ദില്ലി: മധ്യപ്രദേശിലെ ഏറ്റവും വലിയ കൊവിഡ് 19 ഹോട്ട്സ്പോട്ടുകളിൽ ഒന്നാണ് ഇൻഡോ‌ർ നഗരം. ആദ്യഘട്ടത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ വന്ന വീഴ്ചയാണ് ഇൻഡോറിനെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. നഗരത്തിൽ രോഗികളുടെ എണ്ണം വർധിക്കുന്നതോടെ ആശങ്കയിലാണ് ഇവിടുത്തെ മലയാളി സമൂഹം.

ഇൻഡോ‌റിൽ ഒരോ ദിവസവും കൊവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്. ദേശീയ ശരാശരിയെക്കാൾ മൂന്ന് മടങ്ങാണ് ഇൻഡോ‌റിലെ ഇപ്പോഴത്തെ മരണനിരക്ക്. മുപ്പതിനായിരം മലയാളികൾ ഇവിടെ താമസിക്കുന്നുവെന്നാണ് ഇൻഡോർ മലയാളി സമാജത്തിന്റെ കണക്കുകൾ. ക്ലീൻ സിറ്റി എന്ന വിശേഷണത്തിൽ നിന്ന് ഹോട്ട്സ്പോട്ടിലേക്കുള്ള ഇൻഡോറിന്റെ യാത്രയിൽ ആശങ്കയിലാണ് ഇവിടുത്തെ മലയാളി സമൂഹം. 

ഹോട്ട്സ്പോട്ടായതിനാൽ കർശന നിയന്ത്രണങ്ങളാണ് നിലവിൽ നഗരത്തിലുള്ളത്. പ്രതിരോധ പ്രവർത്തനങ്ങളിൽ തുടക്കത്തിൽ വന്ന് പാളിച്ചയാണ് ഇൻഡോറിനെ പ്രതിസന്ധിയിലാക്കിയതെന്ന് ഇവിടുത്തെ മലയാളികൾ പറയുന്നു. കർ‍ശനനിയന്ത്രണങ്ങളെ തുടർന്ന് ആവശ്യസാധനങ്ങളുടെ ക്ഷാമം അനുഭവപ്പെട്ട് തുടങ്ങിയതായും മലയാളികൾ പറയുന്നു. നിലവിൽ ഒരു മലയാളിക്ക് മാത്രമാണ് ഇവിടെ രോഗം സ്ഥീരീകരിച്ചത്. ഇവ‍ർ സ്വകാര്യസ്ഥാപനത്തിലെ നഴ്സാണ്.