സംസ്ഥാനത്താകെ 105 കൊവിഡ് ബാധിതർ, ലോക്ക് ഡൌൺ കർശനമായി പാലിക്കണം: മുഖ്യമന്ത്രി | Live
Summary
സംസ്ഥാനത്ത് ഇന്ന് പതിനാല് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ഒരു ആരോഗ്യപ്രവര്‍ത്തകയുമുണ്ട്. ഇതോടെ105 പേരാണ് സംസ്ഥാനത്ത് ആകെ ചികിത്സയില്‍ കഴിയുന്നത്.
06:40 PM (IST) Mar 24
14 കൊവിഡ് ബാധിതര്‍
സംസ്ഥാനത്ത് പതിനാല് പേര്‍ക്ക് ഇന്ന് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ആകെ ചികിത്സയിലുള്ളവര്‍ 105 പേരാണ്. ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. ആറുപേര്‍ കാസര്‍കോട് നിന്നുള്ളവരാണ്. എട്ടുപേർ ദുബായിൽ നിന്ന് വന്നവരാണ്. സംസ്ഥാനത്ത് 7 2,460 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
ബെംഗളൂരുവിൽ നിന്ന് പുറത്തുപോവേണ്ടവർക്ക് ഇന്ന് അർധരാത്രി വരെ സമയം
ബെംഗളൂരുവിൽ നിന്ന് പുറത്തുപോവേണ്ടവർക്ക് ഇന്ന് അർധരാത്രി വരെ സമയം.നഗരത്തിലേക്ക് വരാൻ ഉദ്ദേശിക്കുന്നവരും രാത്രിയോടെ എത്തണം. നാളെ മുതൽ നഗര അതിർത്തികൾ തുറക്കില്ലെന്നു മുഖ്യമന്ത്രി യെദിയൂരപ്പ
05:58 PM (IST) Mar 24
പത്തനംതിട്ട ജില്ലാ അതിർത്തികളിൽ പരിശോധന ശക്തമാക്കും
പത്തനംതിട്ട ജില്ലാ അതിർത്തികളിൽ പരിശോധന ശക്തമാക്കും. ഇതിനായി 16 സ്ക്വാഡുകൾ രൂപീകരിച്ചു. ഈ മാസം 31 വരെ പരിശോധന കർശനമാക്കും.
05:40 PM (IST) Mar 24
നോയിഡയിൽ ഒരാൾക്ക് കൂടി കൊവിഡ്
നോയിഡയിൽ ഒരാൾക്ക് കൂടി കൊവിഡ്. വിദേശ യാത്ര നടത്താത്ത 47 കാരിയായ സ്ത്രീക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
05:39 PM (IST) Mar 24
പത്തനംതിട്ടയിൽ 144
പത്തനംതിട്ടയിൽ 144 പ്രഖ്യാപിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ് ഇറങ്ങി. ഈ മാസം 31 വരെയാണ് നിരോധനാജ്ഞ.
05:39 PM (IST) Mar 24
4 മലയാളികൾക്ക് കൊവിഡ്
കർണാടകയിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചവരിൽ 4 പേർ മലയാളികൾ. കാസർകോഡ് ഇനി ലഭിക്കാനുള്ളത് 202 പേരുടെ പരിശോധന ഫലം.
ഡോക്ടർമാർക്കെതിരെയുള്ള നപടി അപമാനകരമെന്ന് കെജരിവാൾ. ജീവൻ രക്ഷിക്കുന്നവരാണ് ഡോക്ടർമാരെന്ന് മറക്കരുതെന്നും കെജരിവാൾ
05:37 PM (IST) Mar 24
അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരളം
ദുബെെ നെെഫ് ഏരിയ പോലെ ഇന്ത്യന്‍ തൊഴിലാളികള്‍ പാര്‍ക്കുന്ന ഇടങ്ങളില്‍ അടിയന്തര ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് കേരളം. നോര്‍ക്ക മുഖേന ദുബെെ ഇന്ത്യന്‍ മിഷന് കത്തയച്ചു.
05:37 PM (IST) Mar 24
പരാതിയുമായി എയിംസ് ഡോക്ടർമാർ
വീടുകളിൽ കയറാൻ പരിസരവാസികൾ സമ്മതിക്കുന്നില്ലെന്ന് പരാതി എയിംസ് ഡോക്ടർമാർ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി.കൊവിഡ് രോഗികളെ ചികിത്സിക്കുന്നു എന്ന് ആരോപിച്ചാണ് വിലക്ക്. വീടുകൾ ഒഴിഞ്ഞുപോകാൻ ഉടമകൾ ആവശ്യപ്പെടുന്നതായും പരാതി.
05:27 PM (IST) Mar 24
ഓക്സിജൻ പ്ലാൻ്റുകൾ രാത്രിയും പ്രവർത്തിപ്പിക്കാൻ നിർദ്ദേശം
മെഡിക്കൽ ഓക്സിജൻ പ്ലാന്‍റുകളും വിതരണക്കാരും ആവശ്യമെങ്കിൽ രാത്രിയും പ്രവർത്തിക്കാൻ നിർദേശം. പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ ആണ് ഉത്തരവ് നൽകിയത്. അടിയന്തിര ഘട്ടങ്ങളിൽ ആശുപത്രികളിൽ ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ എല്ലാ നടപടികളും ഫില്ലിംഗ് പ്ലാന്‍റുകൾ സ്വീകരിക്കണം. രാത്രിയും പ്രവർത്തിക്കേണ്ട സാഹചര്യം വന്നാൽ പെസോ യ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ചാൽ മതിയെന്നും പെസോ കേരള ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്‌സ്‌പ്ലോസീവ്സ് ഡോ ആർ വേണുഗോപാൽ നിർദേശിച്ചു
05:25 PM (IST) Mar 24
അതിർത്തിയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നു
കർണാടക അതിർത്തിയിൽ കേരളത്തിലേക്ക് രാവിലെ പുറപ്പെട്ടവർ വരെ ഇപ്പോഴും കുടുങ്ങി കിടക്കുന്നു. കർണാടക അധികൃതരോട് വയനാട് കളക്ടർ ഇവരേ കടത്തിവിടാൻ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ല
05:25 PM (IST) Mar 24
തൃശ്ശൂരിൽ ഇന്ന് എല്ലാ പരിശോധന ഫലങ്ങളും നെഗറ്റീവ്
തൃശൂരിൽ ഇന്ന് പുതുതായി ആർക്കും കോവിഡ് ഇല്ല. 33 സാംപിളുകളുടെ പരിശോധന ഫലങ്ങൾ ഇന്ന് കിട്ടി. ജില്ലയിൽ ഇന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത് എട്ടു പേരാണ്.
05:20 PM (IST) Mar 24
വിലക്ക് ലംഘിച്ച് പിറന്നാൾ ആഘോഷം
20ലധികം ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് ചടങ്ങുകൾ നടത്താൻ പാടില്ലെന്ന സർക്കാർ ഉത്തരവ് ലംഘിച്ച് മകളുടെ പിറന്നാൾ ആഘോഷം നടത്തിയ വേലിയമ്പം സ്വദേശിയായ പൊത്തകടവ് വീട്ടിൽ നിപുവിനെതിരെ പൊലീസ് കേസെടുത്തു.
05:18 PM (IST) Mar 24
അതിർത്തി റോഡുകൾ കർണാടക മണ്ണിട്ട് അടക്കുന്നു
അതിർത്തി റോഡുകൾ കർണാടക മണ്ണിട്ട് അടക്കുന്നു
05:17 PM (IST) Mar 24
സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ച് വിവാഹം
സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ചു വിവാഹം നടത്തിതിന് ചർച്ച് ഓഫ് ഗോഡ് മുൻ ഓവർസീയറും, പാസ്റ്ററും അറസ്റ്റിൽ. ചർച്ച് ഓഫ് ഗോഡ് മുൻ ഓവർസീയർ പാസ്റ്റർ പി ജെ ജെയിംസ്, പാസ്റ്റർ പി എം തോമസ് എന്നിവരെ ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തു
05:17 PM (IST) Mar 24
വിലകൂട്ടി വിൽക്കുന്നവർക്കെതിരെ നടപടി
പഴം, തക്കാളി, മീൻ എന്നീ ഭക്ഷ്യസാധനങ്ങൾക്ക് വിലക്കൂട്ടി വിൽക്കുന്നതായി ശ്രദ്ധയിൽ പെട്ട സാഹചര്യത്തിൽ കാസർകോട് ജില്ലാ ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ രാവിലെ 11 മണി മുതൽ മിന്നൽ പരിശോധന നടത്തി അടിയന്തര നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ ഡോ ഡി സജിത് ബാബു ഉത്തരവ് നൽകി
05:13 PM (IST) Mar 24
ഇടുക്കിയിൽ 46 കേസുകൾ രജിസ്റ്റർ ചെയ്തു
ലോക്ക് ഡൗൺ നിയന്ത്രണ ലംഘനത്തിന് ഇന്ന് ഇടുക്കിയിൽ 46 കേസുകൾ രജിസ്റ്റർ ചെയ്തു. ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഇരട്ടിയോളമായി. ഇന്ന് മാത്രം വീടുകളിൽ നിരീക്ഷണത്തിലാക്കിയത് 538 പേരെയാണ്. 5 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ജില്ലയിലാകെ 123 പേർ നിരീക്ഷണത്തിലാണ്. പേർക്കെതിരെ കേസ്.
04:39 PM (IST) Mar 24
മഹാരാഷ്ട്രയിൽ 107പേർക്ക് കൊവിഡ്
മഹാരാഷ്ട്രയിൽ 6 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 107 ആയി.
04:38 PM (IST) Mar 24
പ്രത്യേകം ആശുപത്രികൾ സജ്ജമാക്കണമെന്ന് കേന്ദ്രം
കൊവിഡ് ചികിത്സക്കായി വേണ്ടി പ്രത്യേകം ആശുപത്രികൾ സജ്ജമാക്കാൻ ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര കാബിനറ്റ് സെക്രട്ടറി കത്തയച്ചു.
മാർച്ച് 10നു ശേഷം കൊല്ലം അമൃതാനന്ദമയി മഠത്തിൽ എത്തിയ വിദേശികളെ കൊവിഡ് സ്രവ പരിശോധനയ്ക്ക് വിധേയരാക്കി. 40ഇൽ ഏറെ പേർ മഠത്തിൽ ഉണ്ടായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് കളക്ടറുടെ നിർദേശപ്രകാരം ആണ് ആരോഗ്യ വകുപ്പിന്‍റെ നടപടി.