ദില്ലി: കൊവിഡ് 19 അഥവാ കൊറോണവൈറസ് ബാധിച്ച ഇടങ്ങളിൽ വളരെപ്പെട്ടെന്ന് ഫലപ്രദമായ ഇടപെടൽ നടത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞെന്ന് സാർക് ലോകനേതാക്കളുടെ വീഡിയോ കോൺഫറൻസിംഗ് യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണവൈറസ് ബാധയെ എതിരിടാനുള്ള ആഗോളനയം രൂപീകരിക്കാനാണ് സാർക് ലോകനേതാക്കൾ യോഗം ചേർന്നത്. കൊറോണയെ നേരിടാൻ സാർക് രാജ്യങ്ങൾ ചേർന്ന് അടിയന്തരധനസഹായ ഫണ്ട് രൂപീകരിക്കണമെന്നും, അതിനായി ഇന്ത്യ 10 മില്യൺ യുഎസ് ഡോളർ നൽകാൻ തയ്യാറാണെന്നും മോദി അഭിപ്രായപ്പെട്ടു.

പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഒഴികെ ബാക്കിയെല്ലാ ലോകനേതാക്കളും യോഗത്തിൽ വീഡിയോ കോൺഫറൻസിംഗ് വഴി പങ്കെടുത്തു. പാക് വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണ് ഇമ്രാൻ ഖാന് പകരം പങ്കെടുത്തത്.

ലോകത്തെമ്പാടും 5000-ത്തോളം പേരാണ് കൊവിഡ് രോഗം ബാധിച്ച് മരിച്ചത്. ''ജാഗ്രത വേണം, ഭയം വേണ്ട എന്നതാണ് സർക്കാരിന്‍റെ പ്രധാനനയം. പരിഭ്രാന്തി ഒഴിവാക്കാൻ ഇന്ത്യക്ക് കഴിഞ്ഞു'', എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാർക് രാജ്യങ്ങളിലെല്ലാമായി 150-ലധികം കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ എങ്കിലും ഈ സാഹചര്യത്തിൽ അതീവജാഗ്രത തന്നെ വേണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ഇത്തരം യോഗങ്ങൾ പ്രതിരോധപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കാൻ സഹായിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കിടയിലെ പ്രാദേശിക കൂട്ടായ്മ ശക്തിപ്പെടുത്താനായി രൂപീകരിച്ച രാജ്യാന്തര സംഘടനയാണ് സാർക് (സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജ്യണൽ കോ-ഓപ്പറേഷൻ). ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, മാലിദ്വീപ്, നേപ്പാൾ, ശ്രീലങ്ക എന്നിവയാണ് സാർകിലെ അംഗങ്ങൾ. 

സാർക് യോഗത്തിൽ ആദ്യം സംസാരിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. പടിപടിയായി ഇന്ത്യ സ്വീകരിച്ച നടപടികൾ ഫലപ്രദമാണെന്ന് വ്യക്തമായി. ഉടനടി മെഡിക്കൽ സ്റ്റാഫിന് ട്രെയിനിംഗ് നൽകാൻ കഴിഞ്ഞു. വൈറസ് ബാധയ്ക്ക് സാധ്യതയുള്ള ഇടങ്ങളിൽ വ്യക്തമായ ബോധവത്കരണം നടത്തി.

ഇന്ത്യയിൽ കൊവിഡ് ടെസ്റ്റിംഗ് ലാബോറട്ടറീസിന്‍റെ എണ്ണം കൂട്ടി. 1400 ഇന്ത്യക്കാരെ രോഗബാധ പടർന്ന് തുടങ്ങിയപ്പോൾത്തന്നെ ഇന്ത്യ തിരികെ എത്തിച്ചു. അയൽരാജ്യങ്ങളിലുള്ളവരെയും സഹായിക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. വിദേശരാജ്യങ്ങളിലെ പൗരൻമാർ ഇന്ത്യയിൽ കുടുങ്ങിപ്പോയ അവസ്ഥയുണ്ടായിട്ടുണ്ട്. അവർക്ക് ഉള്ള ആശങ്കകൾ മനസ്സിലാക്കിയുള്ള നടപടിയെടുക്കും - മോദി വ്യക്തമാക്കി.

ജനുവരി മധ്യത്തിൽത്തന്നെ ഇന്ത്യയിലേക്ക് വരുന്ന പൗരൻമാരെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. യാത്രകളിൽ പതുക്കെപ്പതുക്കെ നിയന്ത്രണങ്ങൾ കൂട്ടുകയാണ് - എന്നും മോദി വ്യക്തമാക്കി.

കൊറോണവൈറസിനെ നേരിടാനുള്ള മരുന്ന് കണ്ടെത്താൻ ഒരു സംയുക്തസംഘം വേണമെന്ന് അഫ്ഗാൻ പ്രസിഡന്‍റ് അഷ്റഫ് ഗനി നിർദേശിച്ചു. ഇന്ത്യയുടെ സഹായത്തിന് നന്ദിയെന്ന് മാലിദ്വീപ് പ്രസിഡന്‍റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹ് വ്യക്തമാക്കി.

വൈറസ് വ്യാപനം തടയാൻ സംയുക്തരാജ്യങ്ങൾ ചേർന്ന് ഒരു പ്രോട്ടോക്കോൾ രൂപീകരിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്‍റ് ഗോട്ടഭയ രാജപക്സ വ്യക്തമാക്കി. വുഹാനിൽ നിന്ന് 23 വിദ്യാർത്ഥികളെ ബംഗ്ലാദേശിൽ തിരികെയെത്തിച്ചതിന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നന്ദി പറയുകയും ചെയ്തു.

ഇന്ത്യയിൽ ആകെ ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് 19 കേസുകൾ 107 ആണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നത്. 31 കേസുകൾ. 23 കേസുകളാണ് ഇന്നലെയും ഇന്നുമായി റിപ്പോർട്ട് ചെയ്തത്. ഇതിൽ ഭൂരിപക്ഷവും മഹാരാഷ്ട്രയിലാണ്.