Asianet News MalayalamAsianet News Malayalam

കേരളം ലോക്ക് ഡൗൺ ചട്ടം ലംഘിച്ചത് അനുവദിക്കാൻ കഴിയില്ലെന്ന് കേന്ദ്രം, വിമർശനം

അതേസമയം, രോഗവ്യാപനം ഇരട്ടിക്കുന്നത് ഫലപ്രദമായി തടയാനായതിൽ കേരളത്തെ കേന്ദ്രം അഭിനന്ദിക്കുകയും ചെയ്യുന്നു. കേരളത്തിൽ കേസുകൾ ഇരട്ടിക്കുന്നതിന്‍റെ ഇടവേള 72.2 ദിവസങ്ങളായെന്നും കേന്ദ്രം. 

covid 19 centre criticizing kerala for violating lockdown norms
Author
New Delhi, First Published Apr 20, 2020, 5:42 PM IST

ദില്ലി: കേരളം ലോക്ക് ഡൗൺ ഇളവുകൾ സംബന്ധിച്ച് കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗരേഖ ലംഘിച്ചെന്ന് പ്രസ്താവനയുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഹോട്ടലുകൾ തുറക്കാനോ, ബാർബർ ഷാപ്പുകൾ പ്രവർത്തിപ്പിക്കാനോ സിറ്റി ബസ്സുകൾ സർവീസ് നടത്താനോ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടില്ല. ഇത്തരം ഇളവുകൾ നൽകുന്നത് രോഗം നിയന്ത്രണ വിധേയമായ ഇടത്ത് വീണ്ടും രോഗം പടരുന്നതിന് ഇടയാക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ജോയന്‍റ് സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കൊവിഡ് ലോക്ക്ഡൗൺ സംബന്ധിച്ചുള്ള ചട്ടങ്ങൾ എല്ലാ സംസ്ഥാനങ്ങളും പാലിക്കണമെന്ന് സുപ്രീംകോടതിയുടെ മാർഗനിർദേശമുള്ളതാണ്. അത് പാലിക്കാൻ എല്ലാ സംസ്ഥാനങ്ങളും ബാധ്യസ്ഥരാണ്. അതല്ലെങ്കിൽ രാജ്യത്തെ ആരോഗ്യസംവിധാനത്തിന് തന്നെ വലിയ ഭീഷണിയാകും ഇതെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു.

അതേസമയം, രോഗം ഇരട്ടിക്കുന്നതിൽ കൃത്യമായ നിയന്ത്രണം കൊണ്ടുവരാൻ കേരളത്തിന് കഴിഞ്ഞതായും കേന്ദ്രസർക്കാർ പ്രശംസിച്ചു. രാജ്യത്ത് രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നതിന്‍റെ ഇടവേള 7.5 ദിവസമാണെങ്കിൽ കേരളത്തിലിത് 72.2 ദിവസമാണ്. അത്ര പതുക്കെയാണ് രോഗബാധിതരാകുന്നവരുടെ എണ്ണം വർദ്ധിക്കുന്നുള്ളൂ. അതേസമയം, രോഗമുക്തി നേടുന്നവരുടെ എണ്ണം കേരളത്തിൽ കൂടുകയും ചെയ്യുന്നു. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലടക്കം മികച്ച ഡോക്ടർമാരുടെ സംവിധാനമെത്തിച്ച് പ്രവർത്തിച്ചതാണ് കേരളത്തിന്‍റെ മികവിന് കാരണമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. 

രോഗം ഇരട്ടിക്കുന്നതിന്‍റെ ശരാശരി ഇടവേള 30- ദിവസത്തിൽ കൂടിയ രണ്ട് സംസ്ഥാനങ്ങളേ രാജ്യത്തുള്ളൂ. ഒന്ന് കേരളമാണ്. രണ്ടാമത്തേത് ഒഡിഷയും. 

രാജ്യത്ത് രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നതിന്‍റെ ഇടവേള കൂടി വരുന്നത് നല്ല ലക്ഷണമാണെന്നും കേന്ദ്രം പറയുന്നു. ലോക്ക് ഡൗണിന് മുമ്പ് രോഗം ഇരട്ടിക്കുന്നതിന്‍റെ ഇടവേള 3.5 ദിവസമായെങ്കിൽ ലോക്ക് ഡൗണിന് ശേഷം ഇത് 7.5 ദിവസമായി കൂടി. ഇത് നല്ല ലക്ഷണമാണ്. രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ ശതമാനം 14.75% ആയി കൂടിയെന്നും കേന്ദ്രം വ്യക്തമാക്കി. 

കഴിഞ്ഞ അഞ്ച് ദിവസത്തെ രോഗമുക്തി ശതമാനത്തിലെ വർദ്ധന:

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനകം 553 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആകെ രോഗബാധിതരുടെ എണ്ണം 17,265 ആയി. 24 മണിക്കൂറിൽ മരിച്ചത് 36 പേരാണ്. ആകെ മരണസംഖ്യ 543 ആയി.

അതേസമയം, പശ്ചിമബംഗാളിൽ ലഭിച്ച പല ടെസ്റ്റിംഗ് കിറ്റുകളും പ്രവർത്തനക്ഷമമല്ലെന്നും, നിലവാരമില്ലാത്തതാണെന്നും മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ അത് പരിശോധിച്ച് വരികയാണെന്ന് ഐസിഎംആർ വ്യക്തമാക്കി. ടെസ്റ്റിംഗ് കിറ്റുകൾ 20 ഡിഗ്രിയ്ക്ക് താഴെയുള്ള താപനിലയിൽ മാത്രമേ സൂക്ഷിക്കാവൂ. അതിന് മുകളിൽ സൂക്ഷിക്കുന്നത് ഇത് കേടാകാൻ ഇടയാക്കും. അക്കാര്യം ശ്രദ്ധിക്കണമെന്നും, മറ്റെല്ലാം പരിശോധിച്ച് വരികയാണെന്നും ഐസിഎംആർ. 

കൊവിഡിന് വാക്സിൻ ഇല്ല എന്നത് എല്ലാവരും ഓർക്കണ്ട കാര്യമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ഓർമിപ്പിച്ചു. ഓഫീസുകൾ തുറന്നുപ്രവർത്തിച്ചാലും എല്ലാവരും സാമൂഹ്യാകലം പാലിക്കണം. കൈകൾ ശുചിയാക്കണം. ഗ്രീൻ സോണുകളിലും ശക്തമായ ജാഗ്രത ആവശ്യമാണ് - കേന്ദ്രം അറിയിച്ചു. 

Follow Us:
Download App:
  • android
  • ios