11:32 PM (IST) Mar 23

മലപ്പുറത്തും വയനാട്ടിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു

കൊവിഡ് 19 ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് അര്‍ധരാത്രി മുതലാണ് നിരോധനാജ്ഞ പ്രാബല്ല്യത്തില്‍ വരിക. അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം കൂടി നില്‍ക്കരുത്. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മലപ്പുറത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു

10:19 PM (IST) Mar 23

രാജ്യത്തെ സിനിമാ മേഖലയും സമ്പൂര്‍ണ്ണ ലോക്ക് ഡൗണിലേക്ക്

കൊവിഡ് 19 ജാഗ്രതയുടെ ഭാഗമായി കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണിലേക്ക് പോകുന്ന സാഹചര്യത്തില്‍ രാജ്യത്ത് സിനിമകളുടെ സെന്‍സറിംഗ് നടപടികള്‍ നിര്‍ത്തിവെക്കാന്‍ സിബിഎഫ്‍സി തീരുമാനമെടുത്തു. ഈ മാസം 31 വരെ തിരുവനന്തപുരം ഉള്‍പ്പെടെ സെന്‍സര്‍ ബോര്‍ഡിന്‍റെ റീജിയണല്‍ ഓഫീസുകള്‍ അടച്ചിടും. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

10:18 PM (IST) Mar 23

അടച്ചുപൂട്ടൽ നടപ്പാക്കാൻ കർശന നടപടിയുമായി പൊലീസ്; ഐജിമാർ ഉൾപ്പെടെ രംഗത്ത്

സംസ്ഥാനത്ത് പൂർണ്ണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ കർശന നടപടികളുമായി പൊലീസ്. അടച്ചുപൂട്ടൽ സംബന്ധിച്ച നടപടികൾ ഏകോപിപ്പിക്കാൻ ഐ ജിമാർ, ഡി ഐ ജിമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവരുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ അഞ്ചു മണി മുതൽ ശക്തമായ പൊലീസ് സന്നാഹം നിരത്തുകളിൽ ഉണ്ടാകും. 

10:17 PM (IST) Mar 23

കൊവിഡ് 19: രാജ്യത്ത് ഇന്ന് രണ്ട് മരണം, 467 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കൊവിഡ് ബാധിച്ച് ഇന്നുമാത്രം രാജ്യത്ത് മരിച്ചത് രണ്ടുപേര്‍. ഇതോടെ മരണസംഖ്യ ഒന്‍പതായി ഉയര്‍ന്നു. കൊല്‍ക്കത്തിയിലും ഹിമാചല്‍ പ്രദേശിലുമാണ് മരണം സംഭവിച്ചത്. അമേരിക്കയില്‍ നിന്ന് വന്ന ടിബറ്റന്‍ അഭയാര്‍ത്ഥിയാണ് ഹിമാചല്‍ പ്രദേശില്‍ മരിച്ചത്. ഇറ്റലിയില്‍ നിന്ന് വന്നയാളാണ് മരിച്ച മറ്റൊരാള്‍. ഇയാള്‍ കൊല്‍ക്കത്തയിലെ എഎംആര്‍എ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 467 ആയി ഉയര്‍ന്നു

10:15 PM (IST) Mar 23

പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അവധി

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാര്‍ച്ച് 31 വരെ വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ അടച്ചിടും. കൊറോണ പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ആളുകള്‍ ഒന്നിച്ച് ജോലി ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ് തീരുമാനം.

