ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം എഴുപതിനായിരം കടന്നു. ഏറ്റവുമൊടുവിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച്, 70,756 രോഗബാധിതരാണ് രാജ്യത്ത് ആകെയുള്ളത്. ഇതിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 46,0008 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 22,454 ആണ്. ഇതുവരെ 2293 പേർ മരിച്ചു. ഒരു രോഗിയെ രാജ്യത്തിന് പുറത്തേക്ക് മാറ്റിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ രോഗികളുടെ വർദ്ധന ആശങ്കപ്പെടുത്തുന്നത് തന്നെയാണ്. 24 മണിക്കൂറിനുള്ളിൽ 3604 പേർക്കാണ് കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത് 87 പേർ മരണത്തിന് കീഴടങ്ങി. ഞായറാഴ്ച പുതുതായി രോഗബാധ സ്ഥിരീകരിച്ചത് 4213 പേർക്കാണ്. 97 പേർ മരിക്കുകയും ചെയ്തു. പ്രതിദിന കണക്കിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് രോഗം റിപ്പോർട്ട് ചെയ്തത് ഞായറാഴ്ചയായിരുന്നു.

വിശാലമായ ഇളവുകളോടെ റെഡ്സോണുകളല്ലാത്ത ഇടങ്ങളിലെല്ലാം ലോക്ക്ഡൗൺ തുടരാൻ കേന്ദ്രസർക്കാർ തീരുമാനിക്കുമ്പോഴാണ് പ്രതിദിനം ശരാശരി 3500 രോഗികളുടെ വർദ്ധനയെന്ന തരത്തിൽ രോഗവ്യാപനം നടക്കുന്നത് എന്നതാണ് ആശങ്കയുളവാക്കുന്നത്. കേസുകൾ ഇരട്ടിക്കുന്നതിന്‍റെ ഇടവേള 13 ദിവസം ആയിരുന്നത് 10.85 ദിവസമായി കുറഞ്ഞു എന്നതും ഭയപ്പെടുത്തുന്നതാണ്. ലോക്ക്ഡൗണിനിടയിലും ഇത്തരത്തിൽ രോഗവ്യാപനം കൂടുകയാണെങ്കിൽ ലോക്ക്ഡൗൺ പിൻവലിച്ചാലോ വ്യാപകമായ ഇളവുകൾ നൽകിയാലോ എന്താകും സ്ഥിതി എന്ന കാര്യം ആരോഗ്യവിദഗ്ധർ തന്നെ ചൂണ്ടിക്കാട്ടുന്നുമുണ്ട്. ഇതിനെല്ലാം ഇടയിലും രാജ്യത്തെ രോഗമുക്തി നിരക്ക് 31.15% ആണെന്നതും, മരണനിരക്ക് ഏതാണ്ട് 3.28% ആണെന്നതും ആശ്വാസം നൽകുന്നതാണ്. രോഗബാധിതരായി മരിച്ചവരിൽ 70% പേർക്കും മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. 

