നാലുവര്‍ഷം മുമ്പ് വിചാരണ തുടങ്ങിയ കേസില്‍ കഴിഞ്ഞ ആറുമാസമായി ലോണി സ്വദേശിയായ രാജു വിചാരണയ്ക്ക് ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്ന് രാജുവിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

​ഗാസിയാബാദ്: ​അറസ്റ്റ് വാറണ്ട് നിർത്തലാക്കുന്നതിന് വ്യത്യസ്ഥമായൊരു നിബന്ധന മുന്നോട്ട് വെച്ച് ഗാസിയാബാദ് കോടതി.​ അഞ്ച് വൃക്ഷത്തൈകള്‍ നട്ടാൽ കേസിലെ അറസ്റ്റ് റദ്ദാക്കാമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ബലാത്സം​ഗക്കേസ് പ്രതിയായ രാജു എന്ന കല്ലുവിനോടാണ് കോടതി വ്യത്യസ്തമായ നിബന്ധന മുന്നോട്ട് വെച്ചത്.

നാലുവര്‍ഷം മുമ്പ് വിചാരണ തുടങ്ങിയ കേസില്‍ കഴിഞ്ഞ ആറുമാസമായി ലോണി സ്വദേശിയായ രാജു വിചാരണയ്ക്ക് ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്ന് രാജുവിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രാജു കോടതിയെ സമീപിച്ചു. ഇതോടെയാണ് അറസ്റ്റ് വാറണ്ട് റദ്ദാക്കണമെങ്കിൽ വൃക്ഷത്തൈകൾ നടാൻ ഇയാളോട് കോടതി നിർദ്ദേശിച്ചത്. 

അതേസമയം രാജു തൈകൾ നട്ടുവെന്ന് ഉറപ്പുവരുത്താൻ സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി, നിർദ്ദേശവും നൽകിയിട്ടുണ്ട്. തൈകൾ നട്ട ശേഷം കോടതിയില്‍ ഹാജരാകാതിരുന്നതിന്റെ കാരണം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കണമെന്നും കോടതി ഇയാളോട് പറഞ്ഞു. തട്ടികൊണ്ടുപോകൽ, ബലാത്സംഗം തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് രാജു.