ഒരു ക്ലാസിന് ഒരു ടിവി ചാനൽ എന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. റേഡിയോ, കമ്മ്യൂണിറ്റി റേഡിയോ, പോഡ്കാസ്റ്റ്  എന്നിവയും വിദ്യാഭ്യാസ പരിപാടികളുടെ പ്രക്ഷേപണത്തിനായി ഉപയോഗിക്കും.

ദില്ലി: കൊവിഡ് ലോക്ക് ഡൗൺ സാഹചര്യത്തിൽ വിദ്യാഭ്യാസ മേഖലയ്ക്ക് വേണ്ടി പുതിയ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി. ഇൻ്റ‍‌‌ർനെറ്റില്ലാത്തവർക്ക് ചാനലുകൾ വഴി വിദ്യാഭ്യാസ പരിപാടികൾ എത്തിക്കാനായി പുതിയ 12 ചാനലുകൾ തുടങ്ങും. ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾക്കായി പ്രത്യേക ടി വി ചാനലുകൾ ആരംഭിക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ഇൻ്റർ‍നെറ്റും സ്മാർട്ട് ഡിവൈസുകൾ ഇല്ലാത്തവരെ ഉദ്ദേശിച്ചാണ് ഈ നടപടി. നിലവിൽ മൂന്ന് ചാനലുകൾ സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ക്ലാസുകൾ സംപ്രേക്ഷണം ചെയ്യാനായുണ്ട് ഇത് പന്ത്രണ്ടായി വർധിപ്പിക്കുകയാണ്. 

ഒരു ക്ലാസിന് ഒരു ടിവി ചാനൽ എന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഇന്‍റർനെറ്റ് ഇല്ലാത്തവർക്കായി സ്വയംപ്രഭ എന്ന പേരിലാണ് ഡിടിഎച്ച് ചാനലുകൾ ആരംഭിക്കുന്നത്. ടാറ്റ സ്കൈയും, ഏയർടെല്ലും അടക്കമുള്ള സ്വകാര്യ ഡിടിഎച്ച് സേവനദാതാക്കളുമായി വിദ്യാഭ്യാസ സംബന്ധമായ പരിപാടികൾ സംപ്രേക്ഷണം ചെയ്യുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

റേഡിയോ, കമ്മ്യൂണിറ്റി റേഡിയോ, പോഡ്കാസ്റ്റ് എന്നിവയും വിദ്യാഭ്യാസ പരിപാടികളുടെ പ്രക്ഷേപണത്തിനായി ഉപയോഗിക്കും. സംസ്ഥാനങ്ങളുമായും ഈ കാര്യത്തിൽ സഹകരണമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. 

ദീക്ഷ ഡിജിറ്റൽ വിദ്യാഭ്യാസ പ്ലാറ്റ് ഫോമിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും. ഈ - പാഠ് ശാലയിൽ 200 പുതിയ ടെക്സ്റ്റ്ബുക്കുകൾ ലഭ്യമാക്കിയതായും ധനമന്ത്രി പറഞ്ഞു.

രാജ്യത്തെ എറ്റവും ഉയർന്ന റാങ്കിങ്ങുള്ള നൂറ് സർവ്വകലാശാലകൾക്ക് ഈ അധ്യയന വർഷം തന്നെ ഓൺലൈൻ കോഴ്സുകൾ തുടങ്ങാനുള്ള അനുമകി നൽകുകയാണെന്നും നിർമ്മല സീതാരാമൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.