ദില്ലി: രാജ്യത്ത് പുതുതായി കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ നേരിയ കുറവ്. 24 മണിക്കൂറിനിടെ 75,083 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷം കടന്നു. ഇത് വരെ 55,62,663 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പക്ഷേ ഇന്നും ആയിരത്തിലധികം മരണം സ്ഥിരീകരിച്ചു. 1053 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഔദ്യോഗിക കണക്കുകളനുസരിച്ച് കൊവിഡ് മരണം 88,935 ആയി. നിലവിൽ 975861 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് 80.86 ശതമാനമാണ്. 

 കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രാജ്യത്തെ പ്രതിദിന സാംപിള്‍ പരിശോധനയില്‍ ഇന്നലെ വലിയ കുറവുണ്ടായെന്നാണ് ഐസിഎംആറിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. പരിശോധന കുറഞ്ഞതാവാം താൽക്കാലികമായി രോഗികളുടെ എണ്ണം കുറയാൻ കാരണം.ആറു ദിവസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് പ്രതിദിന വര്‍ധന തൊണ്ണൂറായിരത്തിന് താഴെ എത്തിയത്.

കഴിഞ്ഞ മൂന്നു ദിവസമായി തൊണ്ണൂറായിരത്തിന് മുകളിലായിരുന്നു പ്രതിദിന രോഗ മുക്തരുടെ എണ്ണം. പന്ത്രണ്ട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ദേശീയ ശരാശരിക്ക് മുകളിലാണ് രോഗ മുക്തരുടെ എണ്ണം. മഹാരാഷ്ട്രയില്‍ ഇന്നലെ പതിനാറായിരത്തിനടുത്ത് ആയിരുന്നു പ്രതി ദിനവർദ്ധന. 15,738 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആന്ധ്ര 6235, കര്‍ണാടകം 7339, തമിഴ്നാട് 5344 ഉത്തര്‍ പ്രദേശ് 4703 എന്നിങ്ങനെയാണ് രോഗികളേറ്റവും കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങളിലെ പ്രതിദിന വര്‍ധന. 

ദില്ലിയില്‍ ഇന്നലെ 2548 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മധ്യ പ്രദേശില്‍ 2,525 പേർക്കും ഹരിയാനയിൽ 1818 പേർക്കും രോഗം സ്ഥിരീകരിച്ചു, രാജസ്ഥാനിലും ത്സാർഖണ്ടിലും ആയിരത്തലധികമായിരുന്നു പുതിയ രോഗികൾ.