ദില്ലി: അടുത്ത രണ്ട് ദിവസത്തേക്ക് ചൈനയിൽ നിന്ന് എത്തിയ റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകൾ (ദ്രുതപരിശോധനാകിറ്റുകൾ) ഉപയോഗിക്കരുതെന്ന് സംസ്ഥാനങ്ങളോട് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആർ). രാജസ്ഥാനും പശ്ചിമബംഗാളും അടക്കമുള്ള സംസ്ഥാനങ്ങൾ അരമണിക്കൂറിനകം ഫലമറിയാൻ കഴിവുള്ള റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകൾ വ്യാപകമായി കേടാണെന്ന് വ്യക്തമാക്കിയിരുന്നു. സംസ്ഥാനസർക്കാരുകൾ തന്നെ ഇടപെട്ട് ഇവയുടെ ഉപയോഗം നിർത്തിവയ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകൾ വീണ്ടും പരിശോധിക്കാൻ ഐസിഎംആർ ഒരുങ്ങുന്നത്. 

ചൈനയിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏതാണ്ട് മൂന്ന് ലക്ഷത്തോളം കിറ്റുകൾ ഇന്ത്യയിലെത്തിയത്. രോഗവ്യാപനത്തിന്‍റെ തോത് കൂടുതലുള്ള രാജസ്ഥാൻ, പശ്ചിമബംഗാൾ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലേക്കാണ് ഇതിൽ ആദ്യത്തെ ബാച്ച് കിറ്റുകൾ ഐസിഎംആർ അയച്ചത്. എന്നാൽ ഇതിൽ പലതിലും ഫലങ്ങൾ വരുന്നത് തെറ്റാണെന്നാണ് അതാത് സംസ്ഥാന ആരോഗ്യവകുപ്പുകൾ പറയുന്നത്. രാജസ്ഥാൻ ഇന്ന് റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകൾ ഉപയോഗിച്ചുള്ള പരിശോധന നിർത്തിവച്ചു. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാബാനർജിയാകട്ടെ, ഇതിനെ ഒരു രാഷ്ട്രീയവിവാദമാക്കി മാറ്റുകയും ചെയ്തു. കേടായ കിറ്റുകൾ നോക്കിയാണ് കേന്ദ്രസർക്കാർ പശ്ചിമബംഗാളിലേക്ക് അയച്ചത് എന്നായിരുന്നു മമതയുടെ ആരോപണം.

ഈ സാഹചര്യത്തിലാണ് വീണ്ടും ടെസ്റ്റിംഗ് കിറ്റുകൾ അതാത് സംസ്ഥാനങ്ങളിലേക്ക് ശാസ്ത്രജ്ഞരെ അയച്ച് പരിശോധിക്കാൻ ഐസിഎംആർ ഒരുങ്ങുന്നത്. മൂന്ന് സംസ്ഥാനങ്ങളിലായി പരിശോധന പൂ‍ർത്തിയാകാൻ രണ്ട് ദിവസമെങ്കിലും എടുക്കും. അത് വരെ കിറ്റുകൾ ഉപയോഗിക്കരുത് എന്നാണ് വിവിധ സംസ്ഥാനങ്ങളോട് ഐസിഎംആർ നിർദേശിക്കുന്നത്.