08:31 PM (IST) Mar 23

ഒരു സമയം ഏഴുപേര്‍ മാത്രം; സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിയന്ത്രണം

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൊച്ചിയില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പ്രവേശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. ഒരു സമയം പരമാവധി ഏഴുപേര്‍ക്ക് മാത്രമായിരിക്കും സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പ്രവേശിക്കാന്‍ കഴിയുക. നിലവില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് മുന്‍പില്‍ നീണ്ട ക്യൂവാണ്. ചെറുകടകളില്‍ സാധാരണ തിരക്ക് മാത്രമാണുള്ളത്

08:23 PM (IST) Mar 23

അനിതരസാധാരണമായ സാഹചര്യം

അനിതരസാധാരണമായ സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ആളുകൾ പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശം ലംഘിച്ചാൽ അറസ്റ്റ് വേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു. അവശ്യ സാധനങ്ങൾ ഉറപ്പ് വരുത്തും. പൊതു ഗതാഗത സംവിധാനങ്ങൾ ഉണ്ടാകില്ല. സ്വകാര്യ വാഹനങ്ങൾ തടയില്ല. അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവര്‍ ശാരിരിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

08:12 PM (IST) Mar 23

അവശ്യസാധനങ്ങള്‍ സുലഭമെന്ന് മന്ത്രി മെഴ്സിക്കുട്ടിയമ്മ

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ. അവശ്യസാധനങ്ങള്‍ സുലഭമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പൊതുജനങ്ങള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി

06:27 PM (IST) Mar 23

രോഗവ്യാപനം അതീവ ആശങ്കാജനകമായ സ്ഥിതിയിൽ : മുഖ്യമന്ത്രി

06:26 PM (IST) Mar 23

ലോക്ക് ഡൌൺ മാർച്ച് 31

06:20 PM (IST) Mar 23

കേരളത്തിൽ നിലനിൽക്കുന്നത് അസാധാരണ സാഹചര്യം : മുഖ്യമന്ത്രി

രോഗം സ്ഥിരീകരിച്ച 28 പേരിൽ 25 പേരും ദുബായിൽ നിന്നും എത്തിയവരാണ്. അസാധാരണമായ സാഹചര്യത്തിലേക്കാണ് കേരളം പോകുന്നത്. ഈ അവസ്ഥയിൽ കേരളം മൊത്തം ലോക്ക് ഡൌണ് പ്രഖ്യാപിക്കുന്നു. മാർച്ച് 31 വരെയാണ് നിലവിലെ ലോക്ക് ഡൌണ്. അതിനുശേഷം എന്തു വേണം എന്ന് ആലോചിച്ച് തീരുമാനിക്കും. ലോക്ക് ഡൌണിൽ സംസ്ഥാനം മൊത്തം അടച്ചിടും പൊതുഗതാഗതം ഉണ്ടാവില്ല. സ്വകാര്യ ബസുകളോ കെഎസ്ആർടിസിയോ ഉണ്ടാവില്ല. എന്നാൽ സ്വകാര്യ വാഹനങ്ങളില്ർ പോകാം. ആശുപത്രികൾ പ്രവർത്തിക്കും. ഇഢന പാചക വിതരണം തുടരും. ആരാധനാലയങ്ങളിൽ ആളെക്കൂട്ടിയുള്ള എല്ലാ പരിപാടികളും റദ്ദാക്കും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകള്ർക്ക് തുറക്കാം മറ്റെല്ലാ കടകളും അടച്ചിടും. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനൻ പാടില്ല. എന്നാൽ ഭക്ഷണം വാങ്ങി വീട്ടിൽ കൊണ്ടു പോകാം. അടിയന്തര ആവശ്യങ്ങൾക്കായി പുറത്തിറങ്ങുമ്പോൾ മറ്റുള്ളവരിൽ നിന്നും അകലം പാലിക്കണം. ചികിത്സയിലുണ്ടായിരുന്ന കണ്ണൂരിലെ ഒരു രോഗി ഇന്ന് ഡിസ്ചാരർജ്ജായി വീട്ടിൽ പോയി. 383 പേർ ആശുപത്രിയിൽ ഇപ്പോഴും ഉണ്ട്. 122 പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റി. 4291 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 2987 എണ്ണം നെഗറ്റീവായി റിപ്പോർട്ട് ചെയ്തു.

