ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 153 ആയി. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി പ്രതിരോധ സേനകളുടെ നേതൃത്വത്തില്‍ രാജ്യത്ത് കൂടുതല്‍ നിരീക്ഷണ കേന്ദ്രങ്ങള്‍ സജ്ജമാക്കും. അതിനിടെ, സ്വകാര്യ ലാബിന് പരിശോധനാ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുൾപ്പടെ ഇന്ത്യയിലേക്കുള്ള യാത്രാവിലക്ക് ഇന്ന് വൈകിട്ട് നിലവിൽ വന്നു.

അറുപതിനായിരം പേരെ നിരീക്ഷിക്കാനുള്ള സൗകര്യമാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ നിരീക്ഷണ സൗകര്യം കൂടാനുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. സൈന്യത്തിന്‍റെ നിയന്ത്രണത്തില്‍ കൊച്ചിയിലുള്‍പ്പടെ 11 കേന്ദ്രങ്ങളാണ് തുറക്കുന്നത്. സ്വകാര്യ ലാബിനും പരിശോധനാനുമതി നല്‍കി. രാജ്യത്തുടനീളം ശാഖകളുള്ള റേച്ചേ ഡയഗ്നോസിസിനാണ് അനുമതി. മറ്റൊരു സ്വകാര്യ ലാബിന്‍റെ അപേക്ഷയില്‍ ഡ്രഗ് കണ്‍ട്രോളര്‍ ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കും. 

അതിനിടെ, അഫ്ഗാനിസ്ഥാന്‍, മലേഷ്യ,ഫിലിപ്പിയന്‍സ് , യൂറോപ്യന്‍ യൂണിയന്‍, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രയ്ക്കുള്ള നിരോധനം നിലവില്‍ വന്നു. ലഡാക്കിലെ സൈനികന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ അഭ്യാസ പ്രകടനങ്ങള്‍ക്കും യാത്രകള്‍ക്കും കരസേന നിയന്ത്രണം ഏര്‍പ്പെടുത്തി. സൈനികരുടെ അവധികളും പരിമിതപ്പെടുത്തി. പരീക്ഷാ ഹാളിൽ വിദ്യാര്‍ഥികളെ ഒരുമീറ്റര്‍ അകലത്തിലിരുത്തണമെന്നും പനിയോ ജലദോഷമോ ഉണ്ടെങ്കില്‍ മാസ്ക് ധരിപ്പിക്കണമെന്നും സിബിഎസ്ഇ നിര്‍ദ്ദേശം പുറത്തിറക്കി.

സ്കൂളുകൾ അടച്ചതിനു ശേഷം കുട്ടികൾക്ക് ഉച്ചഭക്ഷണം കിട്ടാത്തതിൽ സുപ്രീംകോടതി കോടതി ആശങ്ക അറിയിച്ചു. ഉച്ചഭക്ഷണം വീടുകളിലെത്തിക്കുന്ന കേരളത്തെ അഭിനന്ദിച്ച കോടതി ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും  റിപ്പോര്‍ട്ടും തേടി.  ഷഹീന്‍ ബാഗ് സമരത്തില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനാല്‍ സമരപ്പന്തല്‍ ഒഴിപ്പിക്കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനോടും ജില്ലാ ഭരണകൂടത്തോടും ആവശ്യപ്പെട്ടു. ഉത്തരാഖണ്ഡില്‍ അവശ്യ സര്‍വ്വീസുകള്‍ ഒഴികെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈമാസം 25 വരെ വീടുകളിലിരുന്ന് ജോലിചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ദില്ലി സര്‍ക്കാര്‍ ഓഫീസുകള്‍ ഒരാഴ്ചത്തേക്ക് അടയ്ക്കണം എന്നാവശ്യപ്പെട്ട് ജീവനക്കാര്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ കണ്ടു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക