മുംബൈ: മുംബൈയിലെ ജുഹുവിലുള്ള ഇസ്കോണില്‍ (ഇന്‍റര്‍നാഷണല്‍ സൊസൈറ്റി ഓഫ് കൃഷ്ണ കോണ്‍ഷ്യസ്നെസ് - ഹരേകൃഷ്ണ പ്രസ്ഥാനം) എത്തുന്ന സന്ദര്‍ശകരുടെ കയ്യില്‍ അനുവാദമില്ലാതെ ഗോമൂത്രം തളിച്ചെന്ന് റിപ്പോര്‍ട്ട്. കൊവിഡ് 19 ഭീതിയെത്തുടര്‍ന്ന് ശുദ്ധീകരണമെന്ന പേരിലാണ് സമ്മതമില്ലാതെ ഗോമൂത്രം തളിച്ചതെന്നാണ് വ്യക്തമാകുന്നത്. സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനാണ് ഇത് ചെയ്തതെന്ന് ഇസ്കോണ്‍ വ്യക്തമാക്കിയതായി ഓണ്‍ലൈന്‍ മാധ്യമമായ ക്വിന്‍റ് പുറത്തുവിട്ടു. 

തങ്ങളുടെ സമ്മതമില്ലാതെയാണ് ഇത് ചെയ്തതെന്ന് സന്ദര്‍ശകര്‍ ആരോപിച്ചു. കൊവിഡിനെ തടയുക എന്ന ഉദ്ദേശത്തോടെയാണ് ഇത് ചെയ്തതെന്ന് ആരോപണം സമ്മതിച്ച് ഇസ്കോണ്‍ പറഞ്ഞു.  അതേസമയം ഗോമൂതം തളിക്കുന്നതിന് മുമ്പ് അത് ഗോമൂത്രം ആണെന്ന് സന്ദര്‍ശകരോട് സുരക്ഷാ ജീവനക്കാരന്‍ വ്യക്തമാക്കേണ്ടതായിരുന്നുവെന്നും ഇസ്കോണ്‍ അധികൃതര്‍ പറഞ്ഞു. ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറിന്‍റെ ലഭ്യതക്കുറവാണ് ഗോമൂത്രം ഉപയോഗിക്കാന്‍ കാരണമെന്നും മാര്‍ച്ച് 15 ന് മാത്രമാണ് ഇത് ഉപയോഗിച്ചതെന്നും അവര്‍ വ്യക്തമാക്കി. 

'' ശുദ്ധീകരിച്ച ഗോമൂത്രമാണ് ഉപയോഗിച്ചത്. അത് അണുനാശിനിയും ബാക്ടീരിയകളെ നശിപ്പിക്കാന്‍ കഴിയുന്നവയുമാണ്. സാനിറ്റൈസറിന്‍റെ ലഭ്യതക്കുറവുകൊണ്ട് ഒരു ദിവസം മാത്രമാണ് ഇത് ഉപയോഗിച്ചത്.  റെസ്റ്റോറന്‍റില്‍ ഞങ്ങള്‍ക്ക് ആല്‍കഹോള്‍ അടങ്ങിയ ഹാന്‍റ് സാനിറ്റൈസര്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രധാന കവാടത്തില്‍ കുറച്ച് സമയം മാത്രം ഗോമൂത്രം ഉപയോഗിച്ചു.'' - ഇസ്കോണ്‍ വക്താവ് പാരിജാത പറഞ്ഞു. 

ഇസ്കോണ്‍ നടത്തുന്ന ഗോവിന്ദ റെസ്റ്റോറന്‍റ് സന്ദര്‍ശിച്ച രാജു പി നായരാണ് തന്‍റെ കയ്യില്‍ അനുവാദമില്ലാതെ തന്‍റെ കയ്യില്‍ ഗോമൂത്രം തളിച്ചതായി ട്വീറ്റ് ചെയ്തത്. '' ഇന്ന് എന്‍റെ സുഹൃത്ത് എന്നെ ഇസ്കോണ്‍ ക്ഷേത്ര സമുച്ചയത്തിലെ ഗോവിന്ദ റെസ്റ്റോറന്‍റില്‍ കൊണ്ടുപോയി. അവിടെ ഞാന്‍ സുരക്ഷാ നടപടികളിലൂടെ കടന്നുപോയി. സുരക്ഷാ ജീവനക്കാരന്‍ എന്നോട് കൈ കാണിക്കാന്‍ ആവശ്യപ്പെട്ടു. കൈ കാണിച്ചതും അവര്‍ എന്തോ ഒന്ന് കയ്യില്‍ തളിച്ചു. അതിന് ദുര്‍ഗന്ധമായിരുന്നു. ഇതോടെ അവരെ ചോദ്യം ചെയ്തപ്പോഴാണ് ഇത് ഗോമൂത്രമാണെന്ന് അറിയാനായത്. '' -  രാജു പി നായര്‍ ട്വീറ്റ് ചെയ്തു. 

ഈ ട്വീറ്റിന് പിന്നാലെ സമാനമായ അനുഭവം ഉണ്ടായവരും അത് വ്യക്തമാക്കി രംഗത്തെത്തി. തുടര്‍ന്നാണ് ഇസ്കോണ്‍ അധികൃതര്‍ സംഭവത്തിന് മറുപടി നല്‍കിയത്.