തിരുവനന്തപുരം: പരിശോധനകളിൽ കണ്ടെത്തുന്ന രോഗികളുടെ എണ്ണത്തിൽ ദേശീയ ശരാശരിയെയും മറികടന്ന് കേരളം. രോഗവ്യാപന തോതിൽ കേരളത്തിന്റെ നില അതീവ ഗുരുതരമെന്ന് കഴിഞ്ഞ മൂന്നാഴ്ചകളിലെ കണക്കുകൾ തെളിയിക്കുന്നു. ദശ ലക്ഷം പേരിലെ കോവിഡ് ബാധയിൽ കേരളം രാജ്യത്ത് ആറാം സ്ഥാനത്ത് എത്തി.

ജൂൺ 1 മുതൽ 13 വരെയുള്ള ദിവസങ്ങളിൽ രാജ്യത്തെ പോസിറ്റിവിറ്റി ശതമാനം 7.4 ആയിരുന്നു. കേരളത്തിൽ ഇത് 1.6 ശതമാനവും. ജൂലൈ 25 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ ദേശീയ ശരാശരി 11ലേക്ക് ഉയർന്നപ്പോൾ കേരളത്തിൽ 5.6ശതമാനമായി. സെപ്റ്റംബർ 19 വരെയുള്ള കണക്ക് പ്രകാരം രാജ്യത്തെ പോസിറ്റിവിറ്റി ശതമാനം 8.7. കേരളത്തിൽ ദേശീയ ശരാശരി മറികടന്ന് 9.1 ശതമാനം. സെപ്റ്റംബർ ആദ്യവാരത്തിൽ തന്നെ ദേശീയ ശരാശരിയേക്കാൾ കേരളം മുന്നിൽ എത്തി. നാലര മാസം കൊണ്ട് കൊണ്ട് അഞ്ചര ഇരട്ടിയോളമുള്ള വർധന.

നിലവിൽ പോസിറ്റിവിറ്റി നിരക്കിൽ രാജ്യത്ത് ഏഴാം സ്ഥാനത്താണ് കേരളം. കഴിഞ്ഞ 3 ദിവസവും 11% ന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി. ദശലക്ഷം പേരിലെ രോഗബാധയിലും കേരളം ഇപ്പോൾ ഏറെ മുന്നിലാണ്. ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 5വരെയുള്ള ദിവസങ്ങളിൽ കേരളത്തിലെ ഒരോ പത്തു ലക്ഷം പേരിലും 56 പുതിയ രോഗികളാണ് ഉണ്ടായിരുന്നത്. അന്ന് പതിനൊന്നാം സ്ഥാനത്തായിരുന്നു കേരളം. സെപ്റ്റംബർ 5 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ ഓരോ പത്തു ലക്ഷത്തിലും 87 പുതിയ രോഗികൾ എന്ന നിലയിലായി. 12 മുതൽ 19 വരെയുള്ള ആഴ്ചയിൽ ഇത് 111ലേക്ക് ഉയർന്നു. നിലവിൽ കേരളം ആറാമത്. 

ദശലക്ഷം പേരിൽ 245 പുതിയ രോഗികളുമായി ദില്ലിയും 191 രോഗികളുമായി മഹാരാഷ്ട്രയുമാണ് ഏറ്റവും മുന്നിൽ ഉള്ള സംസ്ഥാനങ്ങൾ. ഒക്ടോബറിൽ സംസ്ഥാനത്ത് പ്രതിദിനം 10,000 രോഗികൾ വരെ ഉണ്ടായേക്കാം എന്നായിരുന്നു കണക്ക് കൂട്ടലുകൾ എങ്കിലും നിലവിലെ പരിശോധനകളുടെ തോത് അനുസരിച്ചു 7000 വരെ രോഗികളെയാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ നവംബറിലും അതേ തോതിൽ രോഗികൾ ഉണ്ടായേക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. ഒക്ടോബറും നവംബറും കേരളത്തിന് കടു കട്ടിയായിരിക്കുമെന്ന് ചുരുക്കം.