''ഹർജിക്കാരുടെ ആശങ്ക പരിഹരിക്കപ്പെടേണ്ടതിന്റെ കാര്യത്തിൽ കോടതിക്ക് കണ്ണടയ്ക്കാൻ കഴിയില്ല...''

ഛണ്ഡീ​ഗഡ്: വീട്ടുകാരുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹിതരായ 16ഉം 21ഉം വയസ്സുള്ള മുസ്ലിം ദമ്പതികൾക്ക് സംരക്ഷണം നൽകുമെന്ന് പഞ്ചാബ് - ഹരിയാന ഹൈക്കോടതി. തങ്ങളുടെ ജീവനും സ്വാതന്ത്ര്യവും ഗുരുതരമായ അപകടത്തിലാണ് എന്ന് ചൂണ്ടിക്കാട്ടി ദമ്പതികൾ കോടതിയെ സമീപിക്കുകയായിരുന്നു. ശരിയത്ത് നിയമത്തിൽ ഋതുമതിയാകുന്നതും പ്രായപൂർത്തിയാകുന്നതും ഒന്നാണെന്നും 15 വയസ്സിൽ ഒരാൾ പ്രായപൂർത്തിയായെന്ന് അനുമാനമുണ്ടെന്നും ഹർജിക്കാരായ ദമ്പതികൾ കോടതിയിൽ വാദിച്ചു.

''ഹർജിക്കാരുടെ ആശങ്ക പരിഹരിക്കപ്പെടേണ്ടതിന്റെ കാര്യത്തിൽ കോടതിക്ക് കണ്ണടയ്ക്കാൻ കഴിയില്ല. ഹർജിക്കാർ അവരുടെ കുടുംബാംഗങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ചതിനാൽ, ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങൾ അവർക്ക് നിഷേധിക്കാനാവില്ല'' - എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ജസ്ജിത് സിംഗ് ബേദിയുടെ സിംഗിൾ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 

പ്രായപൂർത്തിയായ ഒരു മുസ്ലിം ആൺകുട്ടിക്കും മുസ്ലിം പെൺകുട്ടിക്കും തനിക്ക് ഇഷ്ടമുള്ള ആരെയെങ്കിലും വിവാഹം കഴിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും രക്ഷിതാവിന് ഇടപെടാൻ അവകാശമില്ലെന്നും ഹർജിക്കാർ കോടതിയിൽ വാദിച്ചിരുന്നു. തങ്ങളുടെ ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ച് ദമ്പതികൾ പത്താൻകോട്ട് സീനിയർ പോലീസ് സൂപ്രണ്ടിന് (എസ്എസ്പി) നിവേദനം നൽകിയിരുന്നു.

'സർ ദിൻഷാ ഫർദുൻജി മുല്ലയുടെ മുഹമ്മദൻ നിയമത്തിന്റെ തത്വങ്ങൾ' എന്ന പുസ്തകത്തിലെ ആർട്ടിക്കിൾ 195 പ്രകാരം, 16 വയസ്സിന് മുകളിലുള്ള ഹർജിക്കാരിക്ക് ഇഷ്ടമുള്ള ഒരാളുമായി വിവാഹ കരാറിൽ ഏർപ്പെടാൻ യോഗ്യതയുണ്ട്. ഹർജിക്കാരന് പ്രായം 21 വയസ്സിന് മുകളിലാണെന്ന് പ്രസ്താവിച്ചിരിക്കുന്നു. അതിനാൽ, രണ്ട് ഹർജിക്കാർക്കും മുസ്ലിം വ്യക്തിനിയമം വിഭാവനം ചെയ്യുന്ന വിവാഹപ്രായിരിക്കുന്നു - ജഡ്ജി പറഞ്ഞു.

വിവാഹത്തിന്റെ സാധുതയുമായി ബന്ധപ്പെട്ടതല്ല പ്രശ്‌നമെന്നും, ബന്ധുക്കളുടെ കൈകളാൽ തങ്ങളുടെ ജീവനും സ്വാതന്ത്ര്യത്തിനും ഭീഷണിയുണ്ടെന്ന ഹർജിക്കാർ ഉന്നയിക്കുന്ന ആശങ്ക പരിഹരിക്കാനും ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 വിഭാവനം ചെയ്യുന്ന സംരക്ഷണം നൽകാനും കോടതി ഉത്തരവായി. നിയമപ്രകാരം ആവശ്യമായ നടപടി സ്വീകരിക്കാൻ പത്താൻകോട്ട് സീനിയർ പൊലീസ് സൂപ്രണ്ടിന് കോടതി നിർദ്ദേശം നൽകി.