ലക്‌നൗ: യുപിയില്‍ കൊവിഡ് ബാധിതനെന്ന് സംശയിക്കുന്നയാള്‍ ശീതീകരണ സംവിധാനത്തിന്റെ കുഴല്‍ തകര്‍ത്ത് രക്ഷപ്പെട്ടു. മിര്‍സാപൂരില്‍ നിരീക്ഷണത്തില്‍ ഇരിക്കെയാണ് ഇയാള്‍ ഐസൊലേഷന്‍ വാര്‍ഡില്‍നിന്ന് അതി വിദഗ്ധമായി രക്ഷപ്പെട്ടത്. എന്നാല്‍ പിന്നീട് പൊലീസ് ഇയാളെ പിടികൂടി നേരത്തേ നിരീക്ഷണത്തിലിരുന്ന ഐ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിച്ചു. 

ദിവസങ്ങള്‍ക്ക് മുമ്പ് നേപ്പാള്‍ സന്ദര്‍ശിച്ച ഇയാള്‍ക്ക് തൊണ്ടവേദയും പനിയും ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ചയാണ് ഇയാളെ വാര്‍ഡിലെത്തിച്ചത്. ഇയാളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതേ വാര്‍ഡില്‍ തന്നെ രണ്ട് പേര്‍ കൂടി കൊവിഡ് സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലുണ്ട്. ഒരാള്‍ ജപ്പാനിലേക്കും മറ്റേയാള്‍ ദുബായിലേക്കും യാത്ര ചെയ്തിരുന്നു.

തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ ഇയാള്‍ ഐസൊലേഷന്‍ വാര്‍ഡിലെ എസിയുടെ ഡക്ട് തകര്‍ക്കുകയും ആശുപത്രിയില്‍ നിന്ന് ഓടി രക്ഷപ്പെടുകയുമായിരുന്നു. ജില്ലാ ഭരണകൂടം ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിക്കുകയും വൈകാതെ ഇയാളെ പിടികൂടുകയും ചെയ്തു. ഇയാളുടെ വീട്ടില്‍ നിന്ന് തന്നെയാണ് പൊലീസ് പിടികൂടിയത്.