Asianet News MalayalamAsianet News Malayalam

ഭർത്താവിന് നിറം പോര, വിവാഹമോചനം ചോദിച്ചിട്ട് നൽകിയില്ല, ഒടുവിൽ പെട്രോൾ ഒഴിച്ച് കത്തിച്ചു; ശിക്ഷ വിധിച്ച് കോടതി

വിവാഹം കഴിഞ്ഞ നാളുകള്‍ മുതല്‍ കറുത്ത നിറത്തെച്ചൊല്ലി ഭര്‍ത്താവിനെ കുറ്റപ്പെടുത്തിയിരുന്ന യുവതിയാണ് ഒടുവില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്.

court gives life time imprisonment for setting husband ablaze for his ugly complexion afe
Author
First Published Nov 8, 2023, 1:26 PM IST

ലക്നൗ: ഭര്‍ത്താവിന് സൗന്ദര്യമില്ലെന്ന് ആരോപിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ 26 വയസുകാരി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. തുടര്‍ന്ന് ഇവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. ഭര്‍ത്താവിന്റെ കറുത്ത നിറത്തെച്ചൊല്ലി ദമ്പതികള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടാവുകയും യുവതി വിവാഹ മോചനം ആവശ്യപ്പെടുകയും ചെയ്തുവെങ്കിലും വഴങ്ങാതെ വന്നതോടെയാണ് ക്രൂരമായ കൊലപാതകം നടത്തിയത്.

ഇപ്പോള്‍ 26 വയസ് പ്രായമുള്ള പ്രേംശ്രീ എന്ന യുവതിയെയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2017ല്‍ പ്രേംശ്രീയും, കുര്‍ ഫത്തേഹ്ഗറിലെ ബിചേതാ ഗ്രാമവാസിയായ സത്യവീര്‍ സിങും തമ്മിലുള്ള വിവാഹം നടന്നു. അന്നു മുതല്‍ തന്നെ ഭര്‍ത്താവിന്റെ 'കറുത്ത നിറത്തെച്ചൊല്ലി' യുവതി പ്രശ്നങ്ങളുണ്ടാക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പലതവണ വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കാതിരുന്ന സത്യവീര്‍ വിവാഹ ബന്ധത്തില്‍ തന്നെ മുന്നോട്ടുപോയി, 2018 നവംബറില്‍ ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിക്കുകയും ചെയ്തു.

കുഞ്ഞ് ഉണ്ടായതിന് ശേഷവും ഭര്‍ത്താവിന്റെ സൗന്ദര്യമില്ലായ്മ പറഞ്ഞ് യുവതി നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. വിവാഹ മോചനത്തിന് സമ്മതിക്കാതിരുന്നതോടെ 2019 ഏപ്രില്‍ അഞ്ചിന് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സത്യവീര്‍ സിങിന്റെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് യുവതി തീ കൊളുത്തി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായ പരിക്കുകളോടെ ഏതാനും മണിക്കൂറുകള്‍ മരണത്തോട് മല്ലടിച്ച ശേഷം സത്യവീര്‍ തൊട്ടടുത്ത ദിവസം മരണത്തിന് കീഴടങ്ങി.

Read also:  ദില്ലിയിലെ വായു​ ​'ഗുരുതരാവസ്ഥ'യിൽ; ഗുണനിലവാരം അപകടകരമായ തോതിൽ തുടരുന്നു

സത്യവീര്‍ സിങിന്റെ സഹോദരന്‍ ഹര്‍വീറാണ് സംഭവത്തില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രേംശ്രീ അറസ്റ്റിലായി. സത്യവീറിന്റെ മരണ മൊഴില്‍ ഭാര്യയാണ് തന്നെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായി പറയുന്നുണ്ടെന്ന് 32 പേജുള്ള വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി. സംഭവം നടക്കുന്നതിന്റെ തൊട്ട് തലേ ദിവസമാണ് ഭാര്യയെ അവളുടെ മാതാപിതാക്കളുടെ അടുത്ത് നിനന് താന്‍ വിളിച്ചുകൊണ്ട് വന്നത്. ഭാര്യയ്ക്ക് തന്നെ ഇഷ്ടമല്ലെന്നും ഉപേക്ഷിക്കാനാണ് തീരുമാനമെന്നും അവളുടെ വീട്ടുകാര്‍ പറഞ്ഞുവെന്നും മരണ മൊഴിയിലുണ്ട്. പിറ്റേ ദിവസം രാവിലെ വീട്ടില്‍ കിടന്ന് ഉറങ്ങുന്നതിനിടെ ഭാര്യ തന്നെ തീ കൊളുത്തി കൊല്ലുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിവാഹ ശേഷം താന്‍ അനുഭവിച്ച ദുരിതങ്ങളും അദ്ദേഹം മരണമൊഴിയില്‍ വിവരിച്ചു. കറുത്ത നിറമായിരുന്നതിനാല്‍ ഭാര്യ ഒരിക്കലും തന്നെ ഇഷ്ടപ്പെട്ടിരുന്നില്ല. സ്ഥിരം വഴക്കുണ്ടാക്കുമായിരുന്നു. വിവാഹമോചനം നല്‍കണമെന്നായിരുന്നു ആവശ്യം. അത് ചെയ്തില്ലെങ്കില്‍ തീ കൊളുത്തി കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇന്ന് അവള്‍ അത് ചെയ്യുകയും ചെയ്തു. മരണ മൊഴി നല്‍കി അധികം കഴിയുന്നതിന് മുമ്പ് സത്യവീര്‍ മരണപ്പെട്ടു.

2021ല്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 10 സാക്ഷികളെ പ്രതിക്കെതിരെ വിസ്തരിച്ചു. അതേസമയം ഭര്‍ത്താവിനെ രക്ഷിക്കാനാണ് താന്‍ ശ്രമിച്ചതെന്നും തനിക്ക് അതിനിടെ പൊള്ളലേറ്റുവെന്നും പ്രേംശ്രീ വാദിച്ചു. എന്നാല്‍ ഈ മൊഴിയിലെ വൈരുദ്ധ്യം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. അയല്‍വാസികള്‍ എത്തിയപ്പോള്‍ അവര്‍ക്കായി വാതില്‍ തുറന്നുകൊടുക്കാത്തത് എന്തുകൊണ്ടായിരുന്നുവെന്ന് ആരാഞ്ഞ കോടതി, യുവതിയുടെ കൈയില്‍ പൊള്ളലേറ്റിരുന്നില്ലെന്നും ആരെയെങ്കിലും രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ കൈയിലാണ് പൊള്ളലേല്‍ക്കാറുള്ളതെന്നും ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം വിധി കേള്‍ക്കാണ് അഞ്ച് വയസുള്ള മകള്‍ക്കൊപ്പമാണ് പ്രേംശ്രീ എത്തിയത്. താന്‍ നിരപരാധിയാണെന്നും വസ്തു തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ തന്നെ കുടുക്കിയതാണെന്നും അവര്‍ വിധിക്ക് മുമ്പ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്തും കുട്ടിയെ വളര്‍ത്താനുള്ള ഉത്തരവാദിത്തം കണക്കിലെടുത്തും ശിക്ഷാ ഇളവ് നല്‍കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം സത്യവീര്‍ സിങിന്റെ പിതാവ് മഹേന്ദ്ര സിങ് വിധിയില്‍ സന്തോഷം പ്രകടിപ്പിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios