മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഒരു വര്‍ഷത്തെ ഭരണം രണ്ട് കോടതിവിധികളില്‍ ചുരുക്കാമെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നവിസ്. നടി കങ്കണ റണാവത്തിന്റെയും റിപ്പബ്ലിക് ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമിയുടെയും കേസിലെ കോടതി വിധികള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവുകൂടിയായ ദേവേന്ദ്ര ഫഡ്‌നവിസിന്റെ വിമര്‍ശനം. ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ ഒരു വര്‍ഷത്തെ ഭരണം രണ്ട് കോടതി വിധികളില്‍ ചുരുക്കാം. കോടതിയില്‍ നിന്ന് വേണ്ടതിലധികം കേട്ടു. സുപ്രീം കോടതി കടുത്ത തീരുമാനമാണ് എടുത്തത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുകയാണ്-ഫഡ്‌നവിസ് മുംബൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കങ്കണ റണാവത്തിന്റെ ബംഗ്ലാവ് പൊളിച്ച ബിഎംസി നടപടിയെ ബോംബെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. കെട്ടിടം പൊളിച്ചത് നിയമവിരുദ്ധമാണെന്നും നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു കോടതിയുടെ വിധി. അര്‍ണബ് ഗോസ്വാമിയുടെ കേസിലും സര്‍ക്കാറിന് സുപ്രീം കോടതിയില്‍ നിന്ന് വിമര്‍ശനമേറ്റിരുന്നു. 

അര്‍ണബിനെയോ കങ്കണയെയോ പിന്തുണക്കുന്നവരല്ല ഞങ്ങള്‍. പക്ഷേ, സര്‍ക്കാര്‍ ഇരുവരോടും പെരുമാറിയ രീതിയോട് യോജിക്കാനാവില്ല. ഇങ്ങനെ ഭീഷണിമുഴക്കുന്ന മുഖ്യമന്ത്രിയെ കണ്ടിട്ടില്ല. സ്ഥാനത്തിന് യോജിക്കാത്തതാണ് അദ്ദേഹത്തിന്റെ പ്രസ്താവനകള്‍. നടന്‍ സുശാന്ത് സിംഗിന്റെ മരണത്തില്‍ മകന്‍ ആദിത്യ താക്കറെക്കെതിരെ ആരോപണമുന്നയിച്ച ബിജെപിക്കെതിരെ ഉദ്ധവ് താക്കറെ ശക്തമായി രംഗത്തെത്തിയിരുന്നു.