കാസർഗോഡ് ജില്ലയിലെ സ്ഥിതി മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമാണ്. അവിടെ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ സർക്കാർ പ്രഖ്യാപിക്കുന്നു. കാസർഗോഡ് ജില്ലയിൽ ഇനിയൊരാളും അനാവശ്യമായി പുറത്തേക്ക് ഇറങ്ങരുത്. ഇറങ്ങിയാൽ അറസ്റ്റ് ചെയ്യുകയും കടുത്ത പിഴത്തുക ഈടാക്കുകയും ചെയ്യും. അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്ന എല്ലാവർക്കും 14 ദിവസത്തെ നിരീക്ഷണം ആവശ്യമാണ്.

06:03 PM (IST) Mar 23

കേരളത്തിൽ ഇന്ന് മാത്രം 28 കേസ് - തത്സമയസംപ്രേഷണം

05:47 PM (IST) Mar 23

കോഴിക്കോട് പുതിയ ഒരു കേസ് കൂടി

കോഴിക്കോട് ജില്ലയിൽ ഒരു കൊവിഡ് കേസ് കൂടി സ്ഥിരീകരിച്ചതായി ജില്ലാ ഭരണകൂടം. കണ്ണൂർ സ്വദേശിയായ യുവാവിനാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ കോഴിക്കോട് ജില്ലയിൽ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ ഭരണകൂടം വ്യക്തമാക്കി. പുതുതായി കൊവിഡ് സ്ഥിരീകരിച്ചയാൾ വിദേശത്ത് നിന്ന് വന്നതാണോ എന്ന വിവരത്തിൽ ഇതുവരെ വ്യക്തതയില്ല.

05:46 PM (IST) Mar 23

കോഴിക്കോട്ടെ സ്ഥിതിവിവരക്കണക്ക് ഇങ്ങനെ:

കോഴിക്കോട് ജില്ലയില്‍ ആകെ 8408 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 263 പേര്‍ പുതുതായി നിരീക്ഷണത്തില്‍ വന്നവരാണ്. മെഡിക്കല്‍ കോളേജില്‍ 17 പേരും ബീച്ച് ആശുപത്രിയില്‍ 19 പേരും ഉള്‍പ്പെടെ ആകെ 36 പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. ബീച്ച് ആശുപത്രിയില്‍ നിന്ന് 8 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

ഇന്നലെ (22/3/20) 14 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 190 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 162 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. 158 എണ്ണം നെഗറ്റീവ് ആണ്. 3 പേരുടെ പരിശോധനാഫലം പോസിറ്റീവ് ആണ്. ഇതില്‍ ഒന്ന് കണ്ണൂര്‍ സ്വദേശിയുടേതാണ്. ഇനി 29 പേരുടെ പരിശോധനാ ഫലം മാത്രമേ ലഭിക്കാന്‍ ബാക്കിയുള്ളു. 

05:46 PM (IST) Mar 23

ക്വാലലംപൂരിൽ കുടുങ്ങിയവരെ ഇന്ന് തിരികെ എത്തിക്കും

മലേഷ്യയിലെ ക്വാലലംപൂർ വിമാനത്താവളത്തിൽ കുടുങ്ങിയ ഒരു സംഘം ഇന്ത്യക്കാരെ ഇന്ന് തിരികെ എത്തിക്കും. എയർ ഏഷ്യാ വിമാനത്തിൽ ഇവരെ ചെന്നൈയിലാണ് എത്തിക്കുക. വിവിധ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കിടെ ക്വാലലംപൂർ വിമാനത്താവളത്തിൽ കുടുങ്ങിയ 104 പേരെയാണ് തിരികെ എത്തിക്കുന്നത്. 

