ദില്ലി: കൊവിഡ് 19 അടക്കം സമകാലിക പ്രാധാന്യമുള്ള വിഷയങ്ങളിൽ മാര്‍ഗനിര്‍ദ്ദേശങ്ങൾ നൽകാൻ ഉപദേശക സമിതിയെ നിയോഗിച്ച് കോൺഗ്രസ്, ദേശീയ തലത്തിൽ  കാലിക പ്രാധാന്യമുള്ള വിഷയങ്ങളിൽ മാർഗ നിർദ്ദേശം നൽകാനും നിലപാട് വ്യക്തമാക്കാനുമാണ് സമിതി. പതിനൊന്നംഗ സമിതിക്കാണ് രൂപം നൽകിയിട്ടുള്ളത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്‍റെ അധ്യക്ഷതയിലാണ് പതിനൊന്നംഗ സമിതി പ്രവര്‍ത്തിക്കുക.രാഹുൽഗാന്ധി, പി.ചിദംബരം ,കെ .സി വേണുഗോപാൽ തുടങ്ങിയവരാണ് സമിതിയിൽ. എ.കെ ആന്റണി ഉപദേശക സമിതിയിലില്ല.

വിവിധ വിഷയങ്ങളില്‍ കേന്ദ്ര നേതൃത്വവും സംസ്ഥാനഘടകങ്ങളും ഭിന്നാഭിപ്രായം ഉന്നയിക്കുന്നത് ഹൈക്കമാന്‍ഡിന് ക്ഷീണമാകുന്നപശ്ചാത്തലത്തിലാണ് ഉപദേശക സമിതിയെ നിയോഗിക്കുന്നത്. കെവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിനൊപ്പം പ്രതിപക്ഷമില്ലെന്ന ആക്ഷേപം ഒരു വശത്ത്. കേന്ദ്രനേതൃത്വത്തിനും, സംസ്ഥാന ഘടകങ്ങള്‍ക്കും ഭിന്നാഭിപ്രായം ആയിരുന്നു .ഏറ്റവും ഒടുവില്‍ ലോക്ക് ഡൗണിനെ വിമര്‍ശിച്ച രാഹുല്‍ഗാന്ധിയെ ലോക്ക് ഡൗണ്‍ നീട്ടാന്‍ പിന്തുണയറിയിച്ച പാര്‍ട്ടി
മുഖ്യമന്ത്രിമാരുടെ  നിലപാട് ചൂണ്ടിക്കാട്ടി ബിജെപി പരിഹസിച്ചതും ക്ഷീണമായി. 

നിലവിലെ സാഹചര്യത്തില്‍ കൊവിഡ് നിലപപാടുകളിലാണ്  ഉപദേശകസമിതിയുടെ ആദ്യ ഇടപെടല്‍. ദൈനംദിന സാഹചര്യം വിഡിയോ കണ്‍ഫോറന്‍സിംഗിലൂടെയോ  അല്ലാതയോ വിലയിരുത്തും. സര്‍ക്കാര്‍ നടപടികളിലെ പോരായ്മ ചൂണ്ടിക്കാട്ടും. പാര്‍ട്ടിയുടെ നയം വ്യക്തമാക്കും.

രാഷ്ട്രീയ നയത്തിന് പുറമെ പാര്‍ട്ടിയുടെ സാമ്പത്തിക നയ രൂപീകരണത്തിലും ഉപദേശക സമിതിയുടെ നിലപാടായിരിക്കും അന്തിമം .സോണിയ ഗാന്ധി  രൂപീകരിച്ച സമിതിയില്‍ മന്‍മോഹന്‍സിംഗിനെ കൂടാതെ രാഹുല്‍ഗാന്ധി, പി ചിദംബരം, ജയറാം രമേശ്, കെ സി വേണുഗോപാല്‍,  തുടങ്ങിയവര്‍ അംഗങ്ങളാണ്. ഉപദേശക സമിതിയിലേക്ക് എ കെ
ആന്‍റണി താല്‍പര്യം പ്രകടിപ്പിച്ചില്ലെന്നാണ്  കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

പാര്‍ട്ടി നയരൂപീകരണ സമിതികളില്‍ അംഗമായിരുന്ന എ കെ ആന്‍റണിയുടെ അസാന്നിധ്യം ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. ഇതിനിടെ കൊവി‍ഡില്‍ മധ്യ പ്രദേശ് സര്‍ക്കാരിനെ അടിമുടി വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് രംഗത്ത് വന്നു. ചികിത്സയും, രോഗനിര്‍ണ്ണയും പരാജയമെന്ന് വിമര്‍ശിച്ച കമല്‍നാഥ് വ്യാജ കണക്കാണ് ബിജെപി സര്‍ക്കാര്‍ പുറത്തു വിടുന്നതെന്നും തുറന്നടിച്ചു.