Asianet News MalayalamAsianet News Malayalam

കൊവിഡ് വാക്സിന്‍ പാവങ്ങള്‍ക്ക് സൗജന്യമാക്കും, രോഗപ്രതിരോധ പദ്ധതി സര്‍ക്കാര്‍ ആലോചനയിലെന്ന് റിപ്പോര്‍ട്ട്

കൊവിഡ് 19 വാക്‌സിന്‍ കണ്ടുപിടിക്കുന്നതോടെ ഇത് വ്യാപകമായി ജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാര്‍ വലിയൊരു രോഗപ്രതിരോധ പദ്ധതി ആലോചിക്കുന്നുണ്ടെന്ന്  റിപ്പോര്‍ട്ട്
 

COVID 19 vaccine will get it for free to the poor says report
Author
Delhi, First Published Sep 27, 2020, 2:34 PM IST

ദില്ലി: കൊവിഡ് 19 വാക്‌സിന്‍ കണ്ടുപിടിക്കുന്നതോടെ ഇത് വ്യാപകമായി ജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാര്‍ വലിയൊരു രോഗപ്രതിരോധ പദ്ധതി ആലോചിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഉന്നത വൃത്തങ്ങളെ ഉദ്ദരിച്ച് ദ ഹിന്ദുവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വാക്‌സിന്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ഇത് സൗജന്യമായി ലഭ്യമാക്കുമെന്നും ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

അതേസമയം അടുത്ത ഒരു വര്‍ത്തേക്ക് ഇന്ത്യയുടെ പക്കല്‍ 80000 കോടി രൂപയുണ്ടോ? എന്ന ചോദ്യവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അദാര്‍ പൂനവാല രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കണമെങ്കില്‍ ഇന്ത്യയ്ക്ക് ഒരു വര്‍ഷം 80000 കോടി രൂപ ആവശ്യമാണെന്നാണ് അദ്ദേഹം പറയുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിനെ ടാഗ് ചെയ്ത ട്വീറ്റില്‍ ഇതാണ് ഇന്ത്യ നേരിടാന്‍ പോകുന്ന അടുത്ത ചലഞ്ച് എന്നും അദ്ദേഹം പറയുന്നു.

കൊവിഡ് ഷീല്‍ഡിന്റെ മൂന്നാംഘട്ട പരീക്ഷണം, സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. നേരത്തെ ഒരുമാസം മൂന്ന് കോടി പേര്‍ക്ക് എന്ന രീതിയില്‍ വാക്സിന്‍ നല്‍കിയാല്‍ തന്നെ രാജ്യം മുഴുവന്‍ പൂര്‍ത്തിയാകണമെങ്കില്‍ രണ്ട് വര്‍ഷമെടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്ത്യയുടെ മിഷന്‍ ഇന്ദ്രഥനുസ്, അഥവാ ദേശീയ പ്രതിരോധ പരിപാടി പ്രകാരം പ്രധാനമായും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വാക്‌സിന്‍ മൂലം മാറുന്ന 12 രോഗങ്ങള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി വാക്‌സിന്‍ വിതരണം ചെയ്യുന്നുണ്ട്. ചിലത് ദേശീയ തലത്തിലും ചിലത് താഴെ തലങ്ങളിലുമാണ് വിതരണം ചെയ്യുന്നത്. 

കൊവിഡ് വാക്‌സിന്‍ അതിന്റെ സുരക്ഷയും ഗുണവും ആരോഗ്യമുള്ള സ്വമേധായാ തയ്യാറായവരില്‍ മാത്രമാണ് പരീക്ഷിക്കുന്നതെന്നും ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ അവരില്‍ ഒരു വിഭാഗത്തെ മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടെും വൈറോളജിസ്റ്റും ത്രിവേദി സ്‌കൂള്‍ ഓഫ് ബയോസയന്‍സിന്റെ ഡയറക്ടറുമായ ഷാഹിദ് ജമീല്‍ പറഞ്ഞു. മുതിര്‍ന്നവരില്‍ പരീക്ഷണം വിജയിക്കുന്നതോടെ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കും. 

എന്നാല്‍ 2021ന്റെ ആദ്യത്തോടെ കൊവിഡ് 19 നെതിരായ വാക്‌സിന്‍ എത്തിയേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ലോക്‌സഭയുടെ വര്‍ഷകാല സമ്മേളനത്തിന് ഇടയില്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്രം കൊവിഡിനെതിരായ ദൈവത്തിന്റെ ഇടപെടലിന് വേണ്ടി കാത്തിരിക്കുകയല്ലെന്നും പരിഹാരം കണ്ടെത്താനുള്ള കഠിന പ്രയത്‌നത്തിലാണെന്നുമാണ് കേന്ദ്രമന്ത്രി പറഞ്ഞത്.

എപിഡെമിക് ഡിസീസസ് അമെന്‍ഡ്‌മെന്റ് ബില്‍ പാസാക്കിയതിന് പിന്നാലെയാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ പരാമര്‍ശം. രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 55 ലക്ഷം പിന്നിട്ടിട്ടും കേന്ദ്രം ദൈവത്തിന്റെ ഇടപെടലിനായി കാക്കുകയാണെന്നായിരുന്നു പാര്‍ലമെന്റില്‍ ഉയര്‍ന്ന വിമര്‍ശനം. ജനുവരി 30നാണ് രാജ്യത്ത് ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 236 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 55 ലക്ഷം കടന്നു.

ലക്ഷക്കണക്കിന് മുന്‍നിര പോരാളികളുടെ സഹായത്താല്‍ കേന്ദ്രം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം നടത്തുകയാണ്. കൊവിഡ് പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാനും കേന്ദ്ര മന്ത്രി മറന്നില്ല. കൊവിഡ് പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേരായ അക്രമം ചെറുക്കുന്നതിനാണ് എപിഡെമിക് ഡിസീസസ് അമെന്‍ഡ്‌മെന്റ് ബില്‍ സഹായിക്കുക. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ നല്‍കാനും ബില്ലില്‍ നിര്‍ദ്ദേശമുണ്ട്. അമ്പതിനായിരം മുതല്‍ രണ്ട് ലക്ഷം രൂപവരെയാണ് ഇത്തരം കേസുകളില്‍ പിഴയീടാക്കുക.

അതേസമയം രാജ്യത്ത്കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 88,600 പേര്‍ക്ക് പുതിയതായി രോഗം ബാധിക്കുകയും 1,124 പേര്‍ മരിക്കുകയും ചെയ്തു. രാജ്യത്ത് ആകെ രോഗബാധിതര്‍ 59,92,533 ആയി ഉയര്‍ന്നു. 94,503 പേരാണ് ഇതുവരെ രോഗബാധിതരായി മരിച്ചത്.

മഹാരാഷ്ട്രയാണ് പ്രതിദിന രോഗബാധയില്‍ മുന്നില്‍. ഇന്നലെ 20,419 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം ബാധിച്ചത്. കര്‍ണാടകത്തില്‍ 8,811 പേര്‍ക്കും ആന്ധ്രാ പ്രദേശില്‍ 7293 പേര്‍ക്കും കേരളം 7006 പേര്‍ക്കും ഇന്നലെ രോഗം ബാധിച്ചു. കേരളം തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിദിനരോഗബാധിതരില്‍ രാജ്യത്ത് നാലാം സ്ഥാനത്താണ്. രാജ്യത്തെ രോഗബാധിതതരില്‍ 75 ശതമാനവും പത്തു സംസ്ഥാനങ്ങളിലാണ്.

Follow Us:
Download App:
  • android
  • ios