ഹൈദരാബാദ്: ഒരാഴ്ച മുമ്പ് അമേരിക്കയില്‍ നിന്നെത്തിയിട്ടും നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദ്ദേങ്ങള്‍ പാലിക്കാതെ പൊതുപരിപാടികളില്‍ പങ്കെടുത്ത തെലങ്കാന എംഎല്‍എയ്ക്ക് നോട്ടീസ്. ആസിഫാബാദ് ജില്ലാകളക്ടറാണ് എംഎല്‍എയ്ക്ക് നോട്ടീസ് അയച്ചത്.

അമേരിക്കയില്‍ നിന്ന് എത്തിയ എംഎല്‍എ കൊനേരു കൊനപ്പയോട് നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിര്‍ദ്ദേശം പാലിക്കാതെ എംഎല്‍എ പാര്‍ട്ടി അംഗങ്ങളോട് ഇടപഴകുകയും ട്രെയിനില്‍ യാത്ര ചെയ്യുകയും വിവാഹത്തില്‍ പങ്കെടുക്കുകയും ചെയ്തു. 

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ പാര്‍ട്ടിയായ ടിആര്‍എസിലെ അംഗമാണ് എംഎല്‍എ. അദ്ദേഹം ഒരു അമ്പലത്തില്‍ നടന്ന 3000 ഓളം പേര്‍ എത്തിയ പരിപാടിയില്‍ പങ്കെടുക്കുന്നതും ഖാഗസ്‌കര്‍ മുന്‍സിപ്പല്‍ കൗണ്‍സിലിലെ അംഗങ്ങളുമായി ഇടപെടുന്നതുമായ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 

ചൊവ്വാഴ്ചയാണ് എംഎല്‍എയും ഭാര്യയും അമേരിക്കയില്‍ നിന്നെത്തിയത്. ശേഷം സ്വയം നിരീക്ഷണത്തിലിരിക്കുമെന്ന് ഉറപ്പുനല്‍കുന്ന സമ്മതപത്രത്തില്‍ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിറ്റേന്ന് തന്നെ അദ്ദേഹം  സെക്കന്ദരാബാദില്‍ നിന്ന് ഖാഗസ്‌നഗറിലേക്ക് തെലങ്കാന എക്‌സ്പ്രസില്‍ യാത്ര ചെയ്തു. ഖാഗസ്‌നഗര്‍ റെയില്‍വെ സ്റ്റേഷനില്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയ പ്രവര്‍ത്തകര്‍ക്ക് എംഎല്‍എ ഹസ്തദാനം നല്‍കി. 

ലോകം മുഴുവന്‍ കൊറോണ ഭീതിയില്‍ കഴിയുകയും വൈറസ് പടരാന്‍ സാധ്യതയുള്ളതിനാല്‍ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് എംഎല്‍യുടെ ഈ ധിക്കാരപരമായ നടപടി.