''ഫലങ്ങളിലെ തെറ്റുകൾ റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകളിൽ വരാൻ സാധ്യത കൂടുതലാണ്. ഹോട്ട് സ്പോട്ടുകളിൽ നിന്നോ, രോഗവ്യാപനസാധ്യതയുള്ള ഇടങ്ങളിൽ നിന്നോ എത്തി, ഏഴ് ദിവസത്തിൽ കൂടുതൽ ആയെങ്കിൽ മാത്രമേ ടെസ്റ്റ് ചെയ്യുന്ന ആളിന്‍റെ സ്രവങ്ങളിൽ നിന്ന് റാപ്പിഡ് ടെസ്റ്റിംഗ് കിറ്റ് വഴി ശരിയായ ഫലം കിട്ടൂ. അതല്ലെങ്കിൽ ആർടി-പിസിആർ ടെസ്റ്റ് എന്ന സാമ്പ്രദായിക ടെസ്റ്റിംഗ് തന്നെ നടത്തണം. ദില്ലിയിൽ വച്ച് ഈ ടെസ്റ്റുകളിൽ നടത്തിയ പരിശോധനയിൽ 6% വരെ ഫലം തെറ്റാകാനുള്ള സാധ്യത മാത്രമാണ് (error factor) ഞങ്ങൾക്ക് ലഭിച്ചത്. എന്നാൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ലഭിച്ച കണക്കുകൾ അനുസരിച്ച്, അവിടെയെല്ലാം error factor 71% വരെ ഉയർന്നതായി വിവരം ലഭിക്കുന്നുണ്ട്. ഇത് അസാധാരണമാണ്. സംഭവിക്കാൻ പാടില്ലാത്തതും. അതിനാലാണ് ആളുകളെ അയച്ച് തന്നെ ഇവിടേക്ക് പരിശോധന നടത്താൻ ഞങ്ങൾ തീരുമാനിച്ചത്. അതുവരെ എല്ലാ സംസ്ഥാനങ്ങളും റാപ്പിഡ് ടെസ്റ്റിംഗ് കിറ്റ് വഴിയുള്ള പരിശോധനകൾ നിർത്തേണ്ടതാണ്'', ഐസിഎംആറിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഗംഗാധേക്കർ ആവശ്യപ്പെട്ടു.

പരിശോധനയിൽ കിറ്റുകളിൽ കേടുണ്ടെന്ന് കണ്ടെത്തിയാൽ ഇവയെല്ലാം കൂട്ടത്തോടെ മാറ്റാനുള്ള നിർദേശം നൽകുമെന്നും ഐസിഎംആർ വ്യക്തമാക്കി. നേരത്തേ ടെസ്റ്റിംഗ് കിറ്റുകളിൽ പാകപ്പിഴകളുണ്ടെന്ന് ആരോപണമുയർന്നപ്പോൾ കിറ്റുകൾ 20 ഡിഗ്രി സെൽഷ്യസിന് താഴെ സൂക്ഷിക്കേണ്ടതാണെന്നും അതല്ലെങ്കിൽ കിറ്റുകൾക്ക് കേടുപാടുകൾ സംഭവിക്കാമെന്നുമായിരുന്നു ഐസിഎംആറിന്‍റെ പ്രതികരണം.

ടെസ്റ്റിംഗ് കിറ്റുകൾക്ക് മാത്രമല്ല, ചൈനയിൽ നിന്ന് അയച്ച പിപിഇ (വ്യക്തിഗതസുരക്ഷാ ഉപകരണങ്ങൾ) കിറ്റുകളെച്ചൊല്ലിയും നേരത്തേ വിവാദമുയർന്നിരുന്നതാണ്. ചൈനയിൽ നിന്ന് ഏറ്റവുമൊടുവിൽ ഇന്ത്യയ്ക്ക് ലഭിച്ച 1,70,000 പിപിഇ കിറ്റുകളിൽ 63,000 എണ്ണത്തിനും ഗുണനിലവാരമുണ്ടായിരുന്നില്ല, അതിനാൽ ഇവയെല്ലാം തിരികെ അയക്കേണ്ടി വന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നതാണ്. എൻ-95 മാസ്കുകൾ, കണ്ണിനെ മറയ്ക്കുന്ന കണ്ണട, ഷൂ കവറുകൾ, ഗൗണുകൾ, ഗ്ലൗസുകൾ, ദേഹം മുഴുവൻ മറയ്ക്കുന്ന ഫുൾ കവറുകൾ എന്നിവയാണ് ഒരു പിപിഇ കിറ്റിൽ ഉൾപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യയിൽത്തന്നെ പിപിഇ കിറ്റുകൾ ഉത്പാദിപ്പിക്കാൻ കേന്ദ്രസർക്കാർ നടപടികൾ സ്വീകരിച്ച് തുടങ്ങിയത്.