പത്തനംതിട്ട: കൊവിഡ് 19 ബാധ സാധ്യതയുള്ള രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാ‍‌ർഡിൽ പ്രവേശിപ്പിച്ചു. കൊറോണ സ്ഥിരീകരിച്ച ഐത്തലയിലെ കുടുംബവുമായി നേരിട്ട് സമ്പർക്കമുണ്ടായിരുന്ന കുടുംബത്തിലെ കുട്ടിയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിചിരിക്കുന്നത്. കുഞ്ഞിന്‍റെ അമ്മയെയും ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

അതേ സമയം ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തിന്‍റെ പുനലൂരിലെ ബന്ധുവീട്ടിലുണ്ടായിരുന്ന 3 പേർക്കും, ഇവരുടെ അയൽവാസികളായ രണ്ട് പേർക്കും കൊറോണ വൈറസ് ബാധ ഇല്ലെന്ന് കണ്ടെത്തി. ഇവരെ ആശുപത്രിയി നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കും. എന്നാൽ ആശുപത്രിയിൽ നിന്ന് വിട്ടാലും 28 ദിവസം ഇവർ വീട്ടിൽ നിരീക്ഷണത്തിൽ തുടരണമെന്നാണ് നൽകിയിരിക്കുന്ന നിർദ്ദേശം. 

ഇറ്റലിയിൽ നിന്ന് വന്ന റാന്നിയിലെ കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആറുപേര്‍ക്ക് ഇന്ന് രാവിലെ രോഗം സ്ഥിരീകരിച്ചിരുന്നു.  ഇറ്റലിയിൽ നിന്ന് എത്തിയ കുടുബത്തെ സ്വീകരിക്കാൻ എയര്‍പോര്‍ട്ടിൽ പോയ രണ്ട് പേര്‍ക്കും, വീട്ടിലെ പ്രായമായ അച്ഛനും അമ്മക്കും, റാന്നിയിൽ തന്നെ കുടുംബവുമായി അടുത്തിടപഴകിയ മറ്റ് രണ്ട് പേര്‍ക്കുമാണ്  രോഗം സ്ഥിരീകരിച്ചത്. 

ഇറ്റലിയിൽ നിന്ന് റാന്നിയിലെത്തിയ കുടുംബം സന്ദർശിച്ച സ്ഥലങ്ങളുടെ പട്ടിക ആരോഗ്യ വകുപ്പ് പുറത്ത് വിട്ടു. ഈ സ്ഥലങ്ങൾ സന്ദർശിച്ച വ്യക്തികൾ ആരോദ്യവകുപ്പുമായി ബന്ധപ്പെടണമെന്നാണ് അറിയിപ്പ്.