Asianet News MalayalamAsianet News Malayalam

മലിനീകരണം ആരോഗ്യം നശിപ്പിക്കുന്നു, നഷ്ടപരിഹാരം തേടി വിദ്യാർത്ഥി; ഹർജി തള്ളി, 'സീരിയസ്' സ്ഥലമെന്ന് കോടതി

15 ലക്ഷം രൂപ നഷ്ടപരിഹാരവും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. 

court a serious place says judge to student who file writ for pollution compensation
Author
First Published Sep 6, 2022, 7:59 AM IST

ദില്ലി : രാജ്യതലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണത്തിന്റെ പേരിൽ കേന്ദ്ര-ദില്ലി സർക്കാരുകളിൽ നിന്ന് 15 ലക്ഷം രൂപ നഷ്ടപരിഹാരവും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും ആവശ്യപ്പെട്ട് എൽഎൽഎം വിദ്യാർഥി സമർപ്പിച്ച ഹർജി ദില്ലി ഹൈക്കോടതി തള്ളി. വായുമലിനീകരണം ശ്വാസകോശത്തെ ബാധിക്കുമെന്നും ശ്വാസകോശാർബുദം പോലുള്ള ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുമെന്നും ഹർജിക്കാരൻ വാദിച്ചു.

ഹർജിക്കാരനായ ശിവം പാണ്ഡെയുടെ ആ​രോ​ഗ്യത്തെ ബാധിച്ചതിന്റെ മെഡിക്കൽ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് യശ്വന്ത് വെർമ്മ ഹർജി തള്ളിയത്. "കോടതി ഒരു ഗൗരവമേറിയ സ്ഥലമാണ്, ഈ കോടതിയിൽ ഹർജി ഫയൽ ചെയ്യാനുള്ള അവകാശം നിങ്ങൾക്ക് ഉണ്ട്. എന്നാൽ നിങ്ങളുടെ ബയോഡാറ്റ ഉണ്ടാക്കാനുള്ള ഉപകരണമല്ല കോടതി. അടുത്ത തവണ നിങ്ങൾ ഗുരുതരമായ പ്രശ്‌നങ്ങൾ ഉന്നയിക്കണം, അങ്ങനെ ചെയ്യാൻ നിങ്ങൾക്ക് സ്വാഗതം." - ഹർജി തള്ളി കോടതി പറഞ്ഞു. 

റിട്ട് ഹർജി തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അതിനാൽ തള്ളുകയാണെന്നും കോടതി പറഞ്ഞു. മലിനീകരണം ഒരു വ്യക്തിയുടെ ജീവിതത്തെ അഞ്ച് മുതൽ ഒമ്പത് വർഷം വരെ വെട്ടിക്കുറയ്ക്കുന്ന 'സ്ലോ പോയിസൺ'ആണെന്ന് ഹർജിക്കാരൻ പറഞ്ഞു. "മലിനീകരണത്തെക്കുറിച്ചും അതിന്റെ പാർശ്വഫലങ്ങളെക്കുറിച്ചും ഒരു പൊതു ചർച്ച എനിക്ക് ആവശ്യമില്ല. നിങ്ങളുടെ വ്യക്തിപരമായ പരിക്കിനെ പിന്തുണയ്ക്കുന്ന മെറ്റീരിയൽ ഞങ്ങളെ കാണിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. മെഡിക്കൽ റിപ്പോർട്ട്, എന്തെങ്കിലും മെഡിക്കൽ തെളിവുകൾ, മലിനീകരണം കാരണം നിങ്ങൾക്ക് എന്തെങ്കിലും പരിക്കേറ്റതിന് ശേഷം നിങ്ങളെ ചികിത്സിച്ച ഒരു ഡോക്ടറുടെ പരിശോധന?"- ഹർജിക്കാരന്റെ വാദങ്ങൾ കേട്ട ശേഷം കോടതി ചോദിച്ചു.

തനിക്ക് ശ്വാസതടസ്സമുണ്ടെന്നും എന്നാൽ മലിനീകരണം മൂലമുണ്ടാകുന്ന വ്യക്തിപരമായ ആരോഗ്യപ്രശ്നങ്ങൾ 70-75 വയസിൽ വാർദ്ധക്യത്തിൽ മാത്രമേ ദൃശ്യമാകൂവെന്നും ഹർജിക്കാരൻ പറഞ്ഞു. മനുഷ്യന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നതിനാൽ വിവിധ രോഗങ്ങളുടെ മൂലകാരണം മലിനീകരണമാണെന്നും അദ്ദേഹം വാദിച്ചു. വായു മലിനീകരണം മൂലം തനിക്കുണ്ടായ നാശനഷ്ടങ്ങൾക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു. അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് മെഡിക്കൽ ഇൻഷുറൻസും അദ്ദേഹം തേടി.

വായു മലിനീകരണം മനുഷ്യന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും തലവേദന, കണ്ണ്, ചർമ്മം എന്നിവയെ ബാധിക്കുകയും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും അതുമായി ബന്ധപ്പെട്ട അസുഖങ്ങളും ഉണ്ടാക്കുകയും ചെയ്യുന്നുവെന്ന് ഹർജിയിൽ പറഞ്ഞിരുന്നു. "മലിനീകരണ രഹിത പരിസരത്തിനുള്ള അവകാശം" മൗലികാവകാശമായി കണക്കാക്കി ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ന്റെ വ്യാപ്തി സുപ്രീം കോടതി ഇതിനകം വിപുലീകരിച്ചിട്ടുണ്ടെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.

Follow Us:
Download App:
  • android
  • ios