ഭോപ്പാൽ: ഓൺലൈനിൽ ഓർഡർ ചെയ്ത ബ്രാൻഡഡ് ഫോണുകൾക്ക് പകരം ഡ്യൂപ്ലിക്കേറ്റ് ഫോണുകള്‍ നൽകി തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഡെലിവറി ബോയ്‌ക്കെതിരെ അന്വേഷണം. ഡ്യൂപ്ലിക്കേറ്റ് ഫോൺ ലഭിച്ച ഒരു ഉപഭോക്താവ് ഓണ്‍ലൈന്‍ ഷോപ്പിങ് പോര്‍ട്ടലിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഡ്യൂപ്ലിക്കേറ്റ് ഉത്പന്നങ്ങൾ നൽകി ഇയാൾ ഉപഭോക്താക്കളെ പറ്റിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ പറയുന്നു.

മധ്യപ്രദേശിലാണ് സംഭവം. കമ്പനി ജീവനക്കാർ നടത്തിയ അന്വേഷണത്തിൽ ഡെലിവറി ബോയ് ആണ് ഇതിന് പിന്നിലെന്ന് കൊറിയര്‍ കമ്പനി കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് പൊലീസിനെ വിവരം അറിയിച്ചത്. പ്രതിക്കെതിരെ വഞ്ചന കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

ഇത്തരത്തിൽ കഴിഞ്ഞ അഞ്ചുമാസമായി സമാനമായ നിരവധി പരാതികള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് കൊറിയര്‍ കമ്പനിയുടെ മാനേജര്‍ പറയുന്നു. നിലവാരം കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്തുവെന്ന് കാണിച്ചായിരുന്നു പരാതികള്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.