ദില്ലി: ലോക്ക്ഡൗൺ കാരണം ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് പോകവെ ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി വീണ്ടും വിവിധ വാഹനാപകടങ്ങളിലായി 16 കുടിയേറ്റത്തൊഴിലാളികൾ കൂടി മരിച്ചു. ബിഹാറിൽ തൊഴിലാളികൾ സഞ്ചരിച്ച ട്രക്കും ബസും കൂട്ടിയിടിച്ച് 9 പേരാണ് മരിച്ചത്. മഹാരാഷ്ട്രയിലെ അപകടത്തിൽ നാല് തൊഴിലാളികൾക്ക് ജീവൻ നഷ്ടമായി. ഉത്തർപ്രദേശിലെ മിസാപുർ ഹൈവേയിലുണ്ടായ അപകടത്തിൽ ലോറി മറിഞ്ഞ് മൂന്ന് പേർ മരിച്ചു. മരിച്ച മൂന്ന് പേരും സ്ത്രീകളാണ്. 

ബിഹാറിലെ ഭഗൽപൂരിലെ അപകടത്തിൽ നിരവധി തൊഴിലാളികൾക്ക് പരിക്കുമേറ്റിട്ടുണ്ട്. ട്രക്കും ബസ്സും ഇടിച്ചതിന്‍റെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ തൊഴിലാളികൾക്കാണ് പരിക്കേറ്റത്. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. പുലർച്ചെയാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

മഹാരാഷ്ട്രയിലെ യാവത്മാലിലും അപകടമുണ്ടായത് പുലർച്ചെയാണ്. തൊഴിലാളികൾ സഞ്ചരിച്ച ബസ്സും ട്രക്കും കൂട്ടിയിടിക്കുകയായിരുന്നു. മൂന്ന് തൊഴിലാളികളും ട്രക്ക് ഡ്രൈവറുമാണ് അപകടത്തിൽ മരിച്ചത്. 22 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചരക്ക് കൊണ്ടുപോയ ട്രക്കുമായാണ് ബസ്സ് കൂട്ടിയിടിച്ചത്. 

സോലാപൂരിൽ നിന്ന് നാഗ്പൂർ റെയിൽവേസ്റ്റേഷനിലേക്ക് പോകുകയായിരുന്നു തൊഴിലാളികൾ. ഇവിടെ നിന്ന് ജാർഖണ്ഡിലേക്ക് പോകുന്ന ശ്രമിക് ട്രെയിനിൽ കയറാനായി പോകുകയായിരുന്നു തൊഴിലാളികൾ. 

ഉത്തർപ്രദേശിലെ ജാൻസി മിർസാപൂർ ഹൈവേയിൽ കുടിയേറ്റത്തൊഴിലാളികളെ കയറ്റി പോകുകയായിരുന്ന ട്രക്ക് മറിഞ്ഞ് മൂന്ന് സ്ത്രീകളാണ് മരിച്ചത്. 12 പേർക്ക് പരിക്കേറ്റു. 17 പേരടങ്ങിയ സംഘം ദില്ലിയിൽ നിന്ന് കിഴക്കൻ ഉത്തർപ്രദേശിലെ വിവിധ ഗ്രാമങ്ങളിലേക്ക് നടക്കുകയായിരുന്നു. ഇതിനിടെയാണ് ഒരു ട്രക്ക് ഡ്രൈവർ ഇവരെ കയറ്റി ഗ്രാമങ്ങൾക്ക് തൊട്ടടുത്ത് കൊണ്ടുപോയി വിടാമെന്ന് പറഞ്ഞത്. അങ്ങനെ ഇവർ കയറിയ ട്രക്കാണ് പിന്നീട് അപകടത്തിൽപ്പെട്ടതെന്ന്, പരിക്കേറ്റ് ആശുപത്രിയിലായവർ പറയുന്നു. 

കാൽനടയായി ആരെയും ഉത്തർപ്രദേശിലേക്ക് പ്രവേശിപ്പിക്കില്ലെന്നും, അങ്ങനെ ആരെങ്കിലും വന്നാൽ അവർക്ക് വേണ്ട ക്വാറന്‍റൈൻ സൗകര്യങ്ങളും നൽകുമെന്നുമാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നതെങ്കിലും അത് നടപ്പായിട്ടില്ലെന്ന് തന്നെയാണ് അപകടങ്ങൾ തെളിയിക്കുന്നത്. 

കഴിഞ്ഞയാഴ്ച 26 കുടിയേറ്റത്തൊഴിലാളികളാണ് ഉത്തർപ്രദേശിലെ ഔരയ്യയിൽ വാഹനാപകടത്തിൽ മരിച്ചത്. ഔറംഗാബാദിൽ പാളത്തിൽ കിടന്നുറങ്ങവെ തീവണ്ടി പാഞ്ഞുകയറി കുട്ടികളുൾപ്പടെ 16 തൊഴിലാളികളും മരിച്ചത് രാജ്യത്തെ നടുക്കിയിരുന്നു. 

കുടിയേറ്റ തൊഴിലാളികൾക്കായി കൂടുതൽ ട്രെയിനുകൾ ഓടിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. റയിൽവേ മന്ത്രാലയവുമായി ആലോചിച്ച് തീരുമാനമെടുക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദ്ദേശം. പക്ഷേ ഇപ്പോഴും ഇതിനുള്ള പണം കൊടുക്കാനില്ലാത്തവരോ, ടിക്കറ്റ് കിട്ടാത്തവരോ ആയ നിരവധി കുടിയേറ്റത്തൊഴിലാളികളാണ് വീടുകളിലേക്ക് തെരുവുകളിലൂടെ നടന്നുകൊണ്ടേയിരിക്കുന്നത്.