ദില്ലി: പൗരത്വപ്രക്ഷോഭങ്ങളുടെ ഭാഗമായി ദില്ലിയിലെ ഷാഹീൻ ബാഗിൽ നടത്തിയ പ്രസംഗത്തിന്‍റെ പേരിൽ രാജ്യദ്രോഹക്കേസിൽ അറസ്റ്റിലായ വിദ്യാർത്ഥി ഷ‍ർജീൽ ഇമാമിന് കൊവിഡ് സ്ഥിരീകരിച്ചു. ഗുവാഹത്തിയിലെ സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഗുവാഹത്തിയിൽ നിന്ന് ഷർജീലിനെ ദില്ലിയിലേക്ക് കൊണ്ട് വരുന്നതിന് മുന്നോടിയായി കൊവിഡ്‌ പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. 

രോഗം കണ്ടെത്തിയ സാഹചര്യത്തിൽ ഉടനെ ഇമാമിനെ ദില്ലിയിലേക്ക് കൊണ്ടുവരാനാകില്ല. രോഗം ഭേദമാകുന്നത് വരെ ഇമാമിനെ ഗുവാഹത്തിയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തിൽത്തന്നെ പാ‍ർപ്പിക്കാനാണ് ദില്ലി പൊലീസിന്‍റെ തീരുമാനം. 

പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായിരുന്ന ഷഹീൻ ബാഗിൽ വച്ച് സംഘർഷമുണ്ടാക്കുന്ന രീതിയിൽ വിദ്വേഷ പ്രസംഗം നടത്തി എന്നതാണ് ഷർജീലിന് എതിരെയുള്ള കേസ്. കഴിഞ്ഞ ജനുവരിയിൽ അറസ്റ്റിൽ ആയ ഷർജീലിന് എതിരെ പിന്നീട് യുഎപിഎ ചുമത്തുകയായിരുന്നു.

ജനുവരി 16-ന് ഷർജീൽ നടത്തിയ ഒരു പ്രസംഗമാണ് അയാളുടെ പേർക്കുള്ള കേസുകൾക്ക് പ്രധാന ആധാരം. ആ പ്രസംഗത്തിന്‍റേത് എന്നപേരിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ ഷർജീൽ, 'മുസ്ലിങ്ങൾക്ക് അഞ്ചു ലക്ഷം പേരെ സംഘടിപ്പിക്കാനുള്ള ശേഷിയുണ്ടെങ്കിൽ, അത് രാജ്യത്തിന്‍റെ ചിക്കൻ നെക്ക് എന്നറിയപ്പെടുന്ന സിലിഗുഡി കോറിഡോറിൽ സംഘടിപ്പിച്ച്, നോർത്ത് ഈസ്റ്റ് ഇന്ത്യയെ കുറച്ചു ദിവസത്തേക്കെങ്കിലും കട്ട് ഓഫ് ചെയ്യണം' എന്ന് ആഹ്വാനം ചെയ്യുന്നുണ്ട്. ദില്ലിയിലെ പൗരത്വപ്രക്ഷോഭങ്ങളുടെ ആസൂത്രകൻ ഷർജീലാണെന്നാണ് പൊലീസ് കുറ്റപത്രത്തിൽ ആരോപിക്കുന്നത്. 

മുപ്പത്തൊന്നുകാരനായ ഈ യുവാവ് ബോംബെ ഐഐടിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ എം ടെക്ക് ബിരുദം നേടിയശേഷം ആധുനിക ഇന്ത്യാ ചരിത്രത്തിൽ ഉപരിപഠനത്തിനായി ജെഎൻയുവിൽ ചേരുകയായിരുന്നു.