Asianet News Malayalam

ലോക്ക് ഡൗൺ ഫലം കാണുന്നു, രോഗവ്യാപനത്തിൽ 40% കുറവ്, കേരളത്തിന് കേന്ദ്രപ്രശംസ

രാജ്യത്ത് ഏറ്റവുമൊടുവിൽ പുറത്തുവന്ന കണക്കിൽ 13,835 കൊവിഡ് ബാധിതരുണ്ട് ആകെ. മരണസംഖ്യ 452 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 1076 കേസുകളാണ്. 32 പേരാണ് 24 മണിക്കൂറിൽ മരിച്ചത്.

covid 19 lockdown is effective 40 percent less in disease spreading rate
Author
New Delhi, First Published Apr 17, 2020, 6:28 PM IST
  • Facebook
  • Twitter
  • Whatsapp

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകൾ ഇരട്ടിക്കുന്നതിന്‍റെ തോത് കുത്തനെ കുറഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ലോക്ക് ഡൗണിന് ശേഷം രാജ്യത്ത് കൊവിഡ് രോഗവ്യാപനത്തിൽ 40 ശതമാനം കുറവുണ്ടായി. ലോക്ക് ഡൗണിന് മുമ്പ്, കൊവിഡ് കേസുകൾ മൂന്ന് ദിവസം കൊണ്ട് ഇരട്ടിയായെങ്കിൽ, ഇപ്പോഴതിന് 6.2 ദിവസം എടുക്കുന്നു. രോഗവ്യാപനത്തിൽ നാൽപത് ശതമാനം കുറവുണ്ടായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കൊവിഡ് നിയന്ത്രണവിധേയമാക്കുന്നതിൽ ഏറെ മുന്നിലെത്തിയ കേരളത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയന്‍റ് സെക്രട്ടറി ലാവ് അഗർവാൾ ഐഎഎസ് പ്രശംസിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ്, കേരളം കൊവിഡിനെ നേരിട്ട മാതൃക പ്രശംസനീയമാണെന്ന് കേന്ദ്രസെക്രട്ടറി വ്യക്തമാക്കിയത്. കേസുകൾ കണ്ടെത്തിയതും, അവയുടെ കോണ്ടാക്ട് ട്രേസ് ചെയ്തതും, അവരെ കൃത്യമായി ഐസൊലേറ്റ് ചെയ്ത് ചികിത്സ നൽകിയതും നേട്ടമായി. താഴേത്തട്ടിൽ അത്തരത്തിൽ മികച്ച പ്രവർത്തനം കേരളം കാഴ്ച വച്ചു. സമാനമായ നിരവധി മാതൃകകൾ രാജ്യത്തുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയന്‍റ് സെക്രട്ടറി വ്യക്തമാക്കി.

രാജ്യത്ത് ഏറ്റവുമൊടുവിൽ പുറത്തുവന്ന കണക്കിൽ 13,835 കൊവിഡ് ബാധിതരുണ്ട് ആകെ. മരണസംഖ്യ 452 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 1076 കേസുകളാണ്. 32 പേരാണ് 24 മണിക്കൂറിൽ മരിച്ചത്.

കണക്കുകളിങ്ങനെ

രാജ്യത്തെ രോഗവ്യാപനത്തോത് കുറയാൻ നിരവധി കാരണങ്ങളുണ്ടെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. പ്രധാനകാരണം ലോക്ക് ഡൗണാണ്. ടെസ്റ്റിംഗ് തോത് കൂട്ടിയതാണ് മറ്റൊരു കാരണം. കടുത്ത ശ്വാസകോശരോഗങ്ങളുള്ളവരെയും (Severe Acute Respiratory Illness - SARI) ഇൻഫ്ലുവൻസ പോലെയുള്ള രോഗങ്ങളുള്ളവരെയും (ILI - Influenza Like Diseases) കൃത്യമായി പരിശോധിച്ചിരുന്നു. ഇതും രോഗവ്യാപനം കുറയാൻ കാരണമായെന്നാണ് കേന്ദ്രസർക്കാർ വിലയിരുത്തൽ.

