ക്വാഡ്രിപ്ലെജിയ അവസ്ഥയിലായി കിടപ്പിലായി. പിതാവിൻ്റെ തുച്ഛമായ പെൻഷൻ കൊണ്ട് കുടുംബ ചെലവുകളും ചികിത്സാ ചെലവുകളും നിവർത്തുക സാധ്യമല്ലെന്ന് മകൻ്റെ വർധിച്ചുവരുന്ന മെഡിക്കൽ ചെലവുകൾക്കായി 2021-ൽ വീട് വിൽക്കാൻ തങ്ങൾ നിർബന്ധിതരായെന്നും അഭിഭാഷകൻ അറിയിച്ചു.  ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരി​ഗണിച്ചത്.

റൈൽസ് ട്യൂബ് നീക്കം ചെയ്യുന്നത് നിഷ്ക്രിയ ദയാവധത്തിൻ്റെ ഭാഗമല്ല. റൈൽസ് ട്യൂബ് നീക്കം ചെയ്താൽ രോഗി പട്ടിണി കിടന്ന് മരിക്കുമെന്നും ദയാവധം വളരെ വ്യത്യസ്തമാണെന്നും റൈൽസ് ട്യൂബ് ജീവൻ രക്ഷാ സംവിധാനമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. എന്നാൽ, ഒരു ദശാബ്ദത്തിലേറെയായി മാതാപിതാക്കൾ കഷ്ടപ്പെടുകയും അവരുടെ സമ്പാദ്യം മുഴുവൻ ചിലവഴിക്കുകയും ചെയ്തിട്ടും മകൻ ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന ഹർജിക്കാരുടെ വാദവും കോടതി അം​ഗീകരിച്ചു. തുടർന്നാണ് ശാശ്വതമായ എന്തെങ്കിലും പരിഹാരം കണ്ടെത്താൻ കഴിയുമോ എന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാരുമായി ആലോചിക്കാൻ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയോട് ബെഞ്ച് നിർദേശിച്ചത്.

ഏതെങ്കിലും സ്ഥാപനത്തിന് ഈ വ്യക്തിയെ പരിപാലിക്കാൻ കഴിയുമോയെന്ന് അന്വേഷിക്കുക. ലൈഫ് സപ്പോർട്ട് സിസ്റ്റത്തിൽ ഇല്ലാത്തതിനാൽ ഞങ്ങൾക്ക് നിഷ്ക്രിയ ദയാവധം അനുവദിക്കാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ആരോഗ്യ മന്ത്രാലയവുമായി ആലോചിച്ച് പ്രതികരിക്കുമെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios