Asianet News MalayalamAsianet News Malayalam

മുംബൈയിൽ 53 മാധ്യമപ്രവർത്തകർക്ക് കൂട്ടത്തോടെ കൊവിഡ്, നഗരത്തിലെ നഴ്സുമാരും സമ്മർദ്ദത്തിൽ

നേരത്തേ മുംബൈയിൽ രണ്ട് മാധ്യമപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് 167 മാധ്യമപ്രവർത്തകരെ കൂട്ടത്തോടെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതിൽ 53 എണ്ണമാണ് പോസിറ്റീവായി കണ്ടെത്തിയിരിക്കുന്നത്.

covid 19 many journalists tests positive for coronavirus in mumbai
Author
Mumbai, First Published Apr 20, 2020, 3:56 PM IST

മുംബൈ: മാധ്യമപ്രവർത്തകർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചതോടെ അതീവജാഗ്രതയിലാണ് മുംബൈ നഗരത്തിലെ മാധ്യമസമൂഹം. 53 മാധ്യമപ്രവർത്തകർക്കാണ് മുംബൈയിൽ കൊവിഡ് കൂട്ടത്തോടെ സ്ഥിരീകരിച്ചത്. നേരത്തേ നഗരത്തിൽ രണ്ട് മാധ്യമപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാധ്യമപ്രവർത്തകർക്കിടയിൽ കൂട്ടത്തോടെ കൊവിഡ് പരിശോധന നടത്തിയത്.

ഏപ്രിൽ 1-ന് നടത്തിയ പ്രത്യേക ക്യാമ്പിൽ വച്ച് 167 മാധ്യമപ്രവർത്തകരെയാണ് ബോംബെ മെട്രോ കോർപ്പറേഷൻ - ബിഎംസി കൂട്ടത്തോടെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതിൽ 53 എണ്ണമാണ് ഇതുവരെ പോസിറ്റീവായി കണ്ടെത്തിയത്. ഇനിയും ഫലങ്ങൾ വരാനുണ്ട്. എണ്ണം കൂടാൻ തന്നെയാണ് സാധ്യതയെന്നും ബിഎംസി ആരോഗ്യസമിതി വ്യക്തമാക്കുന്നു.

വിവിധ ന്യൂസ് ചാനലുകളിലെ റിപ്പോർട്ടർമാർക്കും, ക്യാമറാമാൻമാർക്കും, ഫോട്ടോഗ്രാഫർമാർക്കുമാണ് കൊവിഡ് നിലവിൽ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ പലർക്കും കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നില്ല എന്നതും ആശങ്ക കൂട്ടുന്നു. ഈ സാഹചര്യത്തിൽ മിക്ക മാധ്യമപ്രവർത്തകരോടും ക്വാറന്‍റീനിൽ പോകാനും ന്യൂസ് റൂമുകളിൽ കർശനമായും വർക് ഫ്രം ഹോം പാലിക്കാനും ബിഎംസി നിർദേശം നൽകിയിട്ടുണ്ട്. 

നഴ്സുമാരും ആശങ്കയിൽ, ഫലം കാണിക്കാതെ ജോലി ചെയ്യാൻ സമ്മർദ്ദം

മഹാരാഷ്ട്രയിൽ അഞ്ച് മലയാളി നഴ്സുമാർക്ക് കൂടി കൊവിഡ്. ബോംബെ ആശുപത്രിയിൽ രണ്ടും പൂനെ റൂബി ആശുപത്രിയിൽ മൂന്ന് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പരിശോധനാ ഫലം കാണിക്കാതെ ജോലി ചെയ്യാൻ നിർബന്ധിക്കുന്നെന്നതായി ജസലോക് ആശുപത്രിയിലെ നഴ്സുമാർ‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 4200 ആണെന്നാണ് ഏറ്റവുമൊടുവിൽ പുറത്തുവന്നിരിക്കുന്ന ഔദ്യോഗിക കണക്ക്.

കൊവിഡ് ബാധിച്ച നഴ്സുമാരുടെ എണ്ണം മുംബൈയിൽ മാത്രം 200-നോട് അടുക്കുകയാണ്. സുരക്ഷാ മുൻകരുതലുകളില്ലാതെ നഴ്സുമാരെ ജോലി ചെയ്യിക്കുന്നില്ലെന്ന പരാതി ഒരു വശത്ത്. അതിനിടെയാണ് പരിശോധനാഫലം കാണാനുള്ള അവകാശവും ലംഘിക്കപ്പെടുന്നത്. 

മുംബൈയിലെ ജസ്‍ലോക് ആശുപത്രിയിലെ നഴ്സുമാരുടെ രണ്ട് ഹോസ്റ്റലുകളിലൊന്നിൽ 36 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാമത്തെ ഹോസ്റ്റലിലും കോവിഡ് രോഗികളുമായി സമ്പർക്കത്തിലായവരുണ്ട്. എന്നാൽ 60 പേരുടേയും സാമ്പിളുകൾ കൊണ്ടുപോയി 24 മണിക്കൂറിനുള്ളിൽ തന്നെ എല്ലാവർക്കും നെഗറ്റീവായെന്ന് ആശുപത്രി മാനേജ്മെന്‍റ് അറിയിച്ചു. മാത്രമല്ല പരിശോധനാ ഫലം കാണിക്കാതെ തന്നെ ജോലിക്ക് കയറണമെന്ന് ആവശ്യപ്പെട്ടെന്ന് നഴ്സുമാർ പറയുന്നു.

രോഗം പടരുന്ന സാഹചര്യത്തിൽ പൂനെ, പിപ്രി ചിൻച്‍വാദ്, താനെ മേഖലകളാകെ തീവ്രബാധിതമേഖലകളായി പ്രഖ്യാപിച്ചു. ഇവിടെ ഏപ്രിൽ 27 വരെ കർശന നിയന്ത്രണം തുടരും. അതേസമയം രോഗവ്യാപനം കുറഞ്ഞ ഓറഞ്ച് ഗ്രീൻ സോണുകളിൽ വ്യവസായശാലകൾക്ക് നിയന്ത്രണങ്ങളോടെ പ്രവർത്തനാനുനമതി നൽകുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു.

Follow Us:
Download App:
  • android
  • ios