ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന. 24 മണിക്കൂറിനിടെ 78,761 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി  കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ലോകത്തിൽ എറ്റവും ഉയർന്ന പ്രതിദിന വർധനയാണ് ഇത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 35, 42, 733 ആയി ഉയർന്നു. 948 മരണം കൂടി രാജ്യത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരണം. 63498 ആയി. ഇതുവരെ 27,13,933 പേർ രാജ്യത്ത് രോഗമുക്തി നേടിയെന്നാണ് ആരോഗ്യവകുപ്പ് കണക്ക്. 76. 60 ശതമാനമാണ് രോഗമുക്തി നിരക്ക്. 

മഹാരാഷ്ട്രയിലും പ്രധാന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം ദിനം പ്രതി ഉയരുകയാണ്. മഹാരാഷ്ട്രയിൽ മാത്രം 16,867 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 7,64,281 ആയി. 328 മരണം കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണം 24,103 ആയി. 

ആന്ധ്രയില്‍10,548 പേര് ഇന്നലെ രോഗ ബാധിതരായി. കര്‍ണാടക 8,324, തമിഴ്നാട് 6,352, ഉത്തര്‍ പ്രദേശ് 5684, പശ്ചിമ ബംഗാൾ 3012, രാജസ്ഥാൻ 1407, ജാർഖണ്ഡ് 1,299 എന്നിങ്ങനെയാണ് ഇന്നലെ രോഗം ബാധിച്ചവരുടെ എണ്ണം.

തുടർച്ചയായ മൂന്നാം ദിവസവും 9 ലക്ഷത്തിലധികം സാന്പിളുകൾ പരിശോധിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് പരിശോധകളുടെ എണ്ണം നാല് കോടി പിന്നിട്ടു. രാജ്യത്തെ നൂറ് പേരെയെടുത്താൽ മൂന്ന് പേർക്ക് പരിശോധന നടത്തുന്നുണ്ടെന്നാണ് കണക്ക്. ഈ മാസം 17നാണ് ഇന്ത്യ മൂന്ന് കോടി പരിശോധന പൂർത്തിയാക്കിയത്. രാജ്യത്തെ കൊവിഡ് രോഗികളിൽ 0.29 ശതമാനം പേർക്ക് മാത്രമാണ് വെന്റിലേറ്റർ സഹായം വേണ്ടിവരുന്നതെന്നും ആരോഗ്യമന്ത്രാലയം അറിയിക്കുന്നു.