കേസുകൾ ഇരട്ടിക്കുന്നതിൽ ദേശീയശരാശരിയേക്കാൾ കുറവുള്ള 19 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു. കേരളം തന്നെയാണ് ഇതിൽ ഒന്നാം സ്ഥാനത്ത്. ഇതോടൊപ്പം രോഗവ്യാപനത്തോത് ഏറ്റവും കൂടുതലുള്ള ദില്ലി, ആന്ധ്രാപ്രദേശ്, തമിഴ്നാട്, തെലങ്കാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും രോഗവ്യാപനത്തോത് ദേശീയശരാശരിയേക്കാൾ കുറവാണെന്ന് കേന്ദ്രം വിശദീകരിക്കുന്നു. 

രോഗികളുടെ എണ്ണം കൂടുന്നതിന്‍റെ കണക്കിലും നേട്ടമാണെന്നാണ് കേന്ദ്രസർക്കാർ വിലയിരുത്തൽ. ഇന്നലത്തേതിനേക്കാൾ ഇന്ന് എത്ര കേസുകൾ കൂടി എന്നത് കണക്കാക്കിയാണ് രോഗികളുടെ എണ്ണം കൂടിയതിന്‍റെ ഗ്രോത്ത് ഫാക്ടർ (Covid Growth Factor) കണക്കാക്കുക. അതനുസരിച്ച്, മാർച്ച് 15 മുതൽ 21 വരെ ഈ ഗ്രോത്ത് ഫാക്ടർ 2.1 ശതമാനമായിരുന്നെങ്കിൽ ലോക്ക് ഡൗണിന് ശേഷം ഇത് 1.2 ശതമാനമായി കുറഞ്ഞു.

കൊവിഡ് രോഗം ഭേദമാകുന്നവരുടെയും രോഗം ബാധിച്ച് മരിക്കുന്നവരുടെയും അനുപാതം കണക്കാക്കുന്നതാണ് ഔട്ട്കം റേഷ്യോ (Outcome Ratio). ഇന്ത്യയിൽ നിലവിൽ 100-ൽ 80 ശതമാനം പേർക്കും രോഗം മാറി. മരണത്തിന് കീഴടങ്ങിയത് 20 ശതമാനം പേരാണ്.

വിവിധ സംസ്ഥാനങ്ങൾക്കായി അഞ്ച് ലക്ഷം റാപ്പിഡ് ആന്‍റിബോഡി ടെസ്റ്റുകൾ വിതരണം ചെയ്യുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. തിരുവനന്തപുരത്തെ ശ്രീചിത്രയടക്കമുള്ള ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ത്വരിതഫല ടെസ്റ്റിംഗ് കിറ്റുകൾ വികസിപ്പിക്കുന്നുണ്ട്. രാജ്യത്ത് പ്രതിരോധമരുന്നുൽപ്പാദനം കൂട്ടുന്നതിനായി നടപടികൾ തുടങ്ങിയെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. 

ഇതോടൊപ്പം ചൈനയിൽ നിന്ന് അടക്കം സ്വീകരിക്കുന്ന കിറ്റുകളിൽ ഗുണനിലവാരമില്ലാത്തത് തിരിച്ചയക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയന്‍റ് സെക്രട്ടറി വ്യക്തമാക്കി. 

''നമുക്ക് പിപിഇ കിറ്റുകൾ അടക്കം പരിശോധിക്കാൻ ഗുണനിലവാരസൂചികകളുണ്ട്. അതനുസരിച്ച് കൃത്യമായ ഗുണനിലവാരം ഉറപ്പാക്കുന്നവ മാത്രമേ ഏത് ദാതാക്കളിൽ നിന്നും സ്വീകരിക്കുന്നുള്ളൂ. അതല്ലാത്തവ തിരിച്ചയക്കും'', എന്ന് കേന്ദ്രസർക്കാർ. 

Follow Us:
Download App:
  • android
  • ios