ദില്ലി: ദേശീയ ലോക്ക്ഡൗണിലെ ഇളവുകൾ നാളെ നിലവിൽ വരാനിരിക്കെ കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചതില്‍ സർക്കാരിന് ആശങ്ക.  ദില്ലിയിൽ കൊവിഡ് കേസുകൾ രണ്ടായിരം കടന്നിരിക്കുകയാണ്. ഇന്ന് 110 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 2003 ആയി. ഇന്ന് രണ്ടുപേരാണ് ദില്ലിയില്‍ രോഗബാധിതരായി മരിച്ചത്. ഇതോടെ മരണസംഖ്യ 45 ആയി.

കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവില്ലാത്ത സാഹചര്യത്തില്‍ ദില്ലിയിൽ ലോക്ക് ഡൗണില്‍ ഇളവുകൾ നല്‍കില്ലെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ട്രെയിൻ, വിമാന സർവ്വീസുകൾ ഏറ്റവും അവസാന ഘട്ടത്തിൽ തുടങ്ങിയാൽ മതിയെന്ന ശുപാർശ മന്ത്രിമാരുടെ സമിതി  പ്രധാനമന്ത്രിക്ക് സമർപ്പിച്ചു.

തെലങ്കാനയില്‍ ഇന്ന് കൊവിഡ് ബാധിച്ച് മൂന്ന് പേരാണ് മരിച്ചത്. പതിനെട്ട് പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. മെയ് ഏഴ് വരെ തെലങ്കാനയില്‍ ലോക്ക് ഡൗണ്‍ ഇളവുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പ്രഖ്യാപിച്ചു. ഓൺലൈൻ ഭക്ഷണവിതരണം വിലക്കിയിട്ടുണ്ട്. വിവാഹങ്ങൾ ഉൾപ്പെടെ പൊതുപരിപാടികൾക്ക് അനുമതിയുണ്ടാവില്ല. സർക്കാർ ജീവനക്കാർക്ക് ഈ മാസവും പകുതി ശമ്പളം മാത്രമാവും ലഭിക്കുക. പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പളം പത്ത് ശതമാനം കൂട്ടി. മെയ് അഞ്ചിന് ചേരുന്ന മന്ത്രിസഭാ യോഗം ലോക്ക് ഡൗണ്‍ ഇളവുകളിൽ തീരുമാനമെടുക്കും.

മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം കുത്തനെ കൂടിയിരിക്കുയാണ്. 24 മണിക്കൂറിനിടെ 552 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ രോഗികളുടെ എണ്ണം 4200 ആയി. കൊവിഡ് ബാധിച്ച് ഇന്ന് 12പേരാണ് മരിച്ചത്. ഇതിൽ ആറുമരണങ്ങളും മുംബൈയിലാണ്. ഇതുവരെ 507പേർക്ക് രോഗം ഭേദമായെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

അതിനിടെ മുംബൈയിൽ മലയാളി നഴ്‍സുമാര്‍ക്കിടയില്‍ കൊവിഡ് രോഗം പടരുകയാണ്. മുംബൈ കോകിലെബെൻ ധീരുഭായ് അമ്പാനി ആശുപത്രിയിൽ രണ്ട് പേർക്കും പൂനെ റൂബി ഹാൾ ആശുപത്രിയിൽ മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചു. പൂനെയിലെ ആശുപത്രിയിൽ 15 നഴ്സുമാർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 

അതേസമയം തമിഴ്നാട്ടില്‍ 105 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയില്‍ മാത്രം ഇന്ന് 50 പേര്‍ രോഗബാധിതരായി. ഇതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 285 ആയി. മൂന്ന് ഡോക്ടര്‍മാര്‍ക്കും പൊലീസുകാര്‍ക്കും രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും രോഗം സ്ഥിരീകരിച്ചു. ചെന്നൈയിലെ റെഡ് സേണ്‍ മേഖലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐക്കും കോണ്‍സ്റ്റബളിനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

പത്ത് പൊലീസുകാര്‍ നിരീക്ഷണത്തിലാണ്. ആരോഗ്യ സെക്രട്ടറി നടത്തിയ വാർത്താ സമ്മേളനങ്ങളിൽ സ്ഥിരം പങ്കെടുത്തിരുന്ന  തമിഴ് ദിനപത്രത്തിലെ ലേഖകനും, തമിഴ് ചാനലിലെ റിപ്പോർട്ടർക്കും കൊവിഡ് സ്ഥീരീകരിച്ചു. ഇവരുമായി സമ്പർക്കം പുലർത്തിയ എട്ട് മാധ്യമ പ്രവർത്തകരെ നിരീക്ഷണത്തിലാക്കി. ആരോഗ്യസെക്രട്ടറിയുടെ വാർത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമപ്രവർത്തകർക്കായി പ്രത്യേക ടെസ്റ്റിങ്ങ് സെൻറര്‍ സജ്ജീകരിച്ചു.