ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 39 ആയതോടെ കേന്ദ്ര സര്‍ക്കാരും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും മുന്‍കരുതല്‍ ശക്തമാക്കി.  കൂടുതല്‍ പരിശോധനാ സംവിധാനങ്ങളൊരുക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഭൂട്ടാനില്‍ അമേരിക്കന്‍ വിനോദസഞ്ചാരിക്ക് രോഗം സ്ഥിരീകരിച്ചതോടെ വടക്കു കിഴക്കന്‍ മേഖലയിലും നിരീക്ഷണം ശക്തമാക്കി

രാജ്യത്ത് കൊവിഡ് ബാധിതരുടെ കണക്കുയരുന്നതോടെയാണ് കൂടുതല്‍ പരിശോധനാ കേന്ദ്രങ്ങള്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശ പ്രകാരം തുറന്നത്. 25000 ടെസ്റ്റുകള്‍ നടത്താനുള്ള ശേഷി രാജ്യത്തെ 52 ലാബുകള്‍ക്കുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. എയിംസ്, നാഷണല്‍ സെന്‍റര്‍ ഫോര്‍
ഡിസീസ് കണ്‍ട്രോള്‍ എന്നിവയാണ് ദില്ലിയിലെ പ്രധാന പരിശോധനാ കേന്ദ്രങ്ങള്‍. 

Read Also: കൊവിഡ് 19: പത്തനംതിട്ടയില്‍ മാത്രം 3000 പേര്‍ നിരീക്ഷണത്തിലാവും, റാന്നിയില്‍ അതീവജാഗ്രത

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള ദില്ലി മേഖലയിലെ ടാസ്ക് ഫോഴ്സ് യോഗം വിളിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മുന്‍കരുതല്‍ ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. പഞ്ചാബ്  മുഖ്യമന്ത്രി ക്യാപ്റ്റന്‍  അമരേന്ദിര്‍ സിങ്ങ് ഏഴംഗ മന്ത്രിതല ഉപസമിതി രൂപീകരിച്ചു. കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ അടയ്ക്കണമെന്ന് ഉത്തരാഖണ്ഡ് ആരോഗ്യ വകുപ്പ് ശുപാര്‍ശ നല്‍കി. ഹോളിക്ക് ശേഷം തീരുമാനമുണ്ടായേക്കും.

ദില്ലിക്കും ജമ്മുവിനും പിന്നാലെ ഉത്തരാഖണ്ഡിലും സര്‍ക്കാര്‍ ജീവനക്കാരുടെ ബയോമെട്രിക് പഞ്ചിങ് ഒഴിവാക്കി. ഭൂട്ടാനില്‍ കൊവിഡ് സ്ഥിരീകരിച്ച അമേരിക്കന്‍ സ്വദേശി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെത്തിയതിനെ തുടര്‍ന്ന് 150 പേരെയാണ് നിരീക്ഷണത്തിലാക്കിയത്. അരുണാചല്‍ പ്രദേശ് വിദേശികള്‍ക്ക് നല്‍കുന്ന സന്ദര്‍ശന പെര്‍മിറ്റ് താത്കാലികമായി നിര്‍ത്തിവച്ചു.

Read Also: ആശങ്കയുയർത്തി കൊവിഡ് 19 : എടുക്കേണ്ട മുൻകരുതലുകൾ