ദില്ലി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം എട്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 26,506 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇത് വരെയുള്ള കണക്കനുസരിച്ച് എറ്റവും വലിയ പ്രതിദിന വ‌‌‌‌ർധനവാണ് ഇത്. ആകെ രോഗികളുടെ എണ്ണം 7,93,802 ആയി. ഒരു ദിവസം പുതിയ രോഗികളുടെ എണ്ണം ഇരുപത്തിഅയ്യായിരം കടക്കുന്നത് ഇതാദ്യമായാണ്. 24 മണിക്കൂറിനിടെ 475 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 

രാജ്യത്ത് ഇത് വരെ 21,604 പേർ കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക്. രാജ്യത്ത് ഇത് വരെ രോഗം സ്ഥിരീകരിച്ചത്. നിലവിൽ 2,76,685 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ഇത് വരെ 4,95,513 പേർക്ക് രോഗം ഭേദമായി. രാജ്യത്ത് രോഗമുക്തി നിരക്ക് 62.42 ശതമാനമായി ഉയർന്നു. 

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ നിയന്ത്രണങ്ങൾ കൂടുതൽ സംസ്ഥാനങ്ങൾ കടുപ്പിക്കുകയാണ്. ബിഹാറിലെ പട്നക്ക് പുറമെ ഉത്തർപ്രദേശും ഇന്നു മുതൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തേക്കാണ് ലോക്ഡൗൺ. 

തദ്ദേശീയ വാക്സിനായ കോവാക്സിന്റെ മനുഷ്യരിലെ പരീക്ഷണങ്ങൾ പട്ന എയിംസിൽ ഇന്ന് മുതൽ തുടങ്ങും. രാജ്യത്ത് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. 49 ജില്ലകളിൽ നിന്നാണ് 80 ശതമാനം കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 
 

ഓരോ സംസ്ഥാനത്തെയും സ്ഥിതി എങ്ങനെ ഇന്‍ററാക്ടീവ് മാപ്പ് കാണാം

( കേന്ദ്ര സർക്കാർ കണക്കുകൾ അനുസരിച്ച് തയ്യാറാക്കിയത്)