ചെന്നൈ: നഗരത്തിൽ ആശങ്ക വർധിപ്പിച്ച് കോയമ്പേട് മാർക്കറ്റിൽ നിന്ന് രോഗ ബാധിതരായവരുടെ എണ്ണം കൂടുന്നു. ചുമട്ടുതൊഴിലാളികൾ ഉൾപ്പടെ 151 പേർ രോഗബാധിതരായി എന്നാണ് തമിഴ്നാട് ആരോഗ്യവകുപ്പിന്‍റെ ഏറ്റവും പുതിയ കണക്ക്. വെല്ലൂരിൽ മലയാളി ബാങ്ക് ജീവനക്കാരനും ചെന്നൈയിൽ മലയാളി കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചു. 

തിരുവികാ നഗറിൽ പ്രാർഥനാ ചടങ്ങിൽ പങ്കെടുത്ത 259 പേർക്ക് രോഗം സ്ഥിരീകരിച്ചു. മലയാളികൾ ഉൾപ്പടെ ഈ പ്രാർഥനാ ചടങ്ങിൽ പങ്കെടുത്തിരുന്നു. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ പാലക്കാട് സ്വദേശിക്കും മകൾക്കും കൊവിഡ് സ്ഥിരീകരിച്ചതും ആശങ്കയാണ്. ഇവരുടെ വീട്ടിൽ കഴിയുന്ന മറ്റ് മൂന്ന് കുടുംബാംഗങ്ങളെ നിരീക്ഷണത്തിലാക്കി. വെല്ലൂർ, റാണിപേട്ട്, ആരക്കോണം എന്നിവടങ്ങളിൽ 21 ബാങ്ക് ജീവനക്കാർ രോഗബാധിതരായിട്ടുണ്ട്. ഒൻപത് വിവിധ ബാങ്ക് ബ്രാഞ്ചുകൾ അടച്ചിട്ടു. കൊവിഡ് സ്ഥിരീകരിച്ച മലയാളി ജീവനക്കാരന്‍റെ ചെന്നൈയിലെ കുടുംബാംഗങ്ങളെ നിരീക്ഷണത്തിലാക്കി.

ചെന്നൈയിൽ രോഗ വ്യാപനം ഇരട്ടിക്കുകയാണ്. പതിനായിരക്കണക്കിന് പേർ വന്നുപോയിരുന്ന കോയമ്പേട് മാർക്കറ്റും പ്രാർഥനാ ചടങ്ങ് നടന്ന തിരുവികാ നഗറിലെ പള്ളിയുമാണ് പ്രധാന ഹോട്ട് സ്പോട്ടുകൾ. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ പച്ചക്കറിച്ചന്തയാണ് കോയമ്പേട്. കച്ചവടക്കാർ, ലോറിഡ്രൈവർമാർ, ചുമട്ടുതൊഴിലാളികൾ ഉൾപ്പടെ കോയമ്പേടിലേത് നീണ്ട സമ്പർക്ക പട്ടികയാണ് എന്നത് ആരോഗ്യവകുപ്പിന് മുന്നിൽ ചില്ലറ വെല്ലുവിളിയല്ല ഉയർത്തുന്നത്. വില്ലുപുരത്ത് തിരിച്ചെത്തിയ 33 പേർക്ക് രോഗം സ്ഥിരീകരിച്ചു. കോയമ്പേട് നിന്ന് വിവിധ ജില്ലകളിലേക്ക് മടങ്ങിപ്പോയവരെ തിരിച്ചറിയാനാണ് നിലവിൽ ശ്രമം നടക്കുന്നത്. കോയമ്പേട് നിന്ന് രോഗബാധിതരായവരെക്കൂടി കൂട്ടിയാൽ വിളുപുരത്ത് ആകെ 86 രോഗബാധിതരുണ്ടെന്നാണ് കണക്ക്. 

മദ്രാസ് ഹൈക്കോടതി പൂർണമായും അടച്ചിടണമെന്ന ആവശ്യം ശക്തമായി ഉയരുകയാണ്. നിലവിൽ വീഡിയോ കോൺഫറൻസിംഗിലൂടെയാണ് പ്രവർത്തനം നടക്കുന്നത്. എന്നാൽ ഇതിനായി ആളുകൾ കൂട്ടം കൂടുന്ന സ്ഥിതിയുണ്ടെന്നും, രോഗം നിയന്ത്രണവിധേയമാകുന്നത് വരെ 100 ശതമാനവും കോടതി അടച്ചിടണമെന്ന ആവശ്യം ബഹുഭൂരിപക്ഷം അഭിഭാഷകരും ഉയർത്തുന്നുണ്ട്. അതേസമയം, ചെന്നൈയിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് തിരികെ പോകാനായി നഗരത്തിലെ പൊലീസ് സ്റ്റേഷനുകളിൽ റജിസ്ട്രേഷൻ തുടങ്ങി. 

തഞ്ചാവൂർ, തിരുവാളൂർ, അരിയാളൂർ എന്നീ സംസ്ഥാനങ്ങളിലടക്കം ഇന്ന് സമ്പൂർണലോക്ക് ഡൗണാണ്. അവശ്യസർവീസുകളടക്കം ഒന്നും ഇന്ന് പ്രവർത്തിക്കില്ല. ആകെ ഇളവ് നൽകുക ആശുപത്രികൾക്കും മരുന്നുകടകൾക്കും മാത്രം.

ഒരാഴ്ച കൊണ്ടാണ് ചെന്നൈയിൽ രോഗികളുടെ എണ്ണം ആയിരം കവിഞ്ഞത്. കനത്ത ജാഗ്രതയിലാണ് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളെല്ലാം. രാജ്യവ്യാപകമായി കൊവിഡ് പോരാളികൾക്കായി സൈന്യം ആദരമർപ്പിച്ചതിന്‍റെ ഭാഗമായി ചെന്നൈയിലും വിവിധ സ‍ർക്കാർ മെഡിക്കൽ കോളേജുകളിലെ ആരോഗ്യപ്രവർത്തകർക്കും സൈന്യം സല്യൂട്ട് നൽകി.