05:46 PM (IST) Mar 23

ശ്രീചിത്രയിലെ ഡോക്ടറുമായി സമ്പർക്കം പുലർത്തിയ ഭൂരിപക്ഷം പേരുടെ ഫലവും നെഗറ്റീവ്, ആശ്വാസം

ശ്രീചിത്രയിലെ ഡോക്ടറുമായി സമ്പര്ക്കം ഉണ്ടായിരുന്ന ഭൂരിപക്ഷം പേരുടെ ഫലവും നെഗറ്റീവ്. കുറച്ചു ഫലങ്ങൾ കൂടി കിട്ടാൻ ഉണ്ട്. തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഇറ്റാലിയൻ സ്വദേശിയുടെ അന്തിമഫലവും നെഗറ്റീവാണ്. രോഗം മാറിയോ എന്ന് മെഡിക്കൽ ബോർഡ് സ്ഥിരീകരിക്കും. തിരുവനന്തപുരം ജില്ലയിലെ 4 കേസുകളുടെയും പ്രൈമറി കോണ്ടാക്റ്റുകളുടെ ഫലം നെഗറ്റീവാണെന്നും ജില്ലാ കളക്ടർ.

05:45 PM (IST) Mar 23

നിരീക്ഷണത്തിൽ കഴിയുന്ന പ്രവാസി ആശാ വർക്കറെ മർദ്ദിച്ചു

തിരുവനന്തപുരത്ത് നിരീക്ഷണത്തിൽ കഴിയേണ്ട പ്രവാസി പല സ്ഥലത്തും കറങ്ങി നടക്കുന്നത് ആരോഗ്യ വകുപ്പിനെ അറിയിച്ച ആശ വർക്കറെ മർദ്ദിച്ചതായി പരാതി. പൂവത്തൂരിലെ ആശ വർക്കർ ലിസിയെ പ്രവാസി മർദ്ദിച്ചുവെന്നാണ് പരാതി. വെഞ്ഞാറമൂട് പൊലീസ് കേസെടുത്തിട്ടുണ്ട്.

05:45 PM (IST) Mar 23

കെഎസ്ആർടിസി സർവീസ് തുടരും

തിരുവനന്തപുരത്ത് അടുത്ത 15 ദിവസം നിർണായകം. കെഎസ്ആര്ടിസി സർവീസ് മുടങ്ങില്ല, ബസുകളിൽ ആളുകൾ തിരക്ക് കൂട്ടരുത്. 3000 ഐസോലഷൻ കിടക്കകൾ ജില്ലയിൽ തയ്യാർ. പത്രം, പാൽ വിതരണക്കാർ, ഗ്യാസ് ജീവനക്കാർ കൂടുതൽ ശ്രദ്ധ പാലിക്കണം. കെഎസ്ആര്ടിസി, സൂപ്പർമാർക്കറ്റുകൾ എന്നിവയിൽ ആളുകളുടെ എണ്ണം നിജപ്പെടുത്തും. ബെവ്കോ ഔട്ട്‌ലെറ്റ് ജീവനക്കാർ നിരീക്ഷണത്തിലായ സംഭവം പരിശോധിക്കുമെന്നും കളക്ടർ. 

05:44 PM (IST) Mar 23

തിരുവനന്തപുരത്ത് അവശ്യവസ്തുക്കൾ മുടങ്ങില്ല, ആശങ്കയുണ്ടാക്കരുത്: കളക്ടർ

തിരുവനന്തപുരത്ത് നിരീക്ഷണത്തിൽ കഴിയുന്ന ചിലർ നിയന്ത്രണങ്ങൾ തെറ്റിക്കുന്നതായി വിവരം കിട്ടിയിട്ടുണ്ടെന്നും, കർശനനടപടികൾ ഇതിൽ ഉണ്ടാകുമെന്നും ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ. ജില്ലയിൽ അവശ്യവസ്തുകൾ മുടങ്ങില്ല. പലചരക്ക് കടകൾ തുറന്ന് പ്രവർത്തിക്കും. ഇവിടെ ആൾക്കൂട്ടങ്ങളും തിരക്കും ഒഴിവാക്കണം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള അവശ്യവസ്തുക്കളുടെ വരവും തുടരും. 

05:39 PM (IST) Mar 23

കോഴിക്കോട് ഒരാള്‍ക്ക് കൂടി കൊവിഡ്

കോഴിക്കോട് ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ സ്വദേശിയാണ് ഇയാള്‍.