വാഷിംഗ്ടൺ: കൊവിഡ് വൈറസ് രോഗം ബാധിച്ച് അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 2211 ആയി. ഇന്നലെ മാത്രം 1900 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൊത്തം കേസുകളുടെ എണ്ണം ഒരു ലക്ഷത്തി ഇരുപത്തിമൂവായിരം കവിഞ്ഞു. ന്യൂയോർക്കിൽ മാത്രം അരലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചു. കൂടുതൽ പേരും  വീട്ടിൽ അടച്ചിട്ട് താമസിക്കുകയാണ്. വൈറസ് വ്യാപനം തടയാൻ ന്യൂയോർക്കും ന്യൂജഴ്സിയുടെയും കണക്ടിക്കട്ടിന്‍റെയും ചില ഭാഗങ്ങളും ക്വാറന്‍റൈൻ ചെയ്യാൻ ആലോചിക്കുന്നതായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

കൊവിഡ് പടരുന്ന പശ്ചാത്തലത്തിൽ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അടിയന്തിര  സാമ്പത്തിക  പാക്കേജിന് ജനപ്രതിനിധി സഭ അംഗീകാരം നൽകി. പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് ഒപ്പിട്ടതോടെ 2 ലക്ഷം കോടി ഡോളറിന്‍റെ സാമ്പത്തിക പാക്കേജ് നിലവിൽ വന്നു. തൊഴിലില്ലായ്മ കുറയ്ക്കുക, പ്രതിസന്ധിയിലായ  കുടുംബങ്ങളെ സഹായിക്കുക, ആരോഗ്യ മേഖല ശക്തമാക്കുക എന്നിവയാണ് പാക്കേജിന്‍റെ ലക്ഷ്യങ്ങൾ. അഞ്ച് മിനിറ്റിനകം കോവിഡ്‌ സ്ഥിരീകരിക്കാനാകുന്ന തരത്തിൽ സ്വകാര്യ കമ്പനി വികസിപ്പിച്ച് പരിശോധനയ്ക്ക്  അമേരിക്ക അനുമതി നൽകി.  

അതേ സമയം മൂവായിരത്തോളം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്വീഡനില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ലോകരാജ്യങ്ങള്‍ കര്‍ശന നടപടി സ്വീകരിക്കുന്പോഴും സ്വീഡന്‍ സ്വീകരിക്കുന്ന ഉദാസീന നിലപാടില്‍ ആശങ്കയിലാണ് ജനങ്ങള്‍.