പ്രധാനമായും ശ്രദ്ധിക്കേണ്ട സംസ്ഥാനങ്ങൾ മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ഒഡിഷ, രാജസ്ഥാൻ എന്നിവയാണ്. മഹാരാഷ്ട്രയിൽ രോഗം അതിവേഗം പടരുകയാണ്. 9 ദിവസത്തിൽ കേസുകൾ ഇരട്ടിക്കുകയാണവിടെ. രാജ്യത്ത് രോഗികളുടെ എണ്ണത്തിൽത്തന്നെ ഒന്നാം സ്ഥാനത്തുമാണ്. ഗുജറാത്ത് രോഗികളുടെ എണ്ണത്തിൽ രണ്ടാമതാണെങ്കിലും മരണനിരക്കിൽ ഒന്നാമതാണ് എന്നത് ആശങ്ക കൂട്ടുന്നതാണ്. ലോക്ക്ഡൗണിൽ ഇളവുകൾ തേടുകയാണ് മുഖ്യമന്ത്രി വിജയ് രൂപാണി എന്നറിയുമ്പോൾ പ്രത്യേകിച്ച്. തമിഴ്നാട്ടിൽ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ പച്ചക്കറിച്ചന്തയായ കോയമ്പേട് മാർക്കറ്റും തൊട്ടടുത്ത് ചെന്നൈ നഗരത്തിൽത്തന്നെയുള്ള തിരുവാൺമിയൂർ മാർക്കറ്റും രോഗവ്യാപനത്തിന്‍റെ രണ്ട് ക്ലസ്റ്ററുകളായി മാറുകയാണ്. ഒഡിഷയിലാകട്ടെ രോഗവ്യാപനം വല്ലാതെ കൂടുന്നില്ലെങ്കിലും ഇതുവരെ രോഗബാധയില്ലാതിരുന്ന അംഗുൽ പോലുള്ള ജില്ലകളിലേക്കും രോഗം പടരുന്നു. രാജസ്ഥാൻ മാത്രമാണ് ആശ്വാസം, രോഗികളുടെ എണ്ണത്തിൽ ഏറ്റവും മുകളിലുള്ള പത്ത് സംസ്ഥാനങ്ങളിൽ രോഗം ഇരട്ടിക്കുന്നതിൽ ഏറ്റവും കുറവ് വേഗം രാജസ്ഥാനിലാണ്. 18 ദിവസത്തിൽ ഒരിക്കലാണ് ഇവിടെ രോഗം ഇരട്ടിക്കുന്നത്. 

ഇതരസംസ്ഥാനങ്ങളിൽ നിന്ന് വീടുകളിലേക്ക് മടങ്ങിയെത്തുന്നവരും നാട്ടിലേക്ക് എത്തുന്ന കുടിയേറ്റത്തൊഴിലാളികളും രോഗവ്യാപനത്തിന് അറിയാതെയെങ്കിലും കാരണക്കാരായേക്കാമെന്ന വിലയിരുത്തലിനെത്തുടർന്ന് രോഗബാധയില്ലാത്ത ഗ്രീൻ സോണുകളിലും പൂൾ ടെസ്റ്റിംഗിന് തയ്യാറാവുകയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം. ദേശീയതലത്തിൽ രോഗികളെ നിരീക്ഷിക്കാൻ ഒരു പദ്ധതി തയ്യാറാക്കും. ഹോം ക്വാറന്‍റൈനിനുള്ള നിർദേശങ്ങൾ പുതുക്കി പുറത്തിറക്കിയ കേന്ദ്രസർക്കാർ പക്ഷേ, വീട്ടിലെ നിരീക്ഷണം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കിയാൽ ടെസ്റ്റിംഗ് വേണ്ടെന്നാണ് നിർദേശിക്കുന്നത്. 17 ദിവസം രോഗലക്ഷണങ്ങളില്ലാതെയും 10 ദിവസം പനി ഇല്ലാതെയും പൂ‍ർത്തിയാക്കിയാൽ കൊവിഡ് ടെസ്റ്റിംഗ് വേണ്ടെന്നാണ് നിർദേശം. 

പ്രവാസികൾക്കും ഇതരസംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കും ഈ ചട്ടങ്ങൾ കേരളം പിന്തുടർന്നേക്കില്ലെന്നാണ് സൂചന. എല്ലാവർക്കും പരിശോധന നടത്താൻ തന്നെയാണ് കേരളത്തിന്‍റെ തീരുമാനം. ഇതിനായി 70,000 ടെസ്റ്റ് കിറ്റുകളാണ് കേരളം ഓർഡർ ചെയ്ത് കാത്തിരിക്കുന്നത്. 

നേരത്തേ, ഹോം ക്വാറന്‍റൈൻ പൂ‍ർത്തിയാക്കിയ എല്ലാവരും ടെസ്റ്റിംഗിന് വിധേയരാകണം എന്നായിരുന്നു ഐസിഎംആർ നിർദേശം. ഇവർക്ക് ടെസ്റ്റിംഗിൽ രോഗമില്ല എന്ന് തെളിഞ്ഞാൽ മാത്രമേ പുറത്തേക്ക് വരാവൂ.