ദില്ലി: സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി മൂന്നിൽ നിന്ന് അഞ്ച് ശതമാനമാക്കി ഉയർത്തി, ധനമന്ത്രിയുടെ അ‍ഞ്ചാം സാമ്പത്തിക പ്രഖ്യാപനം. ഉപാധികളോടെയാണ് കടമെടുപ്പ് പരിധി ഉയര്‍ത്താൻ അനുമതി നൽകിയിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തേയ്ക്ക് മാത്രമാണ് കടമെടുപ്പ് പരിധി ഉയര്‍ത്തിയത്. അധികമായി എടുക്കാനാവുന്ന രണ്ടുശതമാനം വായ്പാ തുകയിൽ ഉപാധിയില്ലാതെ ചെലവഴിക്കാനാവുന്നത് അര ശതമാനം മാത്രമാണ്. ഒരു രാജ്യം ഒരു റേഷൻ കാര്‍ഡ് , വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കൽ, വൈദ്യുതി വിതരണ മേഖല, നഗരസഭകളുടെ വരുമാനം ഉയര്‍ത്തൽ എന്നീ നാലു മേഖലകള്‍ക്കായി ഒരു ശതമാനം തുക ചെലവഴിക്കണം. ഇതിൽ മൂന്നെണ്ണത്തിൽ മുന്നേറ്റമുണ്ടാക്കിയാലേ അര ശതമാനം കൂടി സംസ്ഥാനങ്ങള്‍ക്ക് വായ്പ എടുക്കാൻ അനുമതി നല്‍കുകയുള്ളൂ

വായ്പാപരിധി വർദ്ധിപ്പിച്ചതിനൊപ്പം തന്നെ ധനമന്ത്രി സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്തു. മിക്ക സംസ്ഥാനങ്ങളും കടമെടുക്കാനുള്ള പരിധിയിൽ പകുതി പോലും എടുത്തിട്ടില്ലെന്നും. സംസ്ഥാനങ്ങൾ ഇതുവരെ അവർക്ക് അനുവദിച്ചതിൽ 16 ശതമാനം മാത്രമാണ് വായ്പ എടുത്തിട്ടുള്ളതെന്നും നിർമ്മലാ സീതാരാമൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

Image

സാമ്പത്തിക വർഷത്തിന്‍റെ ആദ്യപാദത്തിൽ 50 ശതമാനം വരെ അവ‍ർക്ക് വായ്പ എടുക്കാവുന്നതാണ്. എന്നിട്ടും, പല സംസ്ഥാനങ്ങളും ആ വായ്പ എടുത്തിട്ടില്ല. ഇത് അസാധാരണമായ പ്രതിസന്ധിയാണെന്നും, ഗുരുതര സ്ഥിതിവിശേഷമാണെന്നും കണക്കിലെടുത്ത് വായ്പാ പരിധി ജിഎസ്‍ഡിപിയുടെ മൂന്ന് ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമാക്കി വ‍ർദ്ധിപ്പിക്കുന്നു എന്നും ധനമന്ത്രി അറിയിച്ചു. കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങൾ കഴിഞ്ഞ പ്രളയകാലം മുതൽ ആവശ്യപ്പെടുന്നതാണിത്. 

 

അതേസമയം, കടമെടുക്കുന്നതിന് കേന്ദ്രസർക്കാർ ഒരു ഉപാധി കൂടി മുന്നോട്ട് വയ്ക്കുന്നുണ്ട്. എന്തിന് കടമെടുക്കുന്നു എന്നതിനൊരു ഉപാധിയാണ് മുന്നോട്ടുവയ്ക്കുന്നത്. ചില പ്രത്യേകമേഖലകൾക്കായി മാത്രമേ ഇത് ഉപയോഗിക്കാവൂ. കുടിയേറ്റത്തൊഴിലാളികളുടെ ക്ഷേമം, തൊഴിൽ കൂട്ടൽ, ഭക്ഷ്യധാന്യം വിതരണം ചെയ്യൽ, ഊർജമേഖല, ആരോഗ്യ, ശുചിത്വ മേഖലകളിലേക്കായി മാത്രമേ ഇത് ഉപയോഗിക്കാവൂ. പക്ഷേ, മൂന്നര ശതമാനം വരെ കടമെടുപ്പ് നടത്തിയാൽ അതിന് ഈ ഉപാധികൾ ബാധകമല്ല. അതിന് മുകളിൽ കടമെടുത്താൽ അത് എന്തൊക്കെ മേഖലകളിലാണ് ഉപയോഗിച്ചതെന്ന് കൃത്യമായി വ്യക്തമാക്കിയേ തീരൂ. അത് അനുവദിക്കപ്പെട്ട മേഖലകളിലേ നടത്താവൂ.