ദില്ലി: കൊവിഡ് 19 കാരണം 5000 ഓളം പേരാണ് ലോകത്തെമ്പാടും മരിച്ചത്. ഇന്ത്യയില്‍ രണ്ട് പേരുടെ മരണ കാരണം കൊവിഡ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യം മുഴുവന്‍ അതീവ ജാഗ്രതയിലാണ്. കൊവിഡ് സ്ഥിരീകരിച്ച സ്ഥലങ്ങളിലെ സ്കൂളുകളും കൊളേജുകളും ഷോപ്പിംഗ് മാളുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളുമെല്ലാം അടച്ചിരിക്കുകയാണ്. 

ഇതിനിടെ കോളേജ് അടച്ചതില്‍ കൊറോണയ്ക്ക് ജയ് വിളിച്ച് എത്തിയിരിക്കുകയാണ് ദില്ലി ഐഐടിയിലെ വിദ്യാര്‍ത്ഥികള്‍. ട്വിറ്ററില്‍ ഇവരുടെ 'ജയ് കൊറോണ' വിളിയുടെ വീ‍ഡിയോ വൈറലായിരിക്കുകയാണ്. 

പാട്ടുപടാകുയും നൃത്തം ചെയ്യുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ കൊറോണയ്ക്ക് ജയ് വിളിക്കുകന്നതും കേള്‍ക്കാം. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ കരകോരം ഹോസ്റ്റലിലാണ് സംഭവം. കൊവിഡ് 19 കാരണം ഐഐടി ദില്ലിയെ മുഴുവന്‍ ക്ലാസുകളും അവസാനിപ്പിച്ചിരിക്കുകയാണ്. 

ദില്ലിയില്‍ കൊവിഡ് 19 നെ മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. 84 പേര്‍ക്കാണ് ഇതുവരെ ഇന്ത്യയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.