ചെന്നൈ: നാല് ദിവസത്തെ സമ്പൂർണ ലോക്ക്ഡൗൺ അവസാനിച്ചതോടെ തമിഴ്നാട്ടിൽ കടകൾക്ക് മുന്നിൽ  നീണ്ട ക്യൂ. അവശ്യസാധനങ്ങൾ വാങ്ങാൻ ജനം കൂട്ടത്തോടെ തെരുവിലിറങ്ങി. നാല് ദിവസത്തെ സമ്പൂർണ ലോക്ഡൗൺ അവസാനിച്ചതിന് പിന്നാലെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്നതോടെ റെഡ് സോൺ മേഖലയിലും വൻ തിരക്കുണ്ട്. ചിലയിടങ്ങളിൽ കടയുടമകളും ജനങ്ങളും നിർദ്ദേശങ്ങളനുസരിക്കുന്നുണ്ടെങ്കിലും പലയിടങ്ങളിലും മാസ്ക്ക്, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ നിർദ്ദേശങ്ങൾ ലംഘിക്കപ്പെടുകയാണ്. ചിലയിടങ്ങളിൽ പൊലീസ് ലാത്തിവീശി.

ചെന്നൈയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടാകുന്നത്. പൊതുസമ്പര്‍ക്കം പുലര്‍ത്തിയ കൂടുതല്‍ പേരില്‍ രോഗം കണ്ടെത്തി. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ജീവനക്കാര്‍ക്കും വ്യാപാരികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയില്‍ സ്ഥിതി നിയന്ത്രണവിധേയമല്ലെന്നും കടുത്ത നിയന്ത്രണം തുടരുമെന്നും തമിഴ്നാട് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. രോഗലക്ഷ്ണം ഇല്ലാത്ത കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് സംസ്ഥാനത്ത് സ്ഥിതിഗതികൾ കൂടുതൽ ദുഷ്ക്കരമാക്കുന്നു. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിൽ ഡോക്ടർ നഴ്സ് ശുചീകരണ തൊഴിലാളി ഉൾപ്പടെ 16 പേർക്ക് കെവിഡ് സ്ഥിരീകരിച്ചിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ഉൾപ്പടെ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ 26 പൊലീസുകാര്‍ നിരീക്ഷണത്തിലുണ്ട്.