മുംബൈ: റിപ്പബ്ലിക് ടി വി എഡിറ്റര്‍ ഇന്‍ ചീഫ് അർണബ് ഗോസ്വാമിയുടെ ഹർജി  ബോംബെ ഹൈക്കോടതി നാളത്തേക്ക് മാറ്റി. മഹാരാഷ്ട്ര സർക്കാരിനെയും പരാതി നല്കിയ അദ്ന്യ നായിക്കിനെയും കേട്ട ശേഷം തീരുമാനമെടുക്കുമെന്ന് കോടതി വ്യക്തമാക്കി. 
അതേ സമയം പരാതിക്കാരെക്കൂടി എതിർകക്ഷിയാക്കി ഹർജിയിൽ മാറ്റം വരുത്താൻ ബോംബെ ഹൈക്കോടതി അർണബിന് അനുമതി നൽകിയിട്ടുണ്ട്. ജഡ്ജിയുടെ അനുമതി ഇല്ലാതെയാണ് ആത്മഹത്യപ്രേരണ കേസിൽ പുനരന്വേഷണം തുടങ്ങിയതെന്നും കേസ് നേരത്തെ അവസാനിച്ചപ്പോൾ പരാതിക്കാർ എതിർത്തിരുന്നില്ലെന്നും അർണബിൻറെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി. 

2018 ല്‍ ഇന്‍റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായ്ക്  ആത്മഹത്യ ചെയ്തതിൽ പ്രേരണ കുറ്റം ചുമത്തിയാണ് അർണബിനെ മുംബൈ കോടതി അറസ്റ്റ് ചെയ്തത്. റിപ്പബ്ലിക് ടിവിയുടെ സ്റ്റുഡിയോ നിര്‍മ്മാണത്തിന് 83 ലക്ഷം രൂപ അര്‍ണബ് നല്‍കാനുണ്ടായിരുന്നുവെന്ന് നായിക്കിന്‍റെ ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നു. തെളിവില്ലെന്ന കാരണം പറഞ്ഞ് കേസേന്വേഷണം ആലിബാഗ് പൊലീസ് അവസാനിപ്പിച്ചിരുന്നു. എന്നാല്‍ അന്‍വയ് നായിക്കിന്‍റെ ഭാര്യ അടുത്തിടെ നൽകിയ പുതിയ പരാതിയെ തുടര്‍ന്നാണ് കേസ് വീണ്ടും പൊലീസ് പൊടി തട്ടിയെടുത്തത്.