ദില്ലി: ദില്ലിയിലെ ഏഴ് ആശുപത്രികളിൽ മെഡിക്കൽ ഓഡിറ്റിംഗിന് ഉത്തരവ്. ഇതു സംബന്ധിച്ച് ശുപാർശ ദില്ലി സർക്കാർ നാഷണൽ സെൻറർ ഫോർ ഡിസിസ്സ് കൺട്രോളിന് കൈമാറി. ദില്ലി എംയിസ്, സഫ്ദർജംഗ്, ആർഎംഎൽ, മാക്സ് സാകേത്, ഇന്ദ്രപ്രസ്ഥ അപ്പോളോ, റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ, പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ എന്നീ 7 ആശുപത്രികളിലാകും മെഡിക്കൽ ഓഡിറ്റ് നടക്കുക. ആരോഗ്യ പ്രവർത്തകർക്കിടയിൽ രോഗം വ്യാപിക്കുന്നതിനെ തുടർന്നാണ് നടപടി. ആശുപത്രികളിലെ സുരക്ഷ ക്രമീകരണങ്ങൾ, കൊവിഡ് പ്രോട്ടോകോൾ ഉൾപ്പെടെ ഓഡിറ്റിംഗിന് വിധേയമാക്കും. 

ഇന്ന് ദില്ലി അംബേദ്കർ ആശുപത്രിയിലെ 29 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദില്ലി രോഹിണിയിലെ അംബേദ്കർ ഇൻസ്റ്റിറ്റ്യൂട്ടിലെ ആരോഗ്യ പ്രവർത്തകർക്കാണ് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 6 ഡോക്ടർമാരും 20 നേഴ്സുമാരും ഉൾപ്പെടുന്നു. അതിനിടെ കൊവിഡിന്റെ പശ്ചാത്തലത്തിൽ അടച്ച ദില്ലി ഹിന്ദു റാവു ആശുപത്രി നിയന്ത്രിതമായി തുറക്കും. കാഷ്വാലിറ്റി, എമർജൻസി വിഭാഗങ്ങൾ പ്രവർത്തിക്കും. കുട്ടികളുടെയും സ്ത്രീകളുടേയും വിഭാഗവും മെഡിസിൻ ഒ പിയും തുറക്കും. പനി ക്ലിനിക്കും പ്രവർത്തിക്കും. പരിമിതമായേ രോഗികളെ പ്രവേശിപ്പിക്കയുള്ളൂവെന്ന് എൻഡിഎംസി കമ്മീഷണർ വർഷ ജോഷി അറിയിച്ചു. 

ദില്ലിയിൽ ഇന്നലെ മാത്രം 293 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 2918 ആയി ഉയർന്നു. 54 പേരാണ് രാജ്യ തലസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. കൂടുതൽ ആരോഗ്യ പ്രവർത്തകർക്കിടെ രോഗം ബാധിച്ചത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു. നാല്‍പത്തിയഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്നലെ ദില്ലിയിലെ രണ്ട് ആശുപത്രികള്‍ അടച്ചു. ദില്ലി ജഗ്ജീവന്‍ ആശുപത്രിയില്‍ 44 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. തീവ്രബാധിത മേഖലയായ ജഹാംഗിര്‍പുരിയിലുള്ള ആശുപത്രിയില്‍ നിരവധി കൊവിഡ് രോഗികള്‍ ചികിത്സ തേടിയിരുന്നു. ഒരു നഴ്സിന്  രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഹിന്ദു റാവു ആശുപത്രിയും അടച്ചു.