ബംഗലൂരു: കേരളത്തിലേക്കുള്ള അതിർത്തി കർണാടക അടച്ച വിഷയത്തിൽ സംസ്ഥാനങ്ങൾ തമ്മിൽ ധാരണയായെന്ന് കേന്ദ്ര സർക്കാർ. രോഗികളെയും കൊണ്ടുള്ള വാഹനങ്ങൾ തലപ്പാടിയിലൂടെ കടത്തിവിടും. ഇതുമായി ബന്ധപ്പെട്ട് പ്രോട്ടോക്കോൾ തയ്യാറായതായി കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ഇതിന്ർറെ അടിസ്ഥാനത്തിൽ കേസ് സുപ്രീംകോടതി തീര്‍പ്പാക്കി. കേന്ദ്ര സര്‍ക്കാരിന്‍റെ വാദം മാത്രം കേട്ടായിരുന്നു സുപ്രീംകോടതി തീരുമാനം.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറിമാർ എന്നിവർ യോഗം ചേർന്നുവെന്നും യോഗത്തിൽ പ്രശ്‌നപരിഹാരമായെന്നും സോളിസിറ്റർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചു. വിഷയത്തിൽ ധാരണയായ സാഹചര്യത്തിൽ ഹർജി അപ്രസക്തമായെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ്  ഹൈക്കോടതി ഉത്തരവിന് എതിരായ കർണാടകയുടെ ഹർജി തീർപ്പാക്കുകയായിരുന്നു. 

അതേസമയം ഹൈക്കോടതി വിധിക്കെതിരെ ഹര്‍ജി നൽകിയ കര്‍ണാടകത്തേയോ, കര്‍ണാടകത്തിനെതിരെ സത്യവാംങ്മൂലം നൽകിയ കേരളത്തേയോ, മറ്റ് ഹര്‍ജിക്കാരായ കേരള ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ, രാജ്മോഹൻ ഉണ്ണിത്താൻ
എന്നിവരുടെയോ വാദം സുപ്രീംകോടതി കേട്ടില്ല.

ദേശീയ പാത അടക്കാൻ കര്‍ണാടകത്തിന് ഏകപക്ഷീയമായി തീരുമാനിക്കാനാകില്ല എന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് കര്‍ണാടകം സുപ്രീംകോടതിയിലെത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗം മാത്രം കേട്ട് സുപ്രീംകോടതി എടുത്ത തീരുമാനത്തിൽ ഉത്തരവ് പരിശോധിച്ച ശേഷം തുടര്‍ നടപടി ആലോചിക്കുമെന്ന് കേരളത്തിന്‍റെ അഭിഭാഷകൻ അറിയിച്ചു.