ദില്ലി: കൊവിഡ് 19 പ്രതിരോധിക്കാൻ നിര്‍ദ്ദേശങ്ങളെല്ലാം പൂര്‍ണ്ണമായും നടപ്പാക്കാൻ തയ്യാറാകണമെന്ന് കേന്ദ്ര സര്‍ക്കാര്‍. നിയന്ത്രണങ്ങൾ ഭാഗികമായി നടപ്പാക്കിയത് കൊണ്ട് കാര്യമില്ല. ചില സംസ്ഥാനങ്ങളില്‍ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയത് ആശ്വാസകരമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.

ആഭ്യന്തര സെക്രടറി കൊവിഡ് ബാധിത സംസ്ഥാനങ്ങളിലെ എല്ലാ ഡിജിപിമാരുമായും സംസാരിച്ചു. ലോക്ഡൗൺ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കണം എന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് രോഗികളെ ചികിത്സിക്കാൻ വേണ്ടി മാത്രം ആശുപത്രികൾ സജ്ജമാക്കാനും സംസ്ഥാനങ്ങൾക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടക്കാനും തീരുമാനം ആയി. 

കാബിനറ്റ് സെക്രട്ടി സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോൺഫറസിംഗ് വഴി സംസാരിച്ച് സ്ഥിതി വിലയിരുത്തിയിരുന്നു. അതിന് ശേഷമാണ് ആഭ്യന്തര മന്ത്രായലത്തിലേയും ആരോഗ്യ മന്ത്രാലയത്തിലേയും പ്രതിനിധികളും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഭാരവാഹികളും വാര്‍ത്താ സമ്മേളനം നടത്തിയത്. ലോക് ഡൗൺ കൊണ്ട് മാത്രമെ സമൂഹവ്യാപനം തടയാനാകു എന്ന് ആരോഗ്യ മന്ത്രാലയം സ്പെഷ്യൽ സെക്രട്ടറി ലവ് അഗർവാൾ വിശദീകരിച്ചു.

പരിശോധന കിറ്റുകൾ ആവശ്യത്തിന് ലഭ്യമാക്കാൻ നടപടി എടുത്തിട്ടുണ്ടെന്ന് ഐസിഎംആര്‍ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ്  പറ‍ഞ്ഞു. പരിശോധന സംവിധാനങ്ങളുടെ ചെലവ് കുറക്കാനും നടപടിയായിട്ടുണ്ട്. ടെസ്റ്റിംഗ് കിറ്റുകൾ കുറഞ്ഞ വിലക്ക് ലഭ്യമാക്കും