ദില്ലി: കൊറോണ വൈറസ് ബാധയില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 30 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് രാഹുല്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. വൈറസിനെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ വേണ്ടത്ര മുന്നൊരുക്കം നടത്തിയില്ലെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. 

കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ്‍വര്‍ധനെയും രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു. കൊറോണ വൈറസ് ബാധ ഇന്ത്യയില്‍ നിയന്ത്രണ വിധേയമാണെന്ന് മന്ത്രി പറയുന്നത് ടൈറ്റാനിക് കപ്പലിലെ ക്യാപ്റ്റന്‍ കപ്പല്‍ മുങ്ങാന്‍ പോകുമ്പോഴും ജനങ്ങളോട് ഭയപ്പെടരുതെന്ന് പറയുന്നതിന് തുല്യമാണ്. പ്രതിസന്ധി മറികടക്കാന്‍ കൃത്യമായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുകയാണ് വേണ്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 

ഇന്ത്യയിലും കൊറോണവൈറസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഒടുവില്‍ 30 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കൊറോണ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തുന്നുണ്ടെന്നും ആരോഗ്യമന്ത്രി പാര്‍ലമെന്‍റില്‍ പറഞ്ഞു. ഇറ്റലിയില്‍ നിന്ന് ഇന്ത്യയിലെത്തിയ 15 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.