ദില്ലി: രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 11,933 ആയി. ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 393 പേരാണ്. ഓരോ ദിവസവും ആയിരത്തിന് മുകളിൽ ആളുകൾക്കാണ് രാജ്യത്ത് കൊവിഡ് രോഗം ബാധിക്കുന്നത്. കൂടുതൽ പരിശോധനകൾ വേണമെന്ന് ഐസിഎംആര്‍ ആവശ്യപ്പെടുന്നുണ്ട്. ഇന്നലെ രാജ്യത്ത് 27,000 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. റാപ്പിഡ് കിറ്റുകളുടെ അഭാവം കാരണം ഫലം വൈകുന്നുണ്ട്. ചൈനയിൽ നിന്ന് ഇന്ന് റാപ്പിഡ് കിറ്റുകൾ എത്തും. 3 ലക്ഷം കിറ്റുകളാണ് ഇന്ന് എത്തുകയെന്നും   ഐസിഎംആര്‍ അറിയിച്ചു. 

അതേ സമയം രണ്ടാംഘട്ട ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്നലെ കേന്ദ്ര മന്ത്രിസഭ യോഗം ചേര്‍ന്നിരുന്നു. സാമ്പത്തിക മേഖലയിലെ തകര്‍ച്ച മറികടക്കാനുള്ള പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഇതേകുറിച്ച് ഇന്ന് കൂടിയാലോചനകൾ നടന്നേക്കും. ലോക് ഡൗണ്‍ തുടരുന്നതിനിൽ ദിവസം 40,000 കോടി രൂപയുടെ നഷ്ടം എന്നാണ് വ്യവസായ സംഘടനകളുടെ വിലയിരുത്തൽ. കർണാടകത്തിൽ കൊവിഡ് മരണം പന്ത്രണ്ടായി. ബെംഗളൂരുവും മൈസൂരുവും ഉൾപ്പെടെ സംസ്ഥാനത്തെ എട്ട് ജില്ലകളാണ് തീവ്രബാധിതം. ബെംഗളൂരു നഗരത്തിൽ സാധനങ്ങൾ വാങ്ങാൻ ആളുകൾ പുറത്തിറങ്ങുന്നത് വിലക്കും. ഓൺലൈനായി അവശ്യവസ്തുക്കൾ എത്തിക്കാൻ സംവിധാനം ഒരുക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്.