ദില്ലി: മുതിർന്ന ബിജെപി നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജ സിന്ധ്യക്കും മകനും എംപിയുമായ ദുഷ്യന്ത് സിംഗിന് കൊവിഡ് 19 ഇല്ലെന്ന് പരിശോധനാ ഫലം. കൊവിഡ് സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിനൊപ്പം ഇരുവരും ഒരു പാർട്ടിയിൽ പങ്കെടുത്തിരുന്നു. ഇതേത്തുടർന്നാണ് ഇവർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടോ എന്ന ആശങ്ക ഉയർന്നത്.

ഇന്നലെയാണ് കനിക കപൂറിന് കൊവിഡ് സ്ഥിരീകരിച്ചത്. ലണ്ടനിൽ നിന്ന് തിരികെയെത്തിയ കനിക യാത്രാവിവരം മറച്ചുവെക്കുകയും വിമാനത്താവളത്തിൽ പരിശോധനയ്ക്ക് തയ്യാറാവാതിരിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലഖ്‌നൗവിൽ ഇവർ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമായി പഞ്ചനക്ഷത്ര ഹോട്ടലിൽ പാർട്ടിയും നടത്തി.

കനികയുടെ രോഗവിവരം ഇന്നലെ അറിഞ്ഞതോടെ പാർട്ടിയിൽ പങ്കെടുത്തവരെല്ലാം ആശങ്കയിലായിരുന്നു. തുടർന്നാണ്, മുൻകരുതലെന്ന നിലയിൽ താനും മകനും സ്വയം കൊവിഡ് നിരീക്ഷണത്തിൽ കഴിയാൻ തീരുമാനിച്ചതായി വസുന്ധര രാജെ ട്വീറ്റ് ചെയ്തത്. 

കനിക കപൂർ ഇ്‌പ്പോൾ ലഖ്‌നൗവിലെ കിങ്ങ് ജോർജ്‌സ് മെഡിക്കൽ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. അശ്രദ്ധയോടെ പെരുമാറി പൊതുജനാരോഗ്യത്തിന് ഭീഷണി സൃഷ്ടിച്ചതിന് കനികയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 

Read Also: കൊവിഡ് 19 : ബോളിവുഡ് ഗായിക കനിക കപൂറിനെതിരെ കേസ്