തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരികെ നാട്ടിലെത്തിക്കാൻ വേണ്ടി വരുന്ന ചെലവ് വഹിക്കാൻ കോൺഗ്രസ് തയ്യാറാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കര്‍ണ്ണാടക,മഹാരാഷ്ട്രാ കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റികള്‍ മുംബൈ, ബാംഗ്ലൂര്‍ എന്നിവടങ്ങളില്‍ നിന്നും ഓരോ ട്രെയിനിന്റെയും കേരളത്തിലേക്കുള്ള യാത്ര ചെലവ് വഹിക്കാമെന്ന് കെപിസിസിയെ അറിയിച്ചതായും മുല്ലപ്പള്ളി പറഞ്ഞു.

ഇവിടങ്ങളില്‍ നിന്നും കേരളത്തിലേക്കെത്താനുള്ള ട്രെയിനായുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ കേരള സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും. ഇതുസംബന്ധമായി എത്ര തുക ചെലുവുവരുമെന്ന് അറിയിച്ചാല്‍ എത്രയും വേഗം ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താമെന്നും കര്‍ണ്ണാടക, മഹാരാഷ്ട്ര കോണ്‍ഗ്രസ് കമ്മിറ്റികള്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും മുല്ലപ്പള്ളി അറിയിച്ചു.

തമിഴ്‌നാട്ടിൽ നിന്നും കര്‍ണ്ണാടകയിൽ നിന്നും മലയാളികളെ കെഎസ്ആര്‍ടിസി ബസ്സില്‍ നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഒട്ടും വൈകരുതെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ ട്രെയിന്‍ മാര്‍ഗം സംസ്ഥാനത്തെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നത്തെ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ദില്ലിയില്‍ നിന്ന് ആദ്യ ട്രെയിന്‍ പുറപ്പെടുമെന്നാണ് കരുതുന്നതെന്നും ഇതിൻ്റെ തീയതി ഉടൻ അറിയാൻ കഴിയുമെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

വിദ്യാര്‍ത്ഥികള്‍ക്കാണ് മുന്‍ഗണനയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ദില്ലി, മുംബൈ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് ട്രെയിന്‍ സര്‍വീസ് ഉണ്ടാകും. മറ്റ് മാര്‍ഗമില്ലാത്തവരെ എങ്ങനെ എത്തിക്കുമെന്ന് ആലോചിച്ച് നടപടി സ്വീകരിക്കും. എല്ലാവരെയും ഇങ്ങോട്ട് കൊണ്ടുവരുക എന്ന സമീപനത്തിന്റെ ഭാഗമായാണ് നടപടി.- ഇതായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ

വിദേശത്ത് നിന്ന് വരുന്നവരെയും മറ്റ് സംസ്ഥാനത്ത് നിന്ന് വരുന്നവരോടും ഒരേ സമീപനമാണ് സംസ്ഥാനത്തിനെന്നും ഏറ്റവും പ്രാധാന്യം സുരക്ഷയ്ക